സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റ് മാര്‍ഗരേഖയ്ക്ക് യൂറോപ്യന്‍ കൗണ്‍സിലിന്റെ അംഗീകാരം, കടുത്ത നിബന്ധനകളുമായി യൂറോപ്യന്‍ യൂണിയന്‍. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ തുടങ്ങുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കപ്പെട്ടതായി യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്‌ക് വ്യക്തമാക്കി. ബ്രസല്‍സില്‍ ഞായറാഴ്ചയാണ് ബ്രെക്‌സിറ്റ് ചര്‍ച്ചചെയ്യാന്‍ 27 ഇ.യു അംഗരാജ്യങ്ങള്‍ സമ്മേളിച്ചത്. അതേസമയം, ജൂണില്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു ശേഷമേ ബ്രെക്‌സിറ്റ് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ.
ജനങ്ങളുടെ അവകാശങ്ങള്‍, വടക്കന്‍ അയര്‍ലന്‍ഡിന് അംഗത്വം തുടങ്ങിയ കാര്യങ്ങളില്‍ ബ്രിട്ടന്‍ സമ്മതം അറിയിച്ചെങ്കില്‍ മാത്രമേ വ്യാപാര കാര്യങ്ങളുള്‍പ്പെടെയുള്ളതില്‍ ചര്‍ച്ചയ്ക്കുള്ളൂ എന്ന കടുത്ത നിലപാടിലാണ് യൂറോപ്യന്‍ യൂണിയന്‍. നിബന്ധനകള്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളും ഏകകണ്ഠമായി അംഗീകരിച്ചതായി ഡോണള്‍ഡ് ടസ്‌ക് ട്വിറ്ററിലൂടെ അറിയിച്ചു.
അംഗരാജ്യങ്ങളിലെ മുപ്പത് ലക്ഷം ജനങ്ങള്‍ ബ്രിട്ടനിലും പത്ത് ലക്ഷം ബ്രിട്ടീഷുകാര്‍ അംഗരാജ്യങ്ങളിലും നിലവിലുണ്ട്. ഇവരുടെ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചര്‍ച്ച വൈകിപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ടസ്‌ക് വ്യക്തമാക്കി. അതിനിടെ ഇ.യു വിട്ടുപോകാനുള്ള തീരുമാനത്തിന് ബ്രിട്ടന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് മുന്നറിയിപ്പു നല്‍കി.
ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയും ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലും തമ്മില്‍ വാക്‌പോര് നടന്നതിനു പിന്നാലെയാണ് ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കാന്‍ കടുത്ത നിബന്ധനകളുമായി യൂറോപ്യന്‍ യൂണിയന്‍ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്. യൂണിയന്‍ രാജ്യങ്ങള്‍ ബ്രിട്ടനെതിരേ ഒറ്റക്കെട്ടാകുകയാണെന്ന് മേ ആരോപിച്ചിരുന്നു. തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് മുമ്പ് യൂണിയനു നല്കാനുള്ള പണം ബ്രിട്ടന്‍ നല്കുകയാണ് വേണ്ടതെന്ന് മെര്‍ക്കല്‍ തിരിച്ചടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല