സ്വന്തം ലേഖകന്‍: യൂറോ കപ്പില്‍ നാണംകെട്ടു, ഇംഗ്ലണ്ടിന്റെ ഫുട്‌ബോള്‍ കോച്ച് രാജിവച്ചു. യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഐസ്ലന്‍ഡിനോട് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോറ്റതിനു പിന്നാലെയാണ് ഇംഗ്ലണ്ട് കോച്ച് റോയ് ഹോഡ്ജ്‌സണ്‍ രാജി പ്രഖ്യാപിച്ചത്. യൂറോ കപ്പിന് ശേഷം കരാര്‍ അവസാനിക്കാനിരുന്ന കോച്ച് പുതിയ കരാറിന് കാത്തുനില്‍ക്കാതെയാണ് വിട വാങ്ങുന്നത്.
രണ്ടു വര്‍ഷംകൂടി തുടരണമെന്നുണ്ടെങ്കിലും ജയമില്ലാതെ തുടരേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. 68 കാരനായ ഹോഡ്ജ്‌സണ്‍ 2012 ല്‍ ഫാബിയോ കാപ്പെല്ലോയില്‍നിന്നാണ് ഇംഗ്ലീഷ് ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തത്. അതേ വര്‍ഷം ഇംഗ്ലണ്ടിനെ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ എത്തിച്ചെങ്കിലും ഇറ്റലിയോട് തോറ്റ് ടീം പുറത്തായി.
2014 ലെ ലോകകപ്പിലാകട്ടെ രണ്ടാം റൗണ്ട് കാണാതെ ഇംഗ്ലണ്ട് പുറത്താകുകയും ചെയ്തു. 1958 ന് ശേഷം ലോകകപ്പില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും മോശം പ്രകടനമായിരുന്നു അത്. യൂറോ യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്ത് മത്സരങ്ങളും ജയിച്ചതോടെ ഹോഡ്ജ്‌സണിന്റെ കഷ്ടകാലം അവസാനിച്ചെന്ന് മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരുന്നു.
യൂറോക്കു ശേഷവും അദ്ദേഹം തുടരുമെന്നും ആരാധകര്‍ കരുതി. ഐസ്‌ലന്‍ഡിനോട് അപ്രതീക്ഷിത തോല്‍വി ഏറ്റുവാങ്ങിയത് കോച്ചിനേയും ആരാധകരേയും ഒരുപോലെ മനംമാറ്റത്തിന് പ്രേരിപ്പിച്ചു. തികച്ചും നിരാശനാണെന്നും വിചാരിച്ചപോലെ ടീമിന് ഉയരാനായില്ലെന്ന് രാജി പ്രഖ്യാപിച്ച് ഹോഡ്ജ്‌സണ്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല