1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 17, 2024

സ്വന്തം ലേഖകൻ: യൂറോപ്പിന്റെ മധ്യ, കിഴക്കൻ മേഖലയിൽ കനത്ത നാശനഷ്ടങ്ങൾ വിതച്ചിരിക്കുകയാണ് ബോറിസ് കൊടുങ്കാറ്റ്. പോളണ്ട്, റൊമാനിയ, ഓസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ഹംഗറി എന്നീ രാജ്യങ്ങളിലാണ് കൊടുങ്കാറ്റ് മൂലം ശക്തമായ മഴയും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തത്. നിരവധി പേർ മരിക്കുകയും ഒരുപാട് പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.

രാജ്യങ്ങളുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഏകദേശം ഒരു മാസം കൊണ്ട് പെയ്യേണ്ട മഴയാണ് ഒറ്റ ദിവസം കൊണ്ട് പെയ്തിറങ്ങിയതെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളപ്പൊക്കത്തിൽ മരണസംഖ്യയും ഉയരുന്നുണ്ട്. 5,000 വീടുകളെ ബാധിച്ച ഗലാറ്റിയിലാണ് ഏറ്റവും മാരകമായി ബാധിക്കപ്പെട്ടത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ കിഴക്കൻ യൂറോപ്പ് കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ബോറിസ് കൊടുങ്കാറ്റിനെത്തുടർന്ന് ഉണ്ടായിട്ടുള്ളത്.

വടക്കൻ ഇറ്റലിയിൽ നിന്നെത്തിയ മന്ദഗതിയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം മൂലമാണ് ബോറിസ് കൊടുങ്കാറ്റ് രൂപപ്പെട്ടത്. ഇന്ന് രാത്രി വരെ മേഖലയിൽ കനത്ത പേമാരിയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ ഏജൻസികൾ നൽകുന്ന മുന്നറിയിപ്പ്. ഇതുവരെ ഏറ്റവും കൂടുതൽ മഴ പെയ്തത് ചെക്ക് റിപ്പബ്ലിക്കിലാണ്. കിഴക്കൻ, മധ്യ യൂറോപ്പിന്റെ മറ്റ് ഭാഗങ്ങളിലും അതിതീവ്ര മഴ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ബോറിസ് കൊടുങ്കാറ്റ് ഇത്രയും മാരകമായി മാറിയത് രണ്ട് കാരണങ്ങൾ മൂലമാണെന്നാണ് വിലയിരുത്തല്‍. കരിങ്കടലിൻ്റെ അസാധാരണമായ ചൂടുള്ള മേഖലകളില്‍ നിന്നും മെഡിറ്ററേനിയൻ കടലിൽ നിന്നും ഉയർന്നുവരുന്ന ഈർപ്പവും വടക്ക് നിന്നുള്ള തണുത്ത വായുവും ചേരുന്നതാണ് ഒന്നാമത്തേത്. കിഴക്കും പടിഞ്ഞാറുമുള്ള ഉയർന്ന മർദ്ദ (High Pressure Area) പ്രദേശങ്ങൾക്കിടയിൽ ഒരു താഴ്ന്ന മർദ്ദ പ്രദേശമുണ്ട് (Low Pressure Area). കാലാവസ്ഥ മാതൃകയെ തടയുന്ന വിധത്തിലാണുള്ളത്. ഇതാണ് മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

2021ൽ രൂക്ഷമായ വെള്ളപ്പൊക്കത്തിന് സാക്ഷ്യം വഹിച്ചതിന് ശേഷം കാലാവസ്ഥാ വ്യതിയാനം കാരണം യൂറോപ്പിൽ സമാനമായ ദുരന്തങ്ങള്‍ക്ക് സാധ്യതയുണ്ടെന്നും അതിന്റെ തീവ്രതയും വർധിച്ചുകൊണ്ടിരിക്കുകയാണെന്നും വേൾഡ് വെതർ ആട്രിബ്യൂഷൻ നെറ്റ്‌വർക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്.

ചെക്ക് റിപ്പബ്ലിക്കിൻ്റെ മിക്ക ഭാഗങ്ങളിലും ഏറ്റവും ഉയർന്ന വെള്ളപ്പൊക്ക മുന്നറിയിപ്പാണ് അധികൃതർ പ്രഖ്യാപിച്ചിട്ടുള്ളത്. തലസ്ഥാനമായ പ്രാഗിൽ നിന്ന് 235 കിലോമീറ്റർ (146 മൈൽ) കിഴക്കുള്ള ലിപോവ-ലാസ്‌നെ ഗ്രാമത്തിന് സമീപം ശനിയാഴ്ച സ്റ്റാറിക് നദിയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്.

ബുധനാഴ്ച മുതൽ പ്രദേശത്ത് മഴ ഏകദേശം 500 മില്ലിമീറ്ററിൽ (19.7 ഇഞ്ച്) എത്തിയിട്ടുണ്ട്. ചെക്ക് റിപ്പബ്ലിക്കിൻ്റെ അതിർത്തിക്കടുത്തുള്ള സുഡെറ്റ്സ് പർവതനിരകളിലെ താഴ്‌വരയിൽ സ്ഥിതി ചെയ്യുന്ന ഏകദേശം 25,000 നിവാസികളുള്ള ക്ലോഡ്‌സ്‌കോ പട്ടണത്തിന് ചുറ്റുമുള്ള സാഹചര്യം വളരെ മോശമാണെന്ന് പോളിഷ് പ്രധാനമന്ത്രി ടസ്ക് പറഞ്ഞു.

പോളിഷ് അതിർത്തിക്കടുത്തുള്ള ജെസെനിക്കി പർവതനിരകൾ ഉൾപ്പെടെ, സമീപ ദിവസങ്ങളിൽ ഏറ്റവും വലിയ മഴ രേഖപ്പെടുത്തിയ രണ്ട് വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് സ്ഥിതി ഏറ്റവും മോശമായത്.ജെസെനിക്കി പർവതനിരകളിലെ പട്ടണങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലാകുകയും റോഡുകളിൽ വെള്ളം കയറുകയും ചെയ്തു. ശക്തമായ കാറ്റിൽ ഡസൻ കണക്കിന് മരങ്ങൾ കടപുഴകി വീണു.

റോഡുകളും കാറുകളും നിരവധി പാലങ്ങളും തകർന്നു. ഗതാഗതം തടസപ്പെട്ടു. തന്റേയും സമീപ നഗരങ്ങളിലെയും നിരവധി വീടുകൾ വെള്ളപ്പൊക്കത്തിൽ തകർന്നതായി ജെസെനിക് മേയർ സെഡെങ്ക ബ്ലിസ്റ്റനോവ ചെക്ക് പബ്ലിക് ടെലിവിഷനോട് പറഞ്ഞു. ദി അസോസിയേറ്റഡ് പ്രസ് പറയുന്നതനുസരിച്ച് , ഞായറാഴ്ച രാവിലെ രാജ്യത്തുടനീളം ഏകദേശം 2,60,000 വീടുകളിൽ വൈദ്യുതി ഇല്ലായിരുന്നു.

പോളണ്ടിലേക്ക് ഒഴുകുന്ന ഓഡർ നദി ഒസ്ട്രാവ നഗരത്തിലും ബൊഹുമിനിലും കരകഴിഞ്ഞൊഴുകിയതോടെ പലരും പലായനം ചെയ്തു. മേഖലയിൽ ട്രെയിനുകളൊന്നും സർവീസ് നടത്തുന്നില്ല. ഡാന്യൂബിലേക്ക് ഒഴുകുന്ന കാമ്പ് നദിയുടെ തീരത്ത് സ്ഥിതിഗതികൾ കൂടുതൽ മോശമാണ്.

75,000 നിവാസികളുള്ള ജെലെനിയ ഗോറ നഗരത്തിൽ, ബോബർ നദി കവിഞ്ഞതിനെ തുർന്ന് നഗരത്തിലെ തെരുവുകൾ വെള്ളത്തിനടിയിലായി. ചില വെള്ളപ്പൊക്ക പ്രദേശങ്ങളിൽ ഊർജ വിതരണവും ആശയവിനിമയവും വിച്ഛേദിക്കപ്പെട്ടു. പ്രദേശങ്ങൾ ഉപഗ്രഹ അധിഷ്‌ഠിത സ്റ്റാർലിങ്ക് സേവനം ഉപയോഗിക്കാമെന്ന് മസ്‌ക് പറഞ്ഞു. സ്ലോവാക്യയുടെ തലസ്ഥാനമായ ബ്രാറ്റിസ്ലാവയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റ് മേയർ ഗെർഗെലി കരാക്‌സണി മുന്നറിയിപ്പ് നൽകി. “പ്രവചനമനുസരിച്ച്, കഴിഞ്ഞ വർഷങ്ങളിലെ ഏറ്റവും വലിയ വെള്ളപ്പൊക്കങ്ങളിലൊന്ന് ബുഡാപെസ്റ്റിനെ സമീപിക്കുകയാണ്, പക്ഷേ ഞങ്ങൾ അതിനെ നേരിടാൻ തയ്യാറാണ്,” അദ്ദേഹം പറഞ്ഞു.

തെക്കുകിഴക്കൻ റൊമാനിയയിലുണ്ടായ വെള്ളപ്പൊക്കത്തിൽ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ആറ് പേർ മരിച്ചു. ഗലാറ്റി പ്രദേശത്താണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബുഡാപെസ്റ്റിൽ, ഈ ആഴ്‌ചയുടെ രണ്ടാം പകുതിയിൽ ഡാന്യൂബ് നദി 8.5 മീറ്ററിൽ (27.9 അടി) ഉയരുമെന്നും 2013 ൽ 8.91 മീറ്റർ (29.2 അടി) എന്ന റെക്കോർഡിന് അടുത്ത് എത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.