സ്വന്തം ലേഖകൻ: ചെറിയൊരു ഇടവേളയ്ക്കുശേഷം ഫ്രാൻസും ജർമനിയും പോളണ്ടും ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും ലോക്ഡൗണിലേക്ക് നീങ്ങുന്നതോടെ വിനോദ സഞ്ചാര മേഖലയുടെ തകർച്ച സമ്പൂർണം. വാക്സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയ ബ്രിട്ടൻ ഒഴികെയുള്ള രാജ്യങ്ങളിൽ കോവിഡ് വ്യാപനം വീണ്ടും കുതിച്ചുയരുന്ന സ്ഥിതിയാണ്.
ഫ്രാൻസും പോളണ്ടും ഇതിനോടകം തന്നെ ഭാഗികമായി ലോക്ഡൗൺ പ്രഖ്യാപിച്ചു കഴിഞ്ഞു. പാരീസ് നഗരത്തിൽ ഉൾപ്പെടെ രാജ്യത്തെ 16 കേന്ദ്രങ്ങളിലായി ആയിരക്കണക്കിനു കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെയാണ് ഫ്രാൻസ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. പോളണ്ടിൽ മൂന്നാഴ്ചത്തേക്ക് അത്യാവശ്യമല്ലാത്ത കടകൾ അടച്ചു. ഹോട്ടലുകൾ പൂട്ടി. കായിക വിനോദങ്ങൾ നിർത്തിവച്ചു.
കോവിഡ് കേസുകൾ വീണ്ടും കുതിച്ചുയരുന്ന ജർമനിയിൽ വീണ്ടുമൊരു ലോക്ക്ഡൗണിന് സമയമായെന്നു ചാൻസിലർ അംഗല മെർക്കൽ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിനു പുറമേ ഇറ്റലി, ബൾഗേറിയ, തുടങ്ങി നിരവധി യൂറോപ്യൻ രാജ്യങ്ങൾ വീണ്ടും കോവിഡ് ഭീതിയിലാണ്. ബ്രിട്ടൻ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലെല്ലാം കോവിഡ് വാക്സീന്റെ വിതരണം മന്ദഗതിയിലായതാണ് മൂന്നാം തരംഗത്തിന് കാരണമെന്നാണ് വിലയിരുത്തൽ.
രക്തം കട്ടപിടിക്കൽ ആശങ്കയെ തുടർന്ന് ഫ്രാൻസ്, ഇറ്റലി, ജർമനി തുടങ്ങി 15ലേറെ രാജ്യങ്ങളാണ് ഓക്സ്ഫഡ് വാക്സിൻ വിതരണം കഴിഞ്ഞയാഴ്ച താൽക്കാലികമായി നിർത്തിയത്. വാക്സീൻ സുരക്ഷിതമാണെന്നു യൂറോപ്യൻ മെഡിസിൻസ് ഏജൻസിയും ബ്രിട്ടീഷ് മെഡിക്കൽ വിദഗ്ധരും വ്യക്തമാക്കിയതിനെ തുടർന്നാണ് ചില രാജ്യങ്ങളെങ്കിലും വിതരണം വീണ്ടും തുടങ്ങിയത്.
ജർമനിയിൽ കോവിഡ് ലോക്ഡൗണിനെതിരെ ആയിരക്കണക്കിന് ജനങ്ങൾ പ്ലക്കാർഡുകളും മുദ്രാവാക്യവുമായി കാസൽ നഗരത്തിൽ തടിച്ചുകൂടി. ഓൺലൈൻ മൂവ്മെന്റുകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർ ബോട്ടിലുകൾ വലിച്ചെറിഞ്ഞതായും ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ചതായും പൊലീസ് ട്വീറ്റ് ചെയ്തു. കോവിഡ് നിർദേശങ്ങൾ ലംഘിച്ചു കൊണ്ടായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാർ മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തില്ലെന്നും പൊലീസ് കൂട്ടിച്ചേർത്തു. ‘നിർബന്ധിത വാക്സിനേഷൻ പാടില്ല’, ‘ജനാധിപത്യം സെൻസർഷിപ്പ് അനുവദിക്കുന്നില്ല’ തുടങ്ങിയ മുദ്രാവാക്യങ്ങൾ ഉയർത്തിയായിരുന്നു പ്രതിഷേധം. അതേസമയം, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന അഭിപ്രായവുമായി മറ്റൊരു വിഭാഗവും തെരുവിലിറങ്ങി. മാസ്ക് ധരിച്ചും വാക്സിൻ സ്വീകരിച്ചുവെന്ന പ്ലക്കാർഡുകൾ ഉയർത്തിയുമായിരുന്നു പ്രതിഷേധം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല