സ്വന്തം ലേഖകൻ: ഓക്സ്ഫോർഡ് വാക്സിൻ സ്വീകരിക്കുന്നവരിൽ രക്തം കട്ടപിടിക്കുന്നതായി റിപ്പോർട്ടുകൾ വന്നതിനെ തുടർന്ന് ലോക രാജ്യങ്ങൾ രണ്ട് തട്ടിൽ. വാക്സിന് പിന്തുണയുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തെത്തിയപ്പോൾ ഡെന്മാർക്ക്, നോർവേ, ഐസ്ലൻഡ് രാജ്യങ്ങൾ ഓക്സ്ഫഡ് വാക്സിൻ വിതരണം താത്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചു.
അതേസമയം, വാക്സിൻ സുരക്ഷിതമാണെന്ന് യൂറോപ്യൻ യൂണിയൻ വ്യക്തമാക്കി. ഓക്സ്ഫെഡ് വാക്സിൻ സ്വീകരിച്ച നാല്പത്തൊന്പതു വയസുള്ള നഴ്സ് രക്തം കട്ടപിടിച്ചു മരിച്ചതിനെത്തുടർന്ന് ഓസ്ട്രിയ തിങ്കളാഴ്ച ഒരു ബാച്ച് വാക്സിന്റെ ഉപയോഗം നിർത്തിയതായി അറിയിച്ചിരുന്നു. എസ്തോണിയ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ് എന്നീ രാജ്യങ്ങളും ഇതേ ബാച്ച് വാക്സിൻ ഉപയോഗിക്കുന്നതു നിർത്തിവച്ചതായി തുടർന്ന് അറിയിച്ചു.
എന്നാൽ ഓക്സ്ഫഡ് വാക്സിനേ ഇനി ഉപയോഗിക്കേണ്ടെന്നു ഡെന്മാർക്ക് ഇന്നലെ തീരുമാനിക്കുകയായിരുന്നു. നോർവേയും ഐസ്ലൻഡും ഇതേ തീരുമാനമെടുത്തു. രണ്ടാഴ്ചയ്ക്കു ശേഷം തീരുമാനം പുനഃപരിശോധിക്കുമെന്നു ഡെൻമാർക്ക് അറിയിച്ചിട്ടുണ്ട്. ഈ ബാച്ചിൽപ്പെട്ട വാക്സിന്റെ പ്രശ്നം മാത്രമാണിതെന്നു പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി യൂറോപ്യൻ മെഡിസിൻസ് ഏജൻസി അറിയിച്ചു.
17 യൂറോപ്യൻ രാജ്യങ്ങളിലേക്ക് ഈ ബാച്ചിൽപ്പെട്ട 10 ലക്ഷം ഡോസുകളാണു നല്‍കിയിരിക്കുന്നത്. 30 ലക്ഷം പേരാണു മാർച്ച് വരെ യൂറോപ്പിൽ വാക്സിൻ സ്വീകരിച്ചത്. രക്തം കട്ടപിടിച്ചതുമായി ബന്ധപ്പെട്ട് നാമ മാത്ര കേസുകൾ മാത്രമാണു റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റപ്പെട്ട ചില റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വാക്സിൻ പൂർണമായി ഒഴിവാക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല