1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 29, 2021

സ്വന്തം ലേഖകൻ: വിനോദസഞ്ചാര മേഖലയെ ഉണർത്താൻ ഇളവുകളുമായി യൂറോപ്യൻ യൂണിയൻ. വാക്സിനേഷന്‍ ക്യാംപെയ്നുകള്‍ക്ക് വേഗമാര്‍ജിക്കുകയും കോവിഡ് കേസുകള്‍ കുത്തനെ കുറയുകയും ചെയ്ത സാഹചര്യത്തിലാണ് രാജ്യങ്ങൾ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകുന്നത്. വരാനിരിക്കുന്ന വിനോദസഞ്ചാര സീസൺ പരമാവധി ചൂഷണം ചെയ്ത് മേഖലയെ തകർച്ചയിൽ നിന്ന് കരകയറ്റുകയാണ് ലക്ഷ്യം.

ഫ്രാന്‍സില്‍ രാജ്യവ്യാപക കര്‍ഫ്യൂ ജൂണ്‍ 20ന് അവസാനിച്ചു. നേരത്തെ നിശ്ചയിച്ചതിലും പത്തു ദിവസം മുന്‍പേയാണ് നിയന്ത്രണങ്ങള്‍ നീക്കിയത്. പുറത്തുള്ള പൊതുസ്ഥലങ്ങളില്‍ ഇപ്പോള്‍ മാസ്ക് ഉപയോഗവും നിര്‍ബന്ധമല്ല. റസ്റ്ററന്റുകള്‍ക്കും ബാറുകള്‍ക്കും അമ്പത് ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കാം.

ജര്‍മനിയില്‍ റസ്റ്ററന്റുകളും ബാറുകളും ബിയര്‍ ഗാര്‍ഡനുകളും മ്യൂസിയങ്ങളും ഹോട്ടലുകളും കണ്‍സെര്‍ട്ട് ഹാളുകളും പ്രവര്‍ത്തനം പുനരാരംഭിച്ചിട്ടുണ്ട്. കടകളിലും പൊതു ഗതാഗത സംവിധാനങ്ങളിലും മെഡിക്കല്‍ ഗ്രേഡ് മാസ്കുകള്‍ ഉപയോഗിക്കണമെന്നു നിര്‍ബന്ധമാണ്. ജൂണ്‍ 30 മുതല്‍ വര്‍ക്കം ഫ്രം ഹോം സംവിധാനങ്ങളും നിര്‍ബന്ധമായിരിക്കില്ല.

ഇറ്റലിയില്‍ ജൂണ്‍ 21ന് കര്‍ഫ്യൂ പിന്‍വലിച്ചു. വടക്കുപടിഞ്ഞാറന്‍ മേഖലയായ വല്ലെ ഡി ഓസ്റ്റ് ഒഴികെ രാജ്യത്തെ എല്ലാ മേഖലകളെയും സുരക്ഷിതമായി പ്രഖ്യാപിച്ചു കഴിഞ്ഞു. ഡെന്‍മാര്‍ക്കില്‍ നൈറ്റ് ക്ലബ്ബുകള്‍ ഒഴികെയുള്ള ഇന്‍ഡോര്‍ ബിസിനസുകള്‍ പുനരാരംഭിച്ചിട്ടുണ്ട്. ഗ്രീസില്‍ പല രാജ്യങ്ങളില്‍നിന്നുമുള്ള ടൂറിസ്റ്റുകള്‍ സന്ദര്‍ശനാനുമതി നല്‍കുന്നു. പോളണ്ടില്‍ അമ്പത് ശതമാനം കപ്പാസിറ്റിയോടെ സിനിമകളും തിയേറ്ററുകളും മ്യൂസിയങ്ങളും റസ്റ്ററന്റുകളും ജൂണ്‍ 26 മുതല്‍ പ്രവര്‍ത്തിപ്പിക്കാം.

സ്പെയ്നില്‍ കടകളും ബാറുകളും റസ്റ്ററന്റുകളും മ്യൂസിയങ്ങളും തുറന്നു. മാസ്ക് ഉപയോഗം നിര്‍ബന്ധിതമായി തുടരുന്നു. ബെല്‍ജിയം, പോര്‍ച്ചുഗല്‍, നെതര്‍ലന്‍ഡ്സ്, അയര്‍ലന്‍ഡ്, സ്വീഡന്‍ എന്നീ രാജ്യങ്ങളും നിയന്ത്രണങ്ങളില്‍ കാര്യമായ ഇളവുകള്‍ നല്‍കിത്തുടങ്ങി.

കോവിഡ് ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനം തടയാന്‍ പോര്‍ച്ചുഗല്‍, റഷ്യ, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രകൾക്ക് ജര്‍മ്മനിയിൽ നിയന്ത്രണമുണ്ട്. ചൊവ്വാഴ്ച മുതല്‍, ജര്‍മ്മന്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും മാത്രമേ പോര്‍ച്ചുഗലില്‍ നിന്നും റഷ്യയില്‍ നിന്നും ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവാദമുള്ളൂ,

ജര്‍മ്മനി ബ്രിട്ടനെയും, പോര്‍ച്ചുഗലിനെയും റഷ്യയെയും കൊറോണ വൈറസ് വേരിയന്‍റ് രാജ്യങ്ങള്‍ എന്ന് തരംതിരിച്ചിട്ടുണ്ട്. കൂടാതെ ആ രാജ്യങ്ങളില്‍ നിന്ന് വരുന്നവർക്ക് പ്രവേശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും റഷ്യയില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും പ്രവേശിക്കാന്‍ അനുമതിയുള്ള വിഭാഗക്കാർ കോവിഡ് നെഗറ്റീവാണെങ്കിലും രണ്ടാഴ്ചത്തെ ക്വാറന്റീൻ പോകണം.

അതേസമയം ഇന്ത്യയിലും യുകെയിലും സാന്നിധ്യമറിയിച്ചു കഴിഞ്ഞ ഡെൽറ്റ വേരിയൻ്റിനെക്കുറിച്ച് ജര്‍മ്മന്‍ ആരോഗ്യ അധികൃതര്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. ശരത്കാലത്തോടെ ഡെല്‍റ്റ വേരിയന്റ് ജര്‍മ്മനിയില്‍ പ്രബലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രോഗ നിയന്ത്രണ ഏജന്‍സി റോബര്‍ട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായ റോബര്‍ട്ട് വീലര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.