സ്വന്തം ലേഖകൻ: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആദ്യ അരുമ മൃഗമെത്തി. ഖത്തറിൽ നിന്നെത്തിയ രാമചന്ദ്രന്റെ “ഇവ’ എന്ന പൂച്ചയാണ് കൊച്ചിയില്‍ എത്തിയത്.
വിദേശത്തുനിന്നും വിമാനമാർഗം കേരളത്തിലേക്ക് എത്തുന്ന ആദ്യ അരുമ മൃഗമാണിത്. ദോഹയിൽ നിന്ന് എത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് പൂച്ച എത്തിയത്. പരിശോധനകൾ പൂർത്തിയാക്കി കുടുംബം പൂച്ചയുമായി മടങ്ങി.
കഴിഞ്ഞ ഒക്ടോബറിലാണ് കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍, വിദേശത്തുനിന്ന് മൃഗങ്ങളെ അയയ്ക്കുന്നതിനും കൊണ്ടുവരുന്നതിനുമുള്ള അനുമതി നല്കുന്ന ക്വാറന്റീന് ആന്‍ഡ് സര്ട്ടിഫിക്കേഷന് സേവനം തുടങ്ങിയത്.
കൊച്ചി വിമാനത്താവളത്തില്‍ അനിമല്‍ ക്വാറന്റൈന് സേവനം ആരംഭിക്കണമെന്നത് ഏറെ നാളത്തെ ആവശ്യമായിരുന്നു. ഇക്കഴിഞ്ഞ ഒക്ടോബര്‍ 10-നാണ് അനുമതി ലഭിച്ചത്. നേരത്തേ ഓമന മൃഗങ്ങളെ വിദേശത്തുനിന്ന് കൊണ്ടുവരുന്നതിന് ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളൂരു, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ മാത്രമാണ് അനുമതി ഉണ്ടായിരുന്നത്.
മൃഗങ്ങളുടെ ഇറക്കുമതിക്കും കയറ്റുമതിക്കുമായി കൊച്ചി വിമാനത്താവളത്തിലെ കാര്‍ഗോ വിഭാഗത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എ.സി. പെറ്റ് സ്റ്റേഷന്, പ്രത്യേക കാര്‍ഗോ വിഭാഗം, വെറ്ററിനറി ഡോക്ടര്‍ ഓണ്‍ കോള്‍ തുടങ്ങിയ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്.
വിദേശത്തു നിന്നെത്തുന്ന ഓമനകളെ എ.ക്യു.സി.എസ്. വിഭാഗം പരിശോധന നടത്തി അസുഖങ്ങളൊന്നുമില്ലെന്ന് ബോധ്യപ്പെട്ടാല്‍ ഉടമയ്ക്ക് വിട്ടുനല്‍കും. എന്തെങ്കിലും രോഗലക്ഷണങ്ങള്‍ കാണിച്ചാല്‍ 15 ദിവസത്തേക്ക് ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല