സ്വന്തം ലേഖകന്‍: തെരഞ്ഞെടുപ്പിന് പിന്നാലെ യൂറോപ്യന്‍ യൂണിയന്റെ പ്രധാന പദവികളില്‍ ആരൊക്കെ വരണമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. പ്രധാന പാര്‍ട്ടികള്‍ക്ക് ഭൂരിപക്ഷം നഷ്ടമായതോടെ നേതൃസ്ഥാനത്ത് ആര് വരുമെന്നതിനെ ചൊല്ലി തര്‍ക്കം തുടങ്ങിയിരിക്കുകയാണ് ജര്‍മ്മനിയും ഫ്രാന്‍സും.
ചൊവ്വാഴ്ച ബ്രസല്‍സില്‍ ചേര്‍ന്ന യോഗത്തിലാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം തുടങ്ങിയത്. നേതാവിനെ തെരഞ്ഞെടുക്കാനുള്ള കേവല ഭൂരിപക്ഷം ഒരു പാര്‍ട്ടിക്കും ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പ്രത്യേകം പ്രത്യേകം ചര്‍ച്ച നടത്തി..
751 അംഗ യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റില്‍ മുഖ്യകക്ഷികളായ മധ്യ വലതുപക്ഷമധ്യ ഇടതു പാര്‍ട്ടികള്‍ക്ക് സംയുക്ത ഭൂരിപക്ഷം നഷ്ടമായിരുന്നു. മധ്യ വലതുപക്ഷ സ്ഥാനാര്‍ഥി മാന്‍ഫ്രഡ് വെബ്ബര്‍ തലപ്പത്ത് എത്തണമെന്ന നിര്‍ദേശമാണ് ജര്‍മന്‍ ചാന്‍സലര്‍ ആംഗെല മെര്‍ക്കല്‍ മുന്നോട്ടു വെച്ചത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ഫ്രെഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ തയ്യാറായിട്ടില്ല.
ജൂണ്‍ 20ന് ആരംഭിക്കുന്ന സമ്മേളനത്തിന് മുന്‍പ് നേതാവിനെ തെരഞ്ഞെടുക്കണമെന്നാണ് മെര്‍ക്കലിന്റെ ആവശ്യം. ഊര്‍ജസ്വലരായ സ്ത്രീയോ പുരുഷനോ ആണ് യൂറോപ്യന്‍ യൂണിയന്റെ തലപ്പത്ത് വരേണ്ടതെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അഭിപ്രായപ്പെട്ടു.
ബ്രെക്‌സിറ്റിന്റെ മധ്യസ്ഥയായിരുന്ന മാര്‍ഗ്രെത്ത് വെസ്റ്റേജര്‍, മധ്യ വലതുപക്ഷ പാര്‍ട്ടിയുടെ ഫ്രാന്‍സിലെ നേതാവ് മിച്ചല്‍ ബാര്‍നിയര്‍, ഡച്ച് സോഷ്യല്‍ ഡെമോക്രാറ്റ് ഫ്രാന്‍സ് ടിമ്മെര്‍സണ്‍ എന്നിവരെയാണ് മാന്‍ഫ്രഡ് വെബ്ബറിനൊപ്പം യൂറോപ്യന്‍ യൂണിയന്റെ തലപ്പത്തേക്ക് പരിഗണിക്കുന്നത്. അതിനിടെ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും തമ്മില്‍ വിടുതല്‍ കരാറിലൂടെ ബ്രെക്‌സിറ്റ് നടപ്പാക്കുന്നതാണ് നല്ലതെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അഭിപ്രായപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല