1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 6, 2025

സ്വന്തം ലേഖകൻ: ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ തകർന്ന ഗാസ, യു.എസ്. ഏറ്റെടുത്ത് പുനർനിർമിക്കാമെന്ന്, അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ യു.എസ്. സന്ദർശനത്തിനിടെ വൈറ്റ് ഹൗസിൽ ഇരുവരും ചേർന്ന് നടത്തിയ പത്രസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.

ഗാസയിൽ നിലവിലുള്ള പലസ്തീൻകാർ അവിടം വിട്ട് ഗൾഫ്‌രാജ്യങ്ങളിലേക്ക് പോകട്ടേ. ഗാസയെ സമ്പൂർണമായി പുനർനിർമിക്കാം. ഗാസയ്ക്കുമേൽ ദീർഘകാലാടിസ്ഥാനത്തിലുള്ള ഉടമസ്ഥാവകാശമാണ് യു.എസ്. ലക്ഷ്യമിടുന്നത് -ട്രംപ് പറഞ്ഞു. എന്നാൽ, പുനർനിർമാണശേഷം ഗാസയിൽ ആരു ജീവിക്കുമെന്നകാര്യത്തിൽ അദ്ദേഹം വിശദീകരണമൊന്നും നടത്തിയില്ല.

ട്രംപിന്റെ പ്രഖ്യാപനത്തെ നെതന്യാഹു പിന്താങ്ങി. എന്നാൽ ഇരുരാജ്യങ്ങളുടെയും പുതിയ നീക്കത്തിനെതിരേ സഖ്യകക്ഷികളുൾപ്പെടെ ലോകരാജ്യങ്ങൾ എതിർപ്പുമായി രംഗത്തെത്തി. യു.എസിന്റെ പുതിയ നീക്കം ഗാസയിലെ ഇസ്രയേൽ-ഹമാസ് വെടിനിർത്തൽലംഘനത്തിന് കാരണമാകുമെന്ന് ചില രാജ്യങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഹമാസിന്റെ തടങ്കലിലുള്ള ബാക്കിയുള്ള ബന്ദികളെ വിട്ടുകിട്ടാനുള്ള ചർച്ചകൾ ഈയാഴ്ച ആരംഭിക്കാനിരിക്കുകയാണ്. ബന്ദികളിൽ ഒരു യു.എസ്. പൗരനുമുണ്ട്.

ട്രംപിന്റെ പുതിയ പ്രഖ്യാപനം ഈ നീക്കങ്ങളെയെല്ലാം പൂർണമായും തകർക്കുമെന്ന് ആശങ്കയുയർന്നിട്ടുണ്ട്. ഹമാസ്-ഇസ്രയേൽ യുദ്ധത്തിൽ മധ്യസ്ഥചർച്ചകൾക്ക് യു.എസിനൊപ്പം മുന്നിൽനിന്ന ഈജിപ്തിനും ഖത്തറിനും മേൽ പുതിയ സമ്മർദങ്ങൾക്കും ഈ തീരുമാനം വഴിയൊരുക്കും. പലസ്തീന്റെ സ്വാതന്ത്ര്യത്തിനായി ദീർഘകാലമായി വാദിക്കുന്ന രാജ്യങ്ങളാണ് ഈജിപ്തും ഖത്തറും.

ഗാസയുമായി ബന്ധപ്പെട്ട് ട്രംപ് ഇതിനുമുൻപും ഇത്തരം പരാമർശങ്ങൾ നടത്തിയിരുന്നു. ഗാസയെ ‘ശുദ്ധീകരിച്ച്’ പലസ്തീൻകാരെ അയൽരാജ്യങ്ങളിലേക്ക് മാറ്റുന്ന ആശയം അദ്ദേഹം കഴിഞ്ഞമാസം പങ്കുവെച്ചിരുന്നു. ജോർദാനും ഈജിപ്തും പലസ്തീൻകാരെ ഏറ്റെടുക്കണമെന്നാണ് ട്രംപ് അന്ന് നിർദേശിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.