വാനോളം പ്രതീക്ഷകളുമായി എത്തിയ ഇറ്റലിയെ നിഷ്പ്രഭമാക്കി സ്പെയിന് യൂറോകപ്പ് നിലനിര്‍ത്തി. ഫൈനലില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഇറ്റലിയെ തകര്‍ത്താണ് സ്പെയിന് തുടര്‍ച്ചയായ രണ്ടാം വട്ടവും യൂറോചാമ്പ്യന്‍മാരായത്. ജേതാക്കള്‍ക്കായി ഡേവിഡ് സില്‍വ, ജോര്‍ഡി ആല്‍ബ, ഫെര്‍ണാണ്ടോ ടോറസ്, യുവാന്‍ മാട്ട എന്നിവരാണ് ഗോളുകള്‍ നേടിയത്. ഇതിലും ആധികാരികമായി ഒരു ടീമിന് ഫൈനലില്‍ ജയിക്കാനാകില്ല. തുടര്‍ച്ചയായി രണ്ട് യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പെന്ന ചരിത്രം സ്പെയിനിനു മാത്രം സ്വന്തം.
സാവിയും ഇനിയസ്റ്റയും ചേര്‍ന്ന മാന്ത്രിക മിഡ്ഫീല്‍ഡര്‍മാരുടെ കൂട്ടുകെട്ടിലൂടെയാണ് സ്പെയിന് അസൂറികളെ പരാജയപ്പെടുത്തിയത്. ഇറ്റലിയുടെ പേരുകേട്ട പ്രതിരോധത്തെ കീറിമുറിച്ചുകൊണ്ട് ഇനിയസ്റ്റ ഒരുക്കിയ മാന്ത്രിക സ്പര്‍ശമുള്ള പാസ്സില്‍ നിന്നും 14ാം മിനിട്ടില്‍ ഡേവിഡ് സില്‍വയാണ് സ്പെയിനിനെ മുന്‍പിലെത്തിച്ചത്.
പ്രതിഭയ്ക്കൊത്തുയര്ന്നില്ല എന്ന വിമര്‍ശനം കേട്ട സാവി യഥാര്‍ത്ഥ ഫോമിലേക്കുയര്‍ന്നപ്പോള്‍ സ്പെയിന് രണ്ടാം ഗോളും നേടി. മധ്യനിരയില്‍ നിന്നും സാവി നല്കിയ പാസ് വലയിലെത്തിച്ചത് ആല്‍ബയായിരുന്നു. സ്പാനിഷ് ആക്രമങ്ങള്‍ക്കു മുന്പില് വിരണ്ടുനിന്ന ഇറ്റലിക്കു മേല്‍ ഫെര്‍ണാണ്ടൊ ടോറസ് നിറയൊഴിച്ചു. പകരക്കാരനായി ഇറങ്ങിയ യുവാന്‍ ഇറ്റലിക്ക് അവസാന പ്രഹരം നല്കി.
വിജയത്തോടെ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം എന്ന ബഹുമതിയിലേക്കു കൂടിയാണ് സ്പാനിഷ് പട നടന്നടുക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല