![](http://www.nrimalayalee.com/wp-content/uploads/2025/02/Screenshot-2025-02-05-164721-640x297.png)
സ്വന്തം ലേഖകൻ: ഗാസ മുനമ്പ് അമേരിക്ക ഏറ്റെടുക്കുമെന്ന് ആവര്‍ത്തിച്ച് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പോരാട്ടത്തിനൊടുവില്‍ ഇസ്രയേല്‍, ഗാസ അമേരിക്കയ്ക്ക് കൈമാറുമെന്ന് ട്രംപ് തന്റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. ഗാസയുടെ പുനര്‍നിര്‍മാണത്തിന് യു.എസ്. സൈന്യത്തെ അയക്കേണ്ടിവരില്ലെന്നും ട്രംപ് കുറിച്ചു.
പലസ്തീനികളെ ഇതിനകംതന്നെ മേഖലയില്‍ കൂടുതല്‍ സുരക്ഷിതവും മനോഹരവുമായ പ്രദേശങ്ങളില്‍ പുതിയതും ആധുനികവുമായ വീടുകളോടെ പുനരധിവസിപ്പിക്കാമായിരുന്നു. അവര്‍ക്ക് സന്തോഷത്തോടെ സുരക്ഷിതവും സ്വതന്ത്രവുമായിരിക്കാന്‍ അവസരം ലഭിക്കും. ലോകമെമ്പാടുമുള്ള മികച്ച സംഘങ്ങളുമായി ചേര്‍ന്ന്, ഭൂമിയിലെ ഏറ്റവും വലുതും അതിശകരവുമായ വികസിത പ്രദേശമായി മാറുന്ന ഒന്നിന്റെ നിര്‍മാണം യു.എസ്. ആരംഭിക്കും. മേഖലയില്‍ സ്ഥിരത ഉറപ്പാക്കുമെന്നും ട്രംപ് കുറിച്ചു.
ഗാസയിൽനിന്ന് പലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള ഒരുക്കം തുടങ്ങി ഇസ്രയേൽ. പലസ്തീൻ ജനതയും അന്താരാഷ്ട്രസമൂഹവും എതിർപ്പ് ശക്തമാക്കുമ്പോഴാണ് ഇസ്രയേൽ ഭരണകൂടത്തിന്റെ നീക്കം. ഗാസക്കാരെ വലിയതോതിൽ കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള തയ്യാറെടുപ്പാണ് ഇസ്രയേൽ നടത്തുന്നത്. അതേസമയം, നീക്കത്തിനെതിരേ ഈജിപ്ത് ശക്തമായ എതിർപ്പ് യു.എസിനെ അറിയിച്ചു. ട്രംപിന്റേത് ഗാസയിൽ അധിനിവേശം നടത്താനുള്ള നീക്കമാണെന്ന് ഹമാസ് പ്രതികരിച്ചു. അടിയന്തര അറബ് ഉച്ചകോടി ചേർന്ന് ഗാസക്കാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ ചെറുക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടു.
ട്രംപ് ഭരണകൂടത്തിന്റെ നടപടികളിൽ പ്രതിഷേധിച്ച് ബുധനാഴ്ച യു.എസിലെ വിവിധ നഗരങ്ങളിൽ പ്രതിഷേധക്കാർ റാലി നടത്തി. കുടിയേറ്റക്കാരെ തിരിച്ചയക്കുന്നതും ട്രാൻസ്ജെൻഡർ വിരുദ്ധവുമായ ട്രംപിന്റെ നടപടികളിൽ പ്രതിഷേധിച്ചായിരുന്നു റാലി. ഇലോൺ മസ്കിനെതിരേയും പ്രതിഷേധമുയർന്നു.
ചൊവ്വാഴ്ചയാണ് ഗാസയിലെ ജനങ്ങളെ പൂർണമായി ഒഴിപ്പിച്ച് വിപുലമായ പുനർനിർമാണം നടത്തുമെന്ന് ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ, പുനർനിർമാണത്തിനായി പലസ്തീൻകാരെ ഗാസയിൽനിന്ന് താത്കാലികമായി മാറ്റുകയെന്നതുമാത്രമാണ് ട്രംപിന്റെ പദ്ധതിയെന്ന് യു.എസ്. വിദേശകാര്യസെക്രട്ടറി മാർക്കോ റൂബിയോ വ്യാഴാഴ്ച അവകാശപ്പെട്ടു. ഇസ്രയേൽ ആക്രമണത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾ നീക്കംചെയ്ത് ഗാസയെ പുനർനിർമിക്കാനുള്ള സഹായപദ്ധതിയാണ് ട്രംപിന്റേതെന്നും ഗ്വാട്ടിമാലയിൽവെച്ച് പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
ഇതേ അഭിപ്രായമാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റും വാഷിങ്ടണിൽ മാധ്യമങ്ങളോട് പങ്കുവെച്ചത്. ഗാസ ഇപ്പോൾ ആളുകൾക്ക് ജീവിക്കാൻ സാധിക്കാത്ത ഇടമാണ്. അത്തരമൊരു സ്ഥലത്ത് കഴിയാൻ ആളുകളോട് ആവശ്യപ്പെടുന്നത് മനുഷ്യത്വരഹിതമാണെന്നും അവർ പറഞ്ഞു.
ട്രംപിന്റെ നിർദേശത്തെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും സ്വാഗതംചെയ്തിരുന്നു. എന്നാൽ, ഗാസക്കാരെ ഒഴിപ്പിക്കുന്നത് പശ്ചിമേഷ്യയിലെ സ്ഥിതി കൂടുതൽ കലുഷിതമാക്കുമെന്നായിരുന്നു ഈജിപ്ത്, ജോർദാൻ അടക്കമുള്ള രാജ്യങ്ങളുടെ നിലപാട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല