സ്വന്തം ലേഖകൻ: റഷ്യയുടെ പടിഞ്ഞാറന്‍ പ്രദേശമായ കുര്‍സ്‌കില്‍ സൈനിക ഓഫീസ് തുറന്ന് യുക്രൈന്‍. റഷ്യന്‍ അതിര്‍ത്തിക്കുള്ളില്‍ യുക്രൈന്‍ കരയധിനിവേശം തുടര്‍ന്ന് മുന്നേറുന്നതിനിടെയാണിത്. നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ക്രമസമാധാനനില ഉറപ്പാക്കാനും ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാനുമാണ് ഓഫീസ് തുറന്നതെന്ന് യുക്രൈന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡറെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ടുചെയ്തു.
യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കിയുടെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഓഫീസ് സ്ഥാപിച്ചവിവരം സൈനിക ഉദ്യോഗസ്ഥര്‍ അറിയിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, യുക്രൈന്‍ നിയന്ത്രണത്തിലാക്കിയ പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ കൂടുതല്‍ സൈന്യത്തെ അവിടേക്ക് അയയ്ക്കുമെന്ന് റഷ്യന്‍ പ്രതിരോധമന്ത്രി അന്‍ഡ്രെ ബെലോസോവ് പറഞ്ഞു.
വ്യാഴാഴ്ചയും റഷ്യന്‍ പ്രദേശങ്ങളില്‍ കരയധിനിവേശം തുടര്‍ന്നുവെന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്. കുര്‍ക്‌സ് മേഖലയില്‍ 35 കിലോമീറ്റര്‍ ഉള്ളിലേക്ക് സൈന്യം കടന്നിട്ടുണ്ട്. 82 ജനവാസ കേന്ദ്രങ്ങളടക്കം ഉള്‍പ്പെടുന്ന 1150 ചതുരശ്രകിലോമീറ്റര്‍ പ്രദേശം നിയന്ത്രണത്തിലാക്കിയെന്നും അവര്‍ അവകാശപ്പെടുന്നു. അതിനിടെ, റഷ്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കാന്‍ യുക്രൈന് യാതൊരുതാത്പര്യവുമില്ലെന്നും സമാധാനം പുനസ്ഥാപിക്കുന്നതില്‍ റഷ്യയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ മാത്രമാണ് ഇങ്ങനെ ചെയ്യുന്നതെന്നുമാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
അതിനിടെ, യുക്രൈന്‍ അതിര്‍ത്തി പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ റഷ്യ അടിയന്തര നീക്കങ്ങളാരംഭിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. റഷ്യയിലെ ബെല്‍ഗൊരോദ് മേഖലയില്‍ യുക്രൈന്‍ കരസേന എത്തിയതോടെ ബുധനാഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു. യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ വ്യാചെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞിരുന്നു. 2022-ല്‍ യുദ്ധം തുടങ്ങിയശേഷം ഏതാനും ദിവസംമുമ്പ് മാത്രമാണ് റഷ്യന്‍ മണ്ണില്‍ യുക്രൈന്‍ സൈന്യം കടക്കുന്നത്.
രണ്ടാം ലോകയുദ്ധത്തിനുശേഷം റഷ്യയ്ക്കുനേരേയുണ്ടാകുന്ന ഏറ്റവും വലിയ കരഅധിനിവേശമാണിതെന്നും 10000-ലേറെ യുക്രൈന്‍ സൈനികര്‍ അതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. യുക്രൈന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ബ്രയാന്‍സ്‌ക്, ബെല്‍ഗൊരോദ്, കുര്‍ക്‌സ് തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ക്കഴിയുന്ന വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല