യൂറോപ്പിലെ അഭയാര്‍ത്ഥി പ്രതിസന്ധി പരിഹരിക്കാന്‍ ജര്‍മ്മന്‍ ക്ലബായ ബയേണ്‍ മ്യൂണിക്ക് ഫുട്‌ബോള്‍ ക്ലബ് 1.11 മില്യണ്‍ ഡോളര്‍ സഹായധനം പ്രഖ്യാപിച്ചു. മ്യൂണിക്കില്‍ വന്നെത്തുന്ന അഭയാര്‍ത്ഥികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിരിക്കുന്ന സാഹചര്യത്തിലാണ് ധനസഹായ പ്രഖ്യാപനം. അഭയാര്‍ത്ഥികള്‍ക്ക് അഭയം നല്‍കുന്നതിനും പ്രാഥമിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിനും മറ്റുമായിരിക്കും സഹായധനം ഉപയോഗിക്കുക എന്നാണ് വിവരം. അഭയാര്‍ത്ഥി കുട്ടികള്‍ക്കായി പരിശീലന ക്യാംപ് തുറക്കാനും ബയേണ്‍ മ്യൂണിക്ക് ക്ലബ് പദ്ധതിയിട്ടിട്ടുണ്ട്.
ആയിര കണക്കിന് ആളുകളാണ് ഓരോ ദിവസവും ഹംഗറിയില്‍നിന്നും ഓസ്ട്രിയയില്‍നിന്നുമൊക്കെയായി ജര്‍മ്മനിയിലേക്ക് എത്തുന്നത്. ജര്‍മ്മനിയിലേക്ക് കടക്കാനുള്ള പ്രധാന വാതിലുകളില്‍ ഒന്നാണ് മ്യൂണിക്ക് സ്‌റ്റേഷന്‍.
ജര്‍മ്മനിയിലെത്തി ദുരിതം അനുഭവിക്കുന്ന അഭയാര്‍ത്ഥികളായ സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കുമൊക്കെ സഹായം നല്‍കുക എന്നത് തങ്ങളുടെ സാമൂഹിക പ്രതിബദ്ധതയാണെന്ന് ബയേണ്‍ മ്യൂണിക് ക്ലബ് സിഇഒ പറഞ്ഞു. കുട്ടികള്‍ക്കുള്ള പരിശീലന ക്യാംപ് സജ്ജീകരിക്കുന്നത് ബയേണിന്റെ യൂത്ത് അക്കാഡമിയായിരിക്കും. പതിവായ പരിശീലന പരിപാടിക്കൊപ്പം കുട്ടികള്‍ക്ക് ഭക്ഷണവും അത്യാവശ്യം വേണ്ട ജര്‍മ്മന്‍ ഭാഷാ വിദ്യാഭ്യാസവും നല്‍കുമെന്നും ക്ലബ് അധികൃതര്‍ അറിയിച്ചു.
സെപ്തംബര്‍ 12ന് നടക്കുന്ന ബയേണ്‍ മ്യൂണിക്കിന്റെ ഹോം മാച്ചില്‍ സീനിയര്‍ ടീമിനെ കളിക്കളത്തിലേക്ക് നയിക്കുന്നത് അഭയാര്‍ത്ഥി കുട്ടികളായിരിക്കും. സെപ്തംബര്‍ 12ന് ഓഗ്‌സ്ബര്‍ഗിനെതിരെയാണ് ബയേണിന്റെ മത്സരം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല