സ്വന്തം ലേഖകൻ: ഫൈനൽ മത്സരത്തിൻ്റെ ആവേശം അണുവിട പോലും കുറയാതിരുന്ന മത്സരത്തിൽ ചരിത്ര നേട്ടം സ്വന്തമാക്കാൻ മോഹിച്ച് സ്വന്തം തട്ടകമായ വെംബ്ലി സ്റ്റേഡിയത്തിൽ ഇറങ്ങിയ ഇംഗ്ലണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിലെ പ്രകടനത്തിൽ കീഴടക്കി ഇറ്റലി യൂറോ കപ്പ് കിരീടം സ്വന്തമാക്കി. 1968ന് ശേഷം ഇറ്റലിയുടെ ആദ്യ യൂറോ കിരീടം കൂടിയായി ഇത്. മറുവശത്ത് 55 വർഷത്തിന് ശേഷം ഒരു കിരീടം നേടാനുള്ള മോഹവുമായി ഇറങ്ങിയ ഇംഗ്ലണ്ടിന് നിരാശ നൽകുന്നതായി ഫൈനലിലെ തോൽവി.
ഫൈനൽ മത്സരത്തിൽ നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനില പാലിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തിലാണ് ഇറ്റലി വിജയം നേടിയത്. പെനാൽറ്റി ഷൂട്ടൗട്ടിൽ 3-2 എന്ന സ്കോറിനായിരുന്നു ഇറ്റലിയുടെ വിജയം.
നേരത്തെ മത്സരത്തിന്റെ നിശ്ചിത സമയത്ത് ഇംഗ്ലണ്ടിനായി ലൂക്ക് ഷായും ഇറ്റലിക്കായി ലിയോണാർഡോ ബൊന്നുച്ചിയുമാണ് ഗോളുകൾ നേടിയത്. ഇറ്റലിക്കായി ഗോൾ നേടിയ ബൊന്നുച്ചി യൂറോ ഫൈനലിൽ ഗോൾ നേടുന്ന പ്രായം കൂടിയ താരം എന്ന റെക്കോർഡ് കൂടി സ്വന്തമാക്കി.
ഷൂട്ടൗട്ടിൽ ഇറ്റലി ആയിരുന്നു ആദ്യ കിക്ക് എടുത്തത്. ഇറ്റലിക്കായി ബെറാർഡി, ബോന്നുച്ചി, ബെർണാഡെസ്കി എന്നിവർ ലക്ഷ്യം കണ്ടപ്പോൾ ബെലോട്ടി, ജോർഗീഞ്ഞോ എന്നിവരുടെ കിക്കുകൾ ഇംഗ്ലണ്ട് ഗോളി പിക്ഫോർഡ് തടുത്തിട്ടു.
ഇംഗ്ലണ്ടിനായി ഹാരി കെയ്ൻ, മഗ്വയർ എന്നിവർ ലക്ഷ്യം കണ്ടപ്പോൾ റാഷ്ഫോർഡ്, ജെയ്ഡൻ സാഞ്ചോ, ബുക്കായോ സാക്ക എന്നിവർക്ക് ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഇതിൽ റാഷ്ഫോർഡിൻ്റെ ഷോട്ട് പോസ്റ്റിലിടിച്ച് മടങ്ങുകയും ബാക്കി രണ്ട് പേരുടെ ഷോട്ട് ഇറ്റലി ഗോളി ഡോണരുമ്മ തടുത്തിടുകയും ചെയ്തു.
ഫൈനൽ മത്സരത്തിനായി ഇറങ്ങിയ ഇറ്റലി കഴിഞ്ഞ മത്സരത്തിൽ കളിച്ച അതേ ടീമിനെ നിലനിർത്തിയപ്പോൾ ഇംഗ്ലണ്ട് ഒരു മാറ്റം വരുത്തിയാണ് ഇറങ്ങിയത്. ബുക്കായോ സാക്കയ്ക്ക് പകരം കീറൺ ട്രിപ്പിയർ ടീമിലിടം നേടി. വർണ ശബളമായ സമാപന ചടങ്ങുകൾക്ക് ശേഷമാണ് മത്സരം ആരംഭിച്ചത്.
തുടക്കത്തിൽ തന്നെ തങ്ങളുടെ വേഗമേറിയ മുന്നേറ്റങ്ങൾ കൊണ്ട് ഇംഗ്ലണ്ട് ഇറ്റലിയെ പ്രതിരോധത്തിലാക്കി. അത്തരത്തിൽ വേഗമേറിയ ഒരു കൗണ്ടർ അറ്റാക്ക് അവസരത്തിലൂടെ അവർ കളിയുടെ രണ്ടാം മിനിറ്റിൽ തന്നെ ഇറ്റലിയ്ക്കെതിരേ ലീഡെടുത്തു. ലൂക്ക് ഷായാണ് ഇംഗ്ലണ്ടിൻ്റെ ഗോൾ നേടിയത്.
ലൂക്ക് ഷാ തന്നെ തുടക്കമിട്ട മുന്നേറ്റത്തിൽ നിന്ന് തന്നെയാണ് ഗോൾ വന്നത്. ഇറ്റലിയ്ക്ക് ലഭിച്ച കോർണർ കിക്ക് രക്ഷപ്പെടുത്തിയ ശേഷം പന്ത് ലഭിച്ച ഷാ അതിനെ മൈതാന മധ്യത്തിൽ നിൽക്കുന്ന ഹാരി കെയ്ന് കൈമാറി. പന്തുമായി മുന്നേറിയ കെയ്ൻ അത് വലത് വിങ്ങിലൂടെ കുതിച്ചു വന്ന ട്രിപ്പിയർക്ക് നീട്ടി നൽകി. പന്തുമായി ബോക്സിലേക്ക് മുന്നേറിയ ട്രിപ്പിയർ ബോക്സിന് അരികിൽ നിന്നും ഉള്ളിലേക്ക് നൽകിയ ക്രോസിൽ പന്ത് ലഭിച്ച ലൂക്ക് ഷോ ഒരു തകർപ്പൻ ഹാഫ് വോളിയിലൂടെ അതിനെ ഗോളിലേക്ക് പായിച്ചു. താരത്തിൻ്റെ തകർപ്പൻ ഷോട്ട് പോസ്റ്റിൽ ചെറുതായി ഉരുക്കിയ ശേഷം വലയിലേക്ക് കയറി. ഇറ്റലി ഗോൾകീപ്പർ ഡോണരുമ്മയ്ക്ക് അത് നോക്കി നിൽക്കാനേ സാധിച്ചുള്ളൂ.
യൂറോ ഫൈനൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ഗോൾ നേടിയ താരം എന്ന റെക്കോഡ് ലൂക്ക് ഷാ ഇതിലൂടെ സ്വന്തമാക്കി. താരം ഇംഗ്ലണ്ടിനായി നേടുന്ന ആദ്യ അന്താരാഷ്ട്ര ഗോൾ കൂടിയായിരുന്നു ഇത്. തുടക്കത്തിൽ ഗോൾ വഴങ്ങിയ ഇറ്റലി ഇംഗ്ലണ്ടിൻ്റെ വേഗമേറിയ കളിക്ക് മുന്നിൽ പതറി. പക്ഷേ പിന്നീട് അവർ കളിയിലേക്ക് പതിയെ തിരിച്ചുവന്നു. പിന്നീട് അവർ ചില മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ഇംഗ്ലണ്ട് പ്രതിരോധം ഉറച്ച് നിന്നതോടെ ഗോൾ ഒന്നും പിറന്നില്ല.
35ാം മിനിറ്റിൽ ഇറ്റലിയുടെ ഫെഡറിക്കോ കിയേസയുടെ നിലംപറ്റെയുള്ള തകർപ്പൻ ലോങ്റേഞ്ചർ ഇംഗ്ലീഷ് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. പിന്നാലെ ഇംഗ്ലണ്ടിന്റെ താരമായ ലൂക്ക് ഷാ ബോക്സിലേക്ക് മികച്ച ഒരു പാസ് നൽകിയെങ്കിലും അതിലേക്ക് കാൽ വക്കാൻ ആരും ഉണ്ടായിരുന്നില്ല. ആദ്യ പകുതിക്ക് പിരിയുന്നതിൻ്റെ ഇഞ്ചുറി ടൈമിൽ ഇറ്റലി അപകടം വിതയ്ക്കാൻ ശ്രമിച്ചെങ്കിലും ഡി ലോറൻസോയുടെ ക്രോസിൽ നിന്നും ഇമ്മോബിലെ എടുത്ത ഷോട്ട് വളരെ മികച്ച രീതിയിൽ തന്നെ ഇംഗ്ലണ്ട് പ്രതിരോധ താരമായ സ്റ്റോൺസ് ബ്ലോക്ക് ചെയ്തു.
രണ്ടാം പകുതി തുടങ്ങി കുറച്ച് കഴിഞ്ഞപ്പോൾ ഇറ്റാലിയൻ പരിശീലകൻ മാറ്റങ്ങൾ നടത്തി. ഇമ്മോബിലെ, ബരെല്ല എന്നിവർക്ക് പകരം ക്രിസ്റ്റാൻ്റെ, ബറാർഡി എന്നിവരെ കൊണ്ടുവന്നു. 62ാം മിനിറ്റിൽ കിയേസയുടെ ഗോൾ എന്നുറച്ച ഷോട്ട് താട്ടിയകറ്റി പിക്ഫോർഡും 64ാം മിനിറ്റിൽ ഇംഗ്ലണ്ടിന് ലഭിച്ച സ്റ്റോൺസിൻ്റെ ഹെഡ്ഡർ ഇറ്റാലിയൻ ഗോളി ഡൊണ്ണരുമയെ തട്ടി പുറത്തേക്ക് ഇട്ടു.
പിന്നാലെ 67ാം മിനിറ്റിൽ ബോന്നുച്ചി ഇറ്റലിയെ കളിയിൽ ഒപ്പമെത്തിച്ചു. ഇൻസിനെ എടുത്ത ക്രോസിലേക്ക് വെരാറ്റി ഹെഡ് ചെയ്തു. പന്ത് തട്ടിയിട്ട ഇംഗ്ലണ്ട് ഗോളി പിക്ഫോർഡിന് പക്ഷേ അപകടം ഒഴിവാക്കാൻ കഴിഞ്ഞില്ല. പന്തിലേക്ക് ഒടിയടുത്ത ബൊന്നുച്ചി പന്തിനെ വലയിലേക്ക് തട്ടിയിട്ടു.
74ാം മിനിറ്റിൽ ഒരു തുറന്ന അവസരം ഇറ്റലിയുടെ ബെറാർഡിയ്ക്ക് ലഭിച്ചെങ്കിലും താരത്തിന്റെ കിക്ക് ക്രോസ്ബാറിന് മുകളിലൂടെ പറന്നു. 83ാം മിനിറ്റിൽ പകരക്കാരനായെതതിയ ഇംഗ്ലണ്ടിനെ ബുക്കായോ സാക്കയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന് അത് മുതലാക്കാനായില്ല. വൈകാതെ നിശ്ചിത സമയം അവസാനിച്ചു. മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു.
എക്സ്ട്രാ ടൈമിൽ ഗ്രീലിഷിനെ ഇംഗ്ലണ്ട് പരിശീലകൻ പിക്ക്‌ഫോർഡ് കളത്തിലിറക്കി. ഇരു ടീമുകളും ഓരോ അവസരം വീതം സൃഷ്ടിച്ചെടുത്തെങ്കിലും ഗോൾ ആയില്ല. എക്സ്ട്രാ ടൈമിൻ്റെ രണ്ടാം പകുതിയിൽ 107ാം മിനിറ്റിൽ ഇറ്റലിക്ക് ഒരു ഫ്രീകിക്ക് കിട്ടി. ഗോളിലേക്ക് നേരെ കിക്കെടുത്ത ബെർണാഡെസ്കിയുടെ ഷോട്ട് പക്ഷേ ഇംഗ്ലണ്ട് ഗോളിക്ക് നേരെയാണ് ചെന്നത്. ആദ്യ ശ്രമത്തിൽ പന്ത് തട്ടിയകറ്റിയ ഇംഗ്ലണ്ട് ഗോളി രണ്ടാം ശ്രമത്തിൽ പന്ത് കൈക്കലാക്കി. പിന്നീട് കളിയിൽ അവസാന വട്ട മാറ്റങ്ങൾ ഇരു ടീമുകളും വരുത്തി വിജയഗോൾ നേടാൻ ശ്രമിച്ചെങ്കിലും കളി ഷൂട്ടൗട്ടിലേക്ക് നീളുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല