സ്വന്തം ലേഖകൻ: ആഫ്രിക്കയിൽ എംപോക്സ്( മുമ്പത്തെ മങ്കിപോക്സ്) തീവ്രമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കോവിഡ് പോലെ മങ്കിപോക്സും ആഗോളതലത്തിൽ തീവ്രവ്യാപനത്തിനും മരണത്തിനും കാരണമാകുമോ എന്ന സംശയമുള്ളവരുണ്ട്. എന്നാൽ കോവിഡ് പോലെയല്ല എംപോക്സ് എന്ന വ്യക്തമാക്കുകയാണ് ലോകാരോഗ്യസംഘടനയുടെ യൂറോപ്പ് റീജിയണൽ ഡയറക്ടറായ ഹാൻസ് ക്ലൂഗ്.
എംപോക്സിന്റെ പഴയതോ, പുതിയതോ ആയ വകഭേദമാവട്ടെ, അവ കോവിഡുമായി താരതമ്യപ്പെടുത്താവുന്നതല്ല. കാരണം എംപോക്സിന്റെ വ്യാപനം നിയന്ത്രണവിധേയമാണ്. എംപോക്സ് വ്യാപനം തടയാനുള്ള നടപടികളേക്കുറിച്ച് അധികൃതർക്ക് അറിവുണ്ട്. നമുക്ക് തീർച്ചയായും എംപോക്സിനെ ഒറ്റക്കെട്ടായി മറികടക്കണം- ഹാൻസ് പറഞ്ഞു.
എംപോക്സിന്റെ clade Ib വകഭേദത്തെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നതെന്നും താരതമ്യേന ഗുരുതരമല്ലാത്ത clade IIb വകഭേദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ വിവിധ ഭാഗങ്ങളിൽ ഓരോമാസവും clade IIb വകഭേദത്തിന്റെ നൂറോളം വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
2022 മുതൽ ലോകത്തിന്റെ പലഭാഗങ്ങളിലും എംപോക്സ് വ്യാപനമുണ്ടെങ്കിലും കഴിഞ്ഞ കുറച്ചുനാളുകളായി തീവ്രവ്യാപനമുണ്ട്. വെസ്റ്റ്, സെൻട്രൽ, ഈസ്റ്റ് ആഫ്രിക്കൻ രാജ്യങ്ങളിലാണ് രോഗവ്യാപനമുള്ളത്. അമേരിക്കയിലും യൂറോപ്പിലും രോഗികളുടെ നിരക്കിൽ വർധനയുണ്ട്.ആഫ്രിക്കയിലെ വൈറസ് വ്യാപനത്തിനുശേഷം സ്വീഡനിലാണ് ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ 2022-മുതല്‍ മെയ് 2023 വരെ 30 എംപോക്സ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പിന്നാലെ പാകിസ്താനിലും ഒരാളിൽ രോഗം സ്ഥിരീകരിച്ചു.
നിലവിലെ വ്യാപനത്തിന് കാരണമായിട്ടുള്ള പുതിയ വകഭേദം ദ്രുതഗതിയിലാണ് പടരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. clade Ib എന്ന വകഭേദമാണ് ആഫ്രിക്കയുള്‍പ്പെടെയുള്ള സ്ഥലങ്ങളിലെ രോഗവ്യാപനത്തിനുപിന്നില്‍. 2022-ലെ രോഗവ്യാപനത്തിന് കാരണമായിരുന്നത് clade IIb വകഭേദമാണ്. അന്ന് 116 രാജ്യങ്ങളില്‍ നിന്നായി 100,000 പേരെയാണ് രോഗം ബാധിച്ചത്. മരണപ്പെട്ടത് 200 പേരും. ഇന്ത്യയില്‍ ഇരുപത്തിയേഴുപേര്‍ രോഗബാധിതരാവുകയും ഒരാള്‍ മരിക്കുകയും ചെയ്തിരുന്നു. മുമ്പത്തെ വകഭേദത്തെ അപേക്ഷിച്ച് തീവ്രവ്യാപനശേഷിയാണ് clade Ib-ക്ക് ഉള്ളതെന്ന് വിദഗ്ധര്‍ പറയുന്നു.
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി പകരുന്ന ഒരു രോഗമാണ് എംപോക്സ്. തീവ്രത കുറവാണെങ്കിലും 1980ൽ ലോകമെമ്പാടും ഉന്മൂലനം ചെയ്യപ്പെട്ടതായി പ്രഖ്യാപിക്കപ്പെട്ട ഓർത്തോപോക്സ് വൈറസ് അണുബാധയായ വസൂരിയുടെ ലക്ഷണങ്ങളുമായി എംപോക്സിന്റെ ലക്ഷണങ്ങൾക്ക് സാദൃശ്യമുണ്ട്. പ്രധാനമായും മധ്യ, പടിഞ്ഞാറൻ ആഫ്രിക്കയിലാണ് ഈ രോഗം കാണപ്പെടുന്നത്. 1958ലാണ് ആദ്യമായി കുരങ്ങുകളിൽ രോഗം സ്ഥിരീകരിച്ചത്. 1970ൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ 9 വയസുള്ള ആൺകുട്ടിയിലാണ് മനുഷ്യരിൽ എംപോക്സ് ആദ്യമായി കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല