സ്വന്തം ലേഖകൻ: യു.എസിന്റെ നീന്തൽ സൂപ്പർ താരം ഗാരി ഹാൾ ജൂനിയറിന് കാട്ടുതീയിൽ നഷ്ടമായത് നിധിപോലെ കാത്തുസൂക്ഷിച്ചിരുന്ന അഞ്ച് സ്വർണമുൾപ്പെടെ പത്ത് ഒളിംപിക് മെഡലുകളാണ്. പസഫിക് പാലിസാഡ്സിലായിരുന്നു ഗാരിയുടെ വീട്. കാട്ടുതീയിൽനിന്ന് വളർത്തുനായയെ മാത്രമേ അദ്ദേഹത്തിന് രക്ഷിക്കാനായുള്ളൂ. ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസിൽ താമസിച്ചിരുന്ന താരങ്ങളിൽ ഭൂരിഭാഗത്തിന്റെയും വീടുകളും കത്തിനശിച്ചു.
വെള്ളിയാഴ്ച വൈകീട്ടോടെ കൂടുതൽ മേഖലകളിൽതീയണയ്ക്കാൻ അഗ്നിരക്ഷാസേനാംഗങ്ങൾക്കായി. എന്നാൽ, സാന്റ ആന എന്ന വരണ്ടകാറ്റ് വീണ്ടും ശക്തിപ്രാപിക്കുമെന്നും പുതിയ അഗ്നിതാണ്ഡവത്തിന് കാരണമാകുമെന്നുമാണ് ലോസ് ആഞ്ജലിസ് കാലാവസ്ഥാ സർവീസിന്റെ മുന്നറിയിപ്പ്. എട്ടുമാസമായി മഴലഭിക്കാത്തതിനാൽ ഇവിടത്തെ കാലാവസ്ഥ അത്രയും വരണ്ടതാണ്.
അതേസമയം, തീകെടുത്താനുള്ള ശ്രമങ്ങളിൽ ഭരണകൂടപാളിച്ചയുണ്ടായെന്ന ആരോപണം ശക്തമായി. പ്രദേശത്തെ 4400 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയും മറ്റ് സംഭരണികളും അപകടസമയത്ത് എങ്ങനെ വറ്റിക്കിടന്നെന്നത് സംബന്ധിച്ച് ഗവർണർ ഗാവിൻ ന്യൂസം അന്വേഷണത്തിന് ഉത്തരവിട്ടു. തീകെടുത്താനാവശ്യമായ ഫണ്ട് നഗരഭരണകൂടം ലഭ്യമാക്കിയില്ലെന്ന് ലോസ് ആഞ്ജലിസ് അഗ്നിരക്ഷാസേനാ മേധാവി ക്പിസ്റ്റിൻ ക്രൗലി ആരോപിച്ചു. കാട്ടുതീയുടെ മറവിൽ പ്രദേശത്ത് വ്യാപകകൊള്ളനടത്തിയതുമായി ബന്ധപ്പെട്ട് 18 പേരെ പോലീസ് അറസ്റ്റുചെയ്തു.
പാലിസേഡ്, ഈറ്റൺ എന്നിങ്ങനെ അതിവേഗം പടർന്ന രണ്ടു വലിയ കാട്ടു തീകളിലായി 11 പേരാണ് മരിച്ചത്. കാണാതായവർക്കായി തീ ശമിച്ചയിടങ്ങളിൽ ശ്വാനസേനയെ ഉപയോഗിച്ച് തിരച്ചിൽ തുടങ്ങിയിട്ടുണ്ട്. 36,000-ത്തിലധികം ഹെക്ടർ പ്രദേശത്തെ തീ വിഴുങ്ങി. 12,000 നിർമിതികൾ കത്തിനശിച്ചു. 15,000 കോടിയിലേറെ ഡോളറിന്റെ നഷ്ടം കണക്കാക്കുന്നു.
13 ലക്ഷത്തോളം പേർ പാർക്കുന്ന യു.എസിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ആഞ്ജലിസിനെ ഇനിയെങ്ങനെ പുനർനിർമിച്ചെടുക്കുമെന്ന ചോദ്യം അധികൃതരെ കുഴക്കുമ്പോൾ ഇവിടത്തുകാരുടെ മനസ്സിൽ കാട്ടുതീയേൽപ്പിച്ച പൊള്ളലിന്റെ നെരിപ്പോടണയാൻ കാലങ്ങളെടുത്തേക്കും.
ഇതിനിടെ ലോകപ്രശസ്തമായ ഹോളിവുഡ് സൈനും കത്തിനശിച്ചു എന്ന തരത്തില്‍ പ്രചാരണങ്ങളുണ്ടായി. ഹോളിവുഡ് സൈന്‍ കത്തിനശിക്കുന്നതായി കാണിച്ച് നിരവധി വീഡിയോസും ഫോട്ടോസും സാമൂഹികമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.
എന്നാല്‍ ഇത് വാസ്തവവിരുദ്ധമായ പ്രചാരണമാണ്. നിര്‍മിതബുദ്ധിയും മറ്റും ഉപയോഗിച്ച് വ്യാജമായി നിര്‍മിച്ച വീഡിയോസും ഫോട്ടോസുമാണ് പ്രചരിക്കുന്നതും. ഹോളിവുഡ് സൈനിന് കേടുപാടുകള്‍ ഒന്നും സംഭവിച്ചിട്ടില്ല. സൈനിലേക്ക് തീപടരുന്നതിന് മുമ്പ് തന്നെ നിയന്ത്രണത്തിലാക്കാന്‍ അഗ്നിശമന സേനയ്ക്ക് കഴിഞ്ഞു. അതുകൊണ്ടുതന്നെ ഹോളിവുഡ് സൈനിന് കേടുപാടുകളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല