ലണ്ടന്‍ : 148 മില്യണ്‍ പൗണ്ടിന്റെ ജാക്‌പോട്ട് വിജയം അവരെ ഉന്മത്തരാക്കിയില്ല. സമ്മാനം ലഭിച്ചത് ആഘോഷിക്കാനായി അവര്‍ തിരഞ്ഞെടുത്തത് ഡിന്നറിന് ഒരു ഡോമിനോ പിസ്സ ഓര്‍ഡര്‍ ചെയ്തുകൊണ്ട്. ഇന്നലെയാണ് യുകെയിലെ രണ്ടാമത്തെ വലിയ യൂറോമില്യണ്‍ ജാക്‌പോട്ടിന്റെ സമ്മാനത്തിന് അര്‍ഹരായ ദമ്പതികള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ഹാവര്‍ഹില്ലിലെ ഒരു ബിസിനസ്സുകാരനായ അഡ്രിയാന്‍ ബേഫോര്‍ഡും ഭാര്യ ഗില്ലിയാന്‍ ബേഫോര്‍ഡിനുമാണ് സ്വപ്‌നതുല്യമായ തുക സമ്മാനമായി ലഭിച്ചിരിക്കുന്നത്.
ചായയ്‌ക്കൊപ്പം പിസ്സ കഴിക്കണമെന്ന മകളുടെ ആഗ്രഹത്തെ തുടര്‍ന്നാണ് ഇരുവരും ടേക്ക് എവേയില്‍ നിന്ന് ഒരു പിസ്സയ്ക്ക് ഓര്‍ഡര്‍ ചെയ്തത്. സമ്മാനം ലഭിച്ചത് അറിഞ്ഞ ആറു വയസ്സുകാരിയായ മകള്‍ ആമിയുടെ ചോദ്യം ചായയ്‌ക്കൊപ്പം പിസ്സ കൂടി കഴിക്കാനുളള പണമുണ്ടാകുമോ എന്നായിരുന്നു. സമ്മാനം ലഭിച്ചത് എങ്ങനെ ആഘോഷിക്കുമെന്ന ചോദ്യത്തിന് സ്‌കൈ ഡൈവിംഗ് നടത്തി ആഘോഷിക്കുമെന്നായിരുന്നു നഴ്‌സായ ഗില്ലിയാന്റെ മറുപടി. ശരിയായ സമയത്താണ് സമ്മാനം ലഭിച്ചിരിക്കുന്നതെന്നും ബുദ്ധിമുട്ടിലായ കുടുംബാംഗങ്ങളേയും സുഹൃത്തുക്കളേയും പണം നല്‍കി സഹായിക്കാന്‍ പദ്ധതിയുണ്ടെന്നും ഗില്ലിയാന്‍ വ്യക്തമാക്കി. ഒപ്പം ചാരിറ്റിക്കായും നല്ലൊരു വിഹിതം നീക്കിവെയ്ക്കും.
സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കാലത്ത് ഒരു പാട് സുഹൃത്തുക്കള്‍ തങ്ങളെ സഹായിച്ചിട്ടുണ്ടെന്നും അവരെ തിരിച്ച് സഹായിക്കാനും കടങ്ങള്‍ വീട്ടാനുമായി പണം ഉപയോഗിക്കുമെന്നും ദമ്പതികള്‍ വ്യക്തമാക്കി. നിലവില്‍ രണ്ട് ലക്ഷം പൗണ്ടിന്റെ നാല് ബെഡ്‌റൂം വീട്ടിലാണ് ദമ്പതികള്‍ താമസിക്കുന്നത്. സമ്മാനമായി ലഭിച്ച പണം കൊണ്ട് തങ്ങളുടെ സ്വപ്‌നഗൃഹം സ്വന്തമാക്കുമെന്നും ഗില്ലിയാന് ഏറെ ഇഷ്ടപ്പെട്ട ഓഡി ക്യൂ7 വാങ്ങുവാന്‍ പദ്ധതിയുണ്ടെന്നും ദമ്പതികള്‍ പറഞ്ഞു.
വിജയം ആഘോഷിക്കാനായി താന്‍ ട്രയിനില്‍ കനേഡിയന്‍ മലനിരകള്‍ കാണാനായി പോകുമെന്ന് സെക്കന്‍ഡ്ഹാന്‍ഡ് റിക്കോര്‍ഡുകള്‍ വില്‍ക്കുന്ന കട നടത്തുന്ന അഡ്രിയാന്‍ വ്യക്തമാക്കി. കുട്ടികളെ കൊണ്ട് ഡിസ്‌നിവേള്‍ഡ് കാണാന്‍ പോകാനും താല്‍പ്പര്യമുണ്ട്. രാത്രിയില്‍ കപ്പലില്‍ കഴിയണമെന്ന് ആഗ്രഹമുണ്ടെങ്കിലും ഗില്ലിയാന് നെറ്റ്് ഷിഫ്റ്റിലെ ജോലി ആയതിനാല്‍ ഉടനെ സാധിക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്. കേംബ്രിഡ്ജിലെ ആഡന്‍ബ്രൂക്‌സ് ഹോസ്പിറ്റലിലെ കുട്ടികളുടെ വാര്‍ഡിലെ നഴ്‌സാണ് ഗില്ലിയാന്‍. ദമ്പതികള്‍ക്ക് രണ്ട് മക്കളാണ്- ആറ് വയസ്സുകാരി ആമിയും നാല് വയസ്സുകാരന്‍ കാമറൂണും. മൂന്ന് വര്‍ഷമായി നഴ്‌സായി ജോലി ചെയ്യുന്ന ഗില്ലിയാന്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി അടുത്തുതന്നെ ജോലി ഉപേക്ഷിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല