ഇംഗ്ലണ്ടിനെ തോല്പ്പിച്ച് ഇറ്റലി യൂറോ കപ്പിന്റെ സെമിയില്. നിശ്ചിത സമയത്തും, അധികസമയത്തും ഗോള് പിറക്കാത്തതിനെ തുടര്ന്ന് ഷൂട്ടൗട്ടിലാണ് വിജയികളെ നിശ്ചയിച്ചത്. 4-2 നാണ് ഇറ്റലിയുടെ ജയം. സെമിയില് ജര്മ്മനിയാണ് ഇറ്റലിയുടെ എതിരാളികള്. 28നാണ് സെമിഫൈനല്. ഇറ്റലിക്കുവേണ്ടി ബലോട്ടെല്ലി, പിര്ലോ, നൊസേറിനോ, ഡിയാമെന്റി എന്നിവരുടെ കിക്കുകള് വലയില് കടന്നപ്പോള്, മോണ്ടോലിവോയുടെ ഷോട്ട് പുറത്തേയ്ക്ക് പോയി. ഇംഗ്ലണ്ടിനുവേണ്ടി ജെറാര്ഡ്, റൂണി എന്നിവര് ലക്ഷ്യം കണ്ടു. ആഷ്ലി യങ്ങിന്റെ കിക്ക് ക്രോസ് ബാറില് തട്ടിത്തെറിച്ചപ്പോള് ആഷ്ലി കോളിന്റെ കിക്ക് ഗോളി ബഫണ് തടുത്തിട്ടു.
ഇരുകൂട്ടര്ക്കും ഗോളടിക്കാന് നിരവധി അവസരങ്ങള് ലഭിച്ചെങ്കിലും അവ ലക്ഷ്യത്തിലെത്തിക്കാന് ഇരു ടീമിനും കഴിഞ്ഞില്ല. കൂട്ടത്തില് ഇറ്റലിയാക്കായിരിന്നു അവസരങ്ങള് കൂടുതല് ലഭിച്ചത്. കളി തുടങ്ങി രണ്ടാം മിനിറ്റില് തന്നെ ഇറ്റലി ഗോള് നേടേണ്ടതായിരുന്നു. വലതുവിങ്ങില്നിന്ന് കിട്ടിയ പാസില് 30 വാര അകലെനിന്ന് ഡാനിയേലെ ഡി റോസിയെടുത്ത നെടുങ്കന് ഷോട്ട് ഇംഗ്ലണ്ട് ഗോളിയെ മറിക്കടന്നെങ്കിലും പോസ്റ്റ് വിലങ്ങായി.
രണ്ട് മിനിറ്റുകള്ക്ക് ശേഷം ഇംഗ്ലണ്ട് ഇറ്റലിയുടെ ഗോള്മുഖത്തെയും വിറപ്പിച്ചു. ജയിംസ് മില്നര് വലതുവിങ്ങില്നിന്ന് കൊടുത്ത ക്രോസ് ഗ്ലെന് ജോണ്സണിന് അനായാസം വലയിലെത്തിക്കാനാവുമായിരുന്നു. ജോണ്സണ് പോസ്റ്റിലേക്ക് ഷോട്ടെടുത്തെങ്കിലും പരിചയസമ്പന്നനായ ഇറ്റാലിയന് ഗോളി ജിയാന് ലൂജി ബഫണ് പന്ത് വിദഗ്ധമായി കുത്തിയകറ്റി.
പതിനാലാം മിനിറ്റില് ഇറ്റാലിയന് പ്രതിരോധത്തെ കബളിപ്പിച്ച ഇംഗ്ലണ്ട് വീണ്ടും ഇറ്റാലിയന് ഗോള്മുഖത്തെത്തി. ഗ്ലെന് ജോണ്സണിന്റെ ക്രോസില് വെയ്ന് റൂണി തലവെച്ചെങ്കിലും പന്ത് ഉയര്ന്നുപോയി. 24-ാം മിനിറ്റിലും 31-ാം മിനിറ്റിലും ഗോളടിക്കാന് ലഭിച്ച സുവര്ണ്ണാസരങ്ങള് ഇറ്റലിക്ക് ലഭിച്ചെങ്കിലും ആ അവസരം മുതലാക്കാന് അസൂറിപടയ്ക്ക് സാധിച്ചില്ല. മരിയോ ബലോട്ടൊലിയായിരുന്നു രണ്ട് സുവര്ണാവസരങ്ങളും തുലച്ചത്.
ഇരുടീമുകളും ഒന്നിടവിട്ട് ഇരുഗോള്മുഖങ്ങളിലും ആക്രമണം അഴിച്ചുവിട്ടെങ്കിലും പൊതുവെ വിരസമായിരുന്നു ആദ്യപകുതി. ഇരൂ കൂട്ടരുടേയും പ്രതിരോധ പിഴവുകള് തുറന്നുകാട്ടിയ പകുതി. എന്നാല് രണ്ടാം പകുതിയില് ഇറ്റലിയായിരുന്നു പ്രകടന മികവില് മുന്നില്. കടുത്ത പ്രതിരോധം ഒരുക്കുന്നതിലും എതിരാളികളില് നിന്ന് പന്ത് പിടിച്ചെടുക്കുന്നതിലും ഇംഗ്ലണ്ട് മുന്നിട്ട് നിന്നു.
52ാം മിനിറ്റില് തുടരെ മൂന്നവസരങ്ങളാണ് ഇറ്റലിക്ക് നഷ്ടമായത്. ഡി റോസിയുടെ ലോങ് റേഞ്ചര് ഇംഗ്ലണ്ട് ഗോളി ഹാര്ട്ട് തട്ടിത്തെറിപ്പിച്ചെങ്കിലും പന്തെത്തിയത് ബലോട്ടെല്ലിയുടെ കാലില്. ബലോട്ടെലി പോസ്റ്റ് ലക്ഷ്യം വെച്ചെങ്കിലും ഹാര്ട്ടിന്റെ ദേഹത്തുതട്ടിത്തെറിച്ചു. ഓടിയെത്തിയ മോണ്ടോലിവോയെടുത്ത ഷോട്ടാകട്ടെ, ക്രോസ്ബാറിന് മുകളിലൂടെ കടന്നുപോയി. 89ാം മിനിറ്റില് പകരക്കാരനായി ഇറങ്ങിയ നൊസേറിനോയുടെ ഷോട്ട് ഇംഗ്ലണ്ട് ഡിഫന്ഡര് ആഷ്ലി കോളിന്റെ കാലില്ത്തട്ടി പുറത്തുപോയി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല