സ്വന്തം ലേഖകൻ: ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് തുടങ്ങിയ പല യൂറോപ്യൻ രാജ്യങ്ങളിളെയും ഭീതിയിലാഴ്ത്തി പുതിയൊരു രോഗം. പാരറ്റ് ഫീവർ എന്നും സിറ്റാക്കോസിസ് അറിയപ്പെടുന്ന ഈ രോഗം തത്തകളില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്നവയാണ്. പാരറ്റ് ഫീവര്‍ ബാധിച്ച് ഈ വര്‍ഷം യൂറോപ്പില്‍ അഞ്ച് പേർ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. പാരറ്റ് ഫീവര്‍ കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തിൽ കൃത്യമായ ശ്രദ്ധ വേണമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്.
ക്ലമിഡോഫില സിറ്റക്കി എന്ന ബാക്ടീരിയ മൂലം ഉണ്ടാകുന്ന ശ്വാസകോശ അണുബാധയാണ് പാരറ്റ് ഫീവർ. 2023ലാണ് ഇത് ആദ്യം ശ്രദ്ധിക്കപ്പെട്ടത്. പ്രധാനമായും തത്ത പോലുള്ള പക്ഷികളെ ബാധിക്കുന്ന ഈ ബാക്ടീരിയ ഇവയുടെ വിസര്‍ജ്ജ്യത്തില്‍ നിന്നാണ് മനുഷ്യരിലേക്ക് പടരുന്നത്. തത്തകളിൽ നിന്ന് മാത്രമല്ല വിവിധ കാട്ടുമൃഗങ്ങളിലൂടെയും വളർത്തുമൃഗങ്ങളിലൂടെയും പക്ഷികളിലൂടെയും ഇത് പകരാം. രോഗം ബാധിച്ച പക്ഷികളുമായി സമ്പർക്കം പുലർത്തുന്ന ആളുകൾക്ക് രോഗം വരാം.
രോഗം ബാധിച്ച പക്ഷികളുടെ കാഷ്ഠവും സ്രവങ്ങളും പൊടിപടലങ്ങളിലൂടെ ശ്വസനത്തെ ബാധിക്കുമെന്ന് യുഎസ് സെന്‍റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നു. വളര്‍ത്തു പക്ഷികളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ജോലിക്കാര്‍, ഡോക്ടര്‍മാര്‍, പക്ഷികളുടെ ഉടമകൾ,വൈറസ് വ്യാപനമുള്ള ഇടങ്ങളിലെ തോട്ടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങിയവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ലോകാരോഗ്യ സംഘടനയിലെ വിദഗ്‌ധര്‍ പറയുന്നു.
പനിയും വിറയലും,പേശി വേദന, ഛർദ്ദി, ക്ഷീണം, ബലക്ഷയം, വരണ്ട ചുമ, തലവേദന എന്നിവയാണ് ലക്ഷണങ്ങൾ. ബാക്ടീരിയ ഉള്ളിലെത്തി അഞ്ച് മുതല്‍ 14 ദിവസങ്ങള്‍ക്കുള്ളില്‍ ഈ ലക്ഷണങ്ങള്‍ കണ്ട് തുടങ്ങും. പാരറ്റ് ഫീവർ ബാധിച്ച വ്യക്തികൾക്ക് സാധാരണയായി രോഗലക്ഷണങ്ങൾ മെച്ചപ്പെടുത്തുന്നതിന് ആന്‍റിബയോട്ടിക്കുകളും മറ്റ് മരുന്നുകളും നൽകാറുണ്ട്.
ചികിത്സിച്ചില്ലെങ്കിൽ ഇത് ന്യുമോണിയ, ഹൃദയ വാൽവുകളുടെ വീക്കം, ഹെപ്പറ്റൈറ്റിസ് അല്ലെങ്കിൽ ന്യൂറോളജിക്കൽ പ്രശ്നങ്ങൾ എന്നിവയുൾപ്പെടെയുള്ള ഗുരുതരമായ രോഗങ്ങളിലേക്ക് നയിച്ചേക്കാം. ആന്‍റിബയോട്ടിക് ചികിത്സ ലഭിച്ചവര്‍ ഈ ബാക്ടീരിയ മൂലം മരണപ്പെടാനുള്ള സാധ്യത അപൂര്‍വമാണ്.
450ലധികം പക്ഷി ജനുസ്സുകള്‍ക്ക് പുറമേ പട്ടി, പൂച്ച, കുതിര, പന്നി, ഉരഗങ്ങള്‍ എന്നിവയിലും ക്ലമിഡോഫില സിറ്റാക്കിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ മനുഷ്യരിലേക്ക് ഈ ബാക്ടീരിയ പടര്‍ത്തുന്നത് കൂടുതലും തത്തകള്‍, പ്രാവുകള്‍, കുരുവികള്‍, കാനറി പക്ഷികള്‍ എന്നിവയാണ്.
പക്ഷികള്‍ വഴി ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് ഈ ബാക്ടീരിയ പടരാമെങ്കിലും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ഇത് പടരുന്നതിന് തെളിവില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പാരറ്റ് ഫീവറിനെ തുടര്‍ന്നുള്ള യൂറോപ്പിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും നിലവില്‍ അപകടസാധ്യത കുറഞ്ഞ വിഭാഗത്തിലാണ് ഈ രോഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല