സ്വന്തം ലേഖകൻ: ഷെങ്കൻ വീസയെടുക്കുന്നതിനുള്ള ചാർജിൽ 12 ശതമാനം വർധന.യുറോപ്യൻ കമീഷനാണ് ചാർജ് വർധിപ്പിക്കാൻ തീരുമാനിച്ചത്. ജൂൺ 11ന് വർധന നിലവിൽ വരുമെന്നാണ് റിപ്പോർട്ട്. വീസ ഫീസിലുള്ള വർധന സ്ഥിരീകരിച്ച് സ്ലോവേനിയ മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്സ് രംഗത്തെത്തി.
മുതിർന്നവർക്കുള്ള വീസ ഫീസ് 80 യൂറോയിൽ നിന്നും 90 യൂറോയാക്കി വർധിപ്പിക്കുകയാണെന്ന് സ്ലോവേനിയ അറിയിച്ചു. കുട്ടികളുടെ വീസ ഫീസ് 40 നിന്നും 45 യൂറോയായും ഉയരും. കുറഞ്ഞകാലത്തേക്ക് യുറോപ്പിൽ താമസിക്കുന്നവരുടെ വീസ ഫീസാണ് നിലവിൽ വർധിപ്പിച്ചിരിക്കുന്നത്.
2020ലാണ് ഇതിന് മുമ്പ് ഷെങ്കൻ വീസക്കുള്ള ചാർജ് വർധിപ്പിച്ചത്. അന്ന് 60 യൂറോയിൽ നിന്നും 80 യൂറോയായാണ് ചാർജ് വർധിപ്പിച്ചത്. പണപ്പെരുപ്പം ഉയർന്നതും ജീവനക്കാരുടെ ശമ്പളവുമാണ് ഫീസ് വർധിപ്പിക്കാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വർഷം 10.3 മില്യൺ അപേക്ഷകളാണ് യുറോപ്പിൽ ഷോർട്ട് സ്റ്റേക്കായി ലഭിച്ചത്. 37 ശതമാനം വർധന അപേക്ഷകളിലുണ്ടായി. എന്നാൽ, 2019ലാണ് ഏറ്റവും കൂടുതൽ വീസ അപേക്ഷകൾ ലഭിച്ചത്. 17 മില്യൺ അപേക്ഷകളാണ് 2019ൽ ലഭിച്ചത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല