1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2023

സ്വന്തം ലേഖകൻ: യൂറോപ്പിൽ എക്കാലത്തെയും ചൂടേറിയ സെപ്റ്റംബറാണ് കഴിഞ്ഞ മാസമെന്ന് റിപ്പോർട്ടുകൾ. ഈ മാസവും ചൂടുള്ള കാലാവസ്ഥ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. ഓസ്ട്രിയ, ബെൽജിയം, ഫ്രാൻസ്, ജർമനി, പോളണ്ട്, സ്വിറ്റ്സർലൻഡ്, യുകെ എന്നിവിടങ്ങളിൽ കഴിഞ്ഞ മാസം റെക്കോർഡ് താപനിലയിലാണ് രേഖപ്പെടുത്തിയത്. സാധാരണ താപനിലയെക്കാൾ 3.6 ഡിഗ്രി സെൽഷ്യസ് വർധിച്ചതായിട്ടാണ് കണക്കുകൾ.

ജർമനിയില്‍, ദേശീയ റെക്കോര്‍ഡുകള്‍ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ചൂടേറിയ സെപ്തംബര്‍ മാസമാണെന്ന് കാലാവസ്ഥാ ഓഫിസ് പറഞ്ഞു. ആല്‍പൈന്‍ രാജ്യങ്ങളായ ഓസ്ട്രിയയിലെയും സ്വിറ്റ്സര്‍ലന്‍ഡിലെയും ദേശീയ കാലാവസ്ഥാ സ്ഥാപനങ്ങളും അവരുടെ എക്കാലത്തെയും ഉയര്‍ന്ന ശരാശരി സെപ്റ്റംബറിലെ താപനിലയാണെന്ന് രേഖപ്പെടുത്തി. ഈ മാസവും ചൂട് കൂടുമെന്നാണ് സ്പാനിഷ്, പോര്‍ച്ചുഗീസ് ദേശീയ കാലാവസ്ഥാ വകുപ്പുകൾ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

മനുഷ്യന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായി വലിയ തോതിലുള്ള കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെടുന്നതായി ശാസ്ത്രജ്ഞര്‍ പറയുന്നു. ഇതാണ് ആഗോള താപനിലയെ ഉയര്‍ത്തുന്നത്. യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് കാലാവസ്ഥാ വ്യതിയാന കേന്ദ്രം 2023 മനുഷ്യരാശി അനുഭവിച്ച ഏറ്റവും ചൂടേറിയ വര്‍ഷമായിരിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. മലിനീകരണം ഉണ്ടാക്കുന്ന വാതകം, എണ്ണ, കല്‍ക്കരി എന്നിവയുടെ ഉപഭോഗം ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുക. കാലാവസ്ഥാ ധനസഹായം, പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജ ശേഷി വർധിപ്പിക്കുക എന്നിവയിലൂടെ കാലാവസ്ഥ വ്യത്യയാനത്തെ ചെറുക്കാൻ സാധിക്കുമെന്നാണ് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.