സ്വന്തം ലേഖകന്‍: യൂറോപ്പ് പ്രളയ ഭീഷണിയുടെ നിഴലില്‍, മഴക്കെടുതിയില്‍ വീടു നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ തെരുവില്‍. മധ്യ യൂറോപ്യന്‍ രാജ്യങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയക്കെടുതി തുടരുന്നു. ഫ്രാന്‍സ്, ജര്‍മ്മനി, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുമധികം നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടങ്ങളില്‍ ഇതുവരെ 15 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഫ്രാന്‍സിലെ സീന്‍ നദി ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് നേരിടുന്നത്. മുപ്പത് വര്‍ഷത്തിനുള്ളിലെ ഉയര്‍ന്ന ജലനിരപ്പാണ് ഇവിടെ രേഖപ്പെടുത്തിയത്. മെട്രോ സ്‌റ്റേഷനുകളും സുപ്രധാന കേന്ദ്രങ്ങളുമെല്ലാം വെള്ളത്തിലായി. ലൂവ്രേ, ഓര്‍സെ മ്യൂസിയങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. മ്യൂസിയങ്ങളിലെ വിലപിടിപ്പുള്ള വസ്തുക്കള്‍ എല്ലാം തന്നെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.
പ്രസിഡന്റ് ഫ്രാന്‍സ്വ ഒളാന്ദ് ലുവ്രേ മ്യൂസിയം സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. സീനിലെ ജലനിരപ്പ് ഇനിയും ഉയര്‍ന്നേക്കാമെന്നാണ് പരിസ്ഥിതി മന്ത്രാലയം മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്. നദീതീരങ്ങളില്‍ താമസിക്കുന്ന ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ നൂറു വര്‍ഷത്തിനിടയിലുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഫ്രാന്‍സിലേതെന്നു വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.
കഴിഞ്ഞയാഴ്ച മുതലാണ് കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും യൂറോപ്പിനെ കീഴ്‌പ്പെടുത്തിയത്. ജര്‍മനിയിലെ കോബ്‌ളന്‍സിനടുത്തുള്ള മെന്‍ഡിംഗില്‍ വെള്ളിയാഴ്ച രാത്രി അരങ്ങേറിയ റോക്ക് റിംഗ് സംഗീത പരിപാടിക്കിടെ ഇടിമിന്നലില്‍ 51 പേര്‍ക്ക് പരിക്കേറ്റതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്യുന്നു.
മണിക്കൂറുകള്‍ കൊണ്ട് വെള്ളം കയറി സ്ഥിതിഗതികള്‍ വഷളാകുന്ന സാഹചര്യമാണ് ജര്‍മനിയിലെ താഴ്ന്ന പ്രദേശങ്ങളിലെല്ലാമുള്ളത്. റോട്ടല്‍ ജില്ലാ ആസ്ഥാനവും നഗരത്തിലെ പ്രധാന കേന്ദ്രങ്ങളും ഇപ്പോള്‍ വെള്ളത്തിനടിയിലാണ്. ഓസ്ട്രിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ട്രിഫ്‌റ്റേണ്‍ എന്ന ഈ നഗരത്തില്‍ അയ്യായിരം പേര്‍ മാത്രമാണ് സ്ഥിരതാമസക്കാര്‍.
റൊമാനിയയില്‍ രണ്ടു പേരും ബെല്‍ജിയത്തില്‍ ഒരാളും മരിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഓസ്ട്രിയ, നെതര്‍ലാന്‍സ്, പോളണ്ട് എന്നിവിടങ്ങളിലും പ്രളയക്കെടുതി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിവിധ രാജ്യങ്ങളിലായി പതിനായിരക്കണക്കിന് ആളുകളെയാണ് വീടുകളില്‍ നിന്ന് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല