സ്വന്തം ലേഖകന്‍: യൂറോപ്പിനെ അപേക്ഷിച്ചു നോക്കുമ്പോള്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് എത്രയോ ഭേദം, ഇന്ത്യയുടെ ജിഡിപി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ മോദി സര്‍ക്കാരിനെ പിന്തുണച്ച് യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ്. പല യൂറോപ്യന്‍ രാജ്യങ്ങളും കണക്കുകൂട്ടിയതിനേക്കാള്‍ മികച്ച വളര്‍ച്ചാ നിരക്കാണ് ഇന്ത്യ നേടിയിരിക്കുന്നതെന്നും അതിനാല്‍ ജിഡിപി കുറഞ്ഞതിനെ ഇന്ത്യക്കാരല്ലാതെ മറ്റാരും കുറ്റം പറയില്ലെന്നും യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഴാങ്–ക്ലോദ് ജങ്കര്‍ വ്യക്തമാക്കി.
മൂന്നു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 5.7 ശതമാനത്തില്‍ ജിഡിപി എത്തിയതിന്റെ പേരില്‍ മോദി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്ന സാഹചര്യത്തിലാണ് ജങ്കറുടെ പ്രസ്താവന. ഇന്ത്യ മോശമെന്നു പറഞ്ഞുവച്ചിരിക്കുന്ന ജിഡിപി നിരക്ക് യൂറോപ്പിനെ സംബന്ധിച്ച് മികച്ച വളര്‍ച്ചയാണ്. യൂറോപ്പുമായി തട്ടിച്ചു നോക്കുമ്പോള്‍ 5.7 ശതമാനമെന്നത് ഇന്ത്യ മികച്ച രീതിയില്‍ മുന്നേറുന്നുവെന്നാണ് കാണിച്ചു തരുന്നത്.
ഇന്ത്യക്കാര്‍ ‘ഇടിവ്’ എന്നു വിളിക്കുന്നതിനെയോര്‍ത്ത് തനിക്ക് യാതൊരു വേവലാതിയുമില്ലെന്നും ജങ്കര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യ യൂറോപ്യന്‍ ബിസിനസ് ഫോറത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ജിഎസ്ടി ഏര്‍പ്പെടുത്തിയതോടെ ഇനി ഇന്ത്യയുമായി വ്യാപാര ഇടപാടുകള്‍ കൂടുതല്‍ എളുപ്പമാകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. മേക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്‌കില്‍ ഇന്ത്യ തുടങ്ങിയ പദ്ധതികളില്‍ പങ്കാളികളാകാനുള്ള ആഗ്രഹവും യൂണിയന്‍ പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല