സ്വന്തം ലേഖകൻ: ബോറിസ് കൊടുങ്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നടുങ്ങി മധ്യ, കിഴക്കൻ യൂറോപ്പ്. ഓസ്ട്രിയ, പോളണ്ട്, ചെക്ക് റിപ്പബ്ലിക്, ഹംഗറി, സ്ലോവാക്ക്യ, റൊമാനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ബോറിസ് കൊടുങ്കാറ്റ് കനത്ത നാശം വിതച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വെള്ളപ്പൊക്കത്തിൽ ആറ് പേർ മരിച്ചതായാണ് റിപ്പോർട്ട്.
പോളണ്ടിലും ഓസ്ട്രിയയിലും ചെക്ക് റിപ്പബ്ലിക്കിലുമായി 10,000-ത്തിലധികം ആളുകളെ ഒഴിപ്പിച്ചു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെ തുടർന്നുണ്ടായിരിക്കുന്നത്.
ചെക്ക് റിപ്പബ്ലിക് അതിർത്തിക്കടുത്തുള്ള ചരിത്രപ്രസിദ്ധമായ പോളിഷ് പട്ടണമായ ഗ്ലൂക്കോളാസിയിൽ വെള്ളപ്പൊക്കത്തിനിടെ പാലം തകർന്നു. പോളണ്ടിലെ കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ട് പ്രകാരം, ഒരു പ്രാദേശിക അണക്കെട്ട് തകർന്നതിനെ തുടർന്ന് പർവത നഗരമായ സ്ട്രോണി സ്ലാസ്കിയിൽ ഒരു വീട് ഒലിച്ചുപോയി. പോളണ്ടിൽ നിന്ന് റൊമാനിയയിലേക്ക് ഒഴുകുന്ന പല നദികളും കരകവിഞ്ഞൊഴുകുകയാണ്. റൊമാനിയയിൽ മാത്രം നാല് പേരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഓസ്ട്രിയയിലെ വെള്ളപ്പൊക്ക രക്ഷാപ്രവർത്തനത്തിനിടെ ഒരു അഗ്നിശമന സേനാംഗം മരിക്കുകയും പോളണ്ടിൽ ഒരാൾ മുങ്ങിമരിക്കുകയും ചെയ്തു. ചെക്ക് റിപ്പബ്ലിക്കിലുണ്ടായ വെള്ളപ്പൊക്കത്തിൽ കാണാതായ നിരവധി പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ചെക്ക് റിപ്പബ്ലിക്കിലെ നോർത്ത് മൊറാവിയയിലെ നദിയിലേക്ക് കാർ ഒഴുകി പോയി മൂന്ന് പേരെ കാണാതായി.
ബോറിസ് കൊടുങ്കാറ്റിനെ തുടർന്ന് ഇതിനകം തന്നെ മധ്യ, കിഴക്കൻ യൂറോപ്പിലുടനീളം തീവ്രമായ മഴയാണ് പെയ്തിരിക്കുന്നത്. തിങ്കളാഴ്ച വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകിയിരിക്കുന്ന മുന്നറിയിപ്പ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് ചെക്ക് റിപ്പബ്ലിക്കിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല