
സ്വന്തം ലേഖകൻ: യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് പ്രധാന പലിശ നിരക്ക് 0.25 ശതമാനം വര്‍ധിച്ചു. പണപെരുപ്പം നേരിടുന്നതിനാണ് പലിശനിരക്ക് ഉയർത്തിയതെന്ന് പ്രസിഡന്റ് ലഗാര്‍ഡെ അറിയിച്ചു. ഇതോടെ ഇസിബി പ്രധാന പലിശ നിരക്ക് നാല് ശതമാനമായി.
ഇടത്തരം കാലയളവില്‍ പണപ്പെരുപ്പം രണ്ട് ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം. പണപെരുപ്പം വന്‍തോതില്‍ ഉയരുമെന്നായിരുന്നു കഴിഞ്ഞ വർഷം കരുതിയിരുന്നത്.
അതേസമയം നിലവിൽ ജര്‍മനിയില്‍, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദ്യമായി പണപ്പെരുപ്പം ഏഴ് ശതമാനത്തില്‍ താഴെയായി.എന്നാല്‍ യുഎസിലെ പണപെരുപ്പം കഴിഞ്ഞ മാസം 4.9 ശതമാനത്തില്‍ നിന്ന് നാല് ശതമാനമായി കുറഞ്ഞു.
അതേസമയം ബാങ്ക് ഓഫ് ഇംഗ്ലണ്ട് വ്യാഴാഴ്ച വീണ്ടും പലിശനിരക്കില്‍ പുതിയ വര്‍ധനവ് വരുത്തുമെന്ന സാധ്യത ശക്തമായതോടെ മോര്‍ട്ട്ഗേജ് മാര്‍ക്കറ്റില്‍ നിരക്കുയരല്‍ ഭീഷണി ശക്തമായി. പ്രമുഖ മണി സേവിംഗ്സ് എക്സ്പര്‍ട്ടായ മാര്ട്ടിന് ലൂയീസാണ് പുതിയ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്.
തുടര്‍ന്ന് മോര്‍ട്ട്ഗേജെടുത്തവര്‍ തങ്ങളുടെ കുടുംബങ്ങളുടെ ബജറ്റില്‍ ആവശ്യമായ അഴിച്ച് പണി നടത്താന്‍ നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു.ഇതിനെ തുടര്‍ന്ന് ശരാശരി വീട്ടുടമ 2022ല്‍ അടച്ചതിനേക്കാള്‍ മുന്നൂറ് പൗണ്ട് അധികമായി മോര്‍ട്ട്ഗേജ് തിരിച്ചടവില്‍ കൂടുതലായി നടത്തേണ്ടി വരുമെന്നും മുന്നറിയിപ്പുണ്ട്.
പെരുകി വരുന്ന പണപ്പെരുപ്പവും വിലക്കയറ്റവും നിയന്ത്രിക്കുന്നതിനായാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് വര്‍ധിപ്പിച്ച് കൊണ്ടിരിക്കുന്നത്. എന്നാല്‍ അത് ലോണുകളെടുത്തവരില്‍ പ്രത്യേകിച്ച് ഹോം ലോണുകളെടുത്തവരില്‍ കടുത്ത ആഘാതമാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്.
മിക്കവര്‍ക്കും മോര്‍ട്ട്ഗേജിന്റെ പ്രതിമാസ തിരിച്ചടവിന് വന്‍ തുകയാണ് ഇതിനെ തുടര്‍ന്ന് വര്‍ധിച്ച് കൊണ്ടിരിക്കുന്നത്. വിലക്കയറ്റം മൂലം നിത്യജീവിതം തന്നെ വഴിമുട്ടി നില്ക്കുന്ന സാഹചര്യത്തില്‍ ഇത്തരത്തില്‍ മോര്‍ട്ട്ഗേജ് തിരിച്ചടവ് പരിധി കടക്കുന്നതോടെ അതിനെ അതിജീവിക്കാന്‍ നിരവധി പേര് വീട് തന്നെ വിറ്റ് ബാധ്യത ഒഴിവാക്കാന്‍ നിര്‍ബന്ധിരാകും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല