നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഊറാഹായിലെ എദേസായില്‍ നിന്നും മൂന്ന് കപ്പലുകളിലായി എഴുപത്തിരണ്ട് കുടുംബങ്ങള്‍ കേരളക്കരയിലേയ്ക്ക് കുടിയേറിയതിന്റെ പാവനസ്മരണയ്ക്കായി യൂറോപ്പിലെ മുഴുവന്‍ ക്‌നാനായ യാക്കോബായ വിശ്വാസികളും ഔദ്യോഗിക കൂട്ടായ്മയുടെ മൂന്നാം വാര്‍ഷികത്തിന് ബ്രിസ്റ്റോളിലേക്ക് ആവേശത്തോടെ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുന്നു. ബ്രിസ്റ്റോളില്‍ നിന്നും ആരംഭിച്ച് ബ്രിട്ടനിലെ വിവിധ ഇടവകകളിലൂടെ സംഞ്ചരിച്ച് സംഗമ ദിവസം ക്‌നാനായി തൊമ്മന്‍ നഗറില്‍ എത്തിച്ചേര്‍ന്ന പുതിയ തലമുറയുടെ പായ്ക്കപ്പല്‍ മൂന്നാമത് സംഗമത്തിന് ഏറെ മാറ്റുകൂട്ടുന്നു.
സമ്മേളനം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യുന്ന വലിയ മെത്രാപ്പോലീത്താ മേജര്‍ അര്‍ച്ച് ബിഷപ് കുര്യാക്കോസ് മാര്‍ സേവറിയോസ് ലണ്ടനില്‍ എത്തി.ആര്‍ച് ബിഷപ് അയൂബ് മാര്‍ സില്‍വാനിയോസും സമ്മേളനത്തില്‍ പങ്കെടുക്കുമെന്നത് ഇന്നത്തെ ഒത്തുചേരലിനെ ആഗോള ശ്രദ്ധയാകര്‍ഷിക്കുന്നതിലേയ്ക്ക് നയിക്കും. രാവിലെ എട്ടരയ്ക്ക് എത്തിച്ചേരുന്ന അജഗണങ്ങളെ സാക്ഷിയാക്കി ആര്‍ച് ബിഷപ്പ് കുര്യാക്കോസ് മോര്‍ സേവേറിയോസിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രത്യേക ദിവ്യബലി നടക്കും. തുടര്‍ന്നു യൂറോപ്പിലെ വിവിധ ദേവലയങ്ങളുടെയും സമ്മേളന സംഘാടകരുടെയും നേതൃത്വത്തില്‍ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര. അതിനായി വാദ്യമേളങ്ങളും മുത്തുക്കുടകളും ഉള്‍പ്പെടെ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തുടര്‍ന്നു പൊതു സമ്മേളനം. അഭിവന്ദ്യ തിരുമേനിമാര്‍ക്കൊപ്പം ഫാ. സജി എബ്രാഹം, ഫാ. തോമസ് ജേക്കബ് മണിമല, ഫാ. ജോമോന്‍ പുന്നൂസ് എന്നിവര്‍ നേതൃത്വം നല്‍കും. ആശംസകള്‍ നേര്‍ന്ന് ഫാ. ജോയി വയലില്‍, ഫാ. തോമസ് പുതിയാമഠത്തില്‍, ഐന്‍സ്റ്റീന്‍ വാലയില്‍ എന്നിവര്‍ പ്രസംഗിക്കും. എ-ലെവല്‍, ജി.സി.എസ്.സി പരീക്ഷകള്‍ക്ക് ഉന്നത വിജയം നേടിയവര്‍ക്ക് സമ്മാനവിതരണം എന്നിവ നടക്കും. ഉച്ചതിരിഞ്ഞ് ബ്രിട്ടനില്‍ നിന്നും യുറോപ്പിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും വിവിധ ദേവാലയങ്ങളില്‍ നിന്നുമായി എത്തിച്ചേര്‍ന്ന കലാകാരന്മാരുടെയും കലാകാരികളുടെയും വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍. സ്വാഗതഗാനം മാത്രം അറുപതോളും കലാകാരന്മാര്‍ അണിനിരക്കുന്നതായിരിക്കും.
വൈകിട്ട് ആറ് മണിയോടെ സന്ധ്യാപ്രാര്‍ത്ഥന. തുടര്‍ന്ന് സമ്മേളന കൊടിയിറക്കം. സമ്മേളനം വന്‍ വിജയമാക്കാനും മുഴുവന്‍ സഭാംഗങ്ങളെയും പങ്കെടുപ്പിക്കുന്നതിനുമുള്ള തീവ്ര യഞ്ജമാണ് സംഘാടകര്‍ നടത്തി കൊണ്ടിരിക്കുന്നത്. സമ്മേളനത്തിന്റെ വിളംബരം അറിയിച്ചു ബ്രിട്ടന്റെ വിവിധ മേഖലകളില്‍ പര്യടനം പൂര്‍ത്തിയാക്കിയ പായ്ക്കപ്പലിനു സമ്മേളന ദിവസം പ്രത്യേക സ്വീകരണം നല്‍കും. യൂറോപ്പിലെ വിവിധ ദേവാലയങ്ങള്‍ സംഗമത്തിന്റെ കലാപരിപാടികള്‍ക്കായി മാസങ്ങള്‍ നീണ്ട തീവ്ര പരിശീലനത്തിനൊടുവിലാണ് ബ്രിസ്റ്റോളിലെ വേദിയില്‍ എത്തിച്ചേരുന്നത്. ഓരോ ക്‌നാനയക്കാരന്റെയും സംസ്‌കാര സ്മരണകളെ തൊട്ടുണര്‍ത്തുന്ന കേരള നാടിന്റെ ഹൃദയതാളങ്ങള്‍ അറിഞ്ഞു രചിച്ച സ്വാഗതഗാനമാണ്.
ഈ മനോഹര ഗാനത്തിന് ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ശബ്ദം നല്‍കിയിരിക്കുന്നത് പ്രശത്സ ചചച്ചിത്ര പിന്നണി ഗായകന്‍ ബിജു നാരായണനാണ്. അറുപതില്‍ പരം കലാകാരന്മാരും, കലാകാരികളും പങ്കെടുക്കുന്ന ഈ ഗാനത്തിന് നൃത്താവിഷ്‌കാരം നല്‍കുന്നത് ബ്രിസ്റ്റോളിലെ പ്രശസ്ത നൃത്ത അദ്ധ്യാപിക ജ്യോതി ജയ ചന്ദ്രന്‍ ആണ്. ബ്രിസ്റ്റോളിലെ ഇടവക അംഗങ്ങള്‍ ഒപ്പം ദൃശ്യാവിഷ്‌കാരത്തിന് പൂര്‍ണ്ണത നല്‍കുവാനായി ബ്രിസ്റ്റോളിലെ തന്നെ പ്രശസ്ത കലാകാരികളായ പ്രിയ, പ്രീതി, നീതു, മെറിന്‍, നിസി എന്നിവര്‍ അണി ചേരുന്നു. ക്‌നാനായ തനിമയെ വിളിച്ചോതുന്ന നൃത്ത കലക്ക് ജീവന്‍ നല്‍കുവാനായി സ്വീന്‍ഡനിലെ കൊച്ചു കലാകാരികളായ ക്രിപ, ഡോണ, അലീന എന്നിവരും പരിപാടിയില്‍ പങ്കു ചേരുന്നു.
ബ്രിസ്റ്റോള്‍ സെന്റ് സ്റ്റീഫന്‍ ക്‌നാനായ ചര്‍ച്ച് അവതരിപ്പിക്കുന്ന മറ്റു കലാപരിപാടികള്‍ക്ക് ചടുലതാളങ്ങള്‍ നല്‍കി അവയെ പ്രേക്ഷക സ്വീകാര്യമാക്കുവാനായി യു. കെ. യിലെ വളര്‍ന്നു വരുന്ന കൊറിയോഗ്രാഫര്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മലയാള ചലച്ചിത്രമായ ക്രിസ്റ്റ്യന്‍ ബ്രദേഴ്‌സിലെ പ്രശസ്ത ഗാനത്തിനൊപ്പം ചുവട് വച്ച് വെള്ളിത്തിരയില്‍ സാനിധ്യമറിച്ച നോയല്‍ ജെയിംസ് ആണ്. വന്നു ചേരുന്ന അതിഥികളെ സ്വീകരിക്കുവാനായി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ നിറഞ്ഞ ഒരു സ്വാദിഷ്ടമായ കലാസദ്യയാണ് സെന്റ് സ്റ്റീഫന്‍ ക്‌നാനായ ചര്‍ച്ച് ഒരുക്കുന്നത്.
ഇതിനു മാറ്റു കൂട്ടുവാനായി സഹോദര ഇടവകയായ കാര്‍ഡിഫ്, ബര്‍മിങ്ങ്ഹാം, മാഞ്ചസ്റ്റര്‍, മിഡില്‍സ്‌ബ്രോ ഇവയിലെ പ്രമുഖ കലാകാരന്‍മാരും ചേരുന്നത് സംഗമത്തിന് ഇരട്ടി മധുരം നല്‍കുമെന്നത് സംശയം ഇല്ലാത്ത കാര്യമാണ്. സംഗമവേദിയില്‍ മിസ് മില്ലീസ് കേറ്ററിങ് സര്‍വീസിന്റെ ടീം ആദ്യാവസാനം സ്വാദിഷ്ഠമായ വിഭവങ്ങളുമായി കൗണ്ടറുകള്‍ ഒരുക്കി ഉണ്ടായിരിക്കുന്നതാണ്.
സമ്മേളന നഗരിയുടെ അഡ്രസ്സ്:
ക്നായി തൊമ്മന്‍ നഗര്‍ ഗ്രീന്‍വെയ്‌സ് കമ്മ്യൂണിറ്റി സെന്റര്‍
151ഡോണ്‍കാസ്റ്റര്‍ റോഡ്
ബ്രിസ്റ്റോള്‍ BS10 5PY
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല