സ്വന്തം ലേഖകന്‍: തുര്‍ക്കി സര്‍ക്കാരിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍, ധനസഹായം വെട്ടിക്കുറക്കുന്നതായി യൂറോപ്യന്‍ യൂണിയന്‍. ഉര്‍ദുഗാന്‍ സര്‍ക്കാര്‍ തുടര്‍ച്ചയായി മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നതായുള്ള റിപ്പോര്‍ട്ടിനെ തുടര്‍ന്ന് രാജ്യത്തിനുള്ള ധനസഹായം വെട്ടിക്കുറക്കുമെന്ന് യൂറോപ്യന്‍ യൂനിയന്‍ (ഇ.യു)അറിയിച്ചു. ഇ.യു നല്‍കാനിരുന്ന ആയിരത്തിലധികം കോടി രൂപയുടെ ധനസഹായമാണ് ഇതോടെ തുര്‍ക്കിക്ക് നഷ്ടമാവുക.
ധനസഹായം പിന്‍വലിക്കുന്നതായി യൂറോപ്യന്‍ പാര്‍ലമെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജനാധിപത്യം, നിയമവാഴ്ച, മനുഷ്യാവകാശം എന്നീ വിഷയങ്ങളില്‍ തുര്‍ക്കിയിലെ സാഹചര്യങ്ങള്‍ ആശങ്കജനകമാണെന്ന് യൂറോപ്യന്‍ പാര്‍ലമെന്റ് വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2016 ലുണ്ടായ അട്ടിമറിശ്രമത്തിനു പിന്നാലെ തുര്‍ക്കിയില്‍ വിമത കേന്ദ്രങ്ങള്‍ക്കുനേരെ ഉര്‍ദുഗാന്‍ ഭരണകൂട നടപടി ശക്തമാക്കിയിരുന്നു.
ഇതിന്റെ ഭാഗമായി പതിനായിരങ്ങളാണ് അറസ്റ്റിലായത്. നടപടി പാശ്ചാത്യരാഷ്ട്രങ്ങളുടെയും അന്താരാഷ്ട്ര ഏജന്‍സികളുടെയും കനത്ത വിമര്‍ശനത്തിന് ഇടയാക്കി. ഈ വര്‍ഷം ഏപ്രിലില്‍ പ്രസിഡന്റിന്റെ അധികാരം ഊട്ടിയുറപ്പിച്ച് തുര്‍ക്കി നടത്തിയ ഭരണഘടന ഭേദഗതിയും ഇ.യു അംഗരാജ്യങ്ങളും തുര്‍ക്കിയും തമ്മിലെ ബന്ധം വഷളാക്കിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല