സ്വന്തം ലേഖകൻ: റഷ്യന്‍ അതിര്‍ത്തിക്കുള്ളിലെ കുര്‍സ്‌ക് മേഖലയില്‍ ഈ മാസം ആറിന് ആരംഭിച്ച കരയധിനിവേശം യുക്രൈന്‍ സൈന്യം കൂടുതല്‍ പ്രദേശത്തേക്കു വ്യാപിപ്പിച്ചു. ബെല്‍ഗൊരോദ് മേഖലയില്‍ യുക്രൈന്‍ കരസേന എത്തി. ഇതോടെ, ബുധനാഴ്ച ഇവിടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കുര്‍സ്‌കിലും ബെല്‍ഗൊരോദിലും നിന്നായി 1.3 ലക്ഷത്തിലേറെപ്പേരെ ഒഴിപ്പിച്ചു.
യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ ഒട്ടേറെപ്പേര്‍ക്ക് പരിക്കേറ്റെന്നും വീടുകള്‍ തകര്‍ന്നെന്നും സ്ഥിതി ഗുരുതരമാണെന്നും ബെല്‍ഗൊരോദ് ഗവര്‍ണര്‍ വ്യാചെസ്‌ലാവ് ഗ്ലാഡ്കോവ് പറഞ്ഞു. 5000 കുട്ടികളെ സുരക്ഷിതരായി ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചെന്നും അറിയിച്ചു. കഴിഞ്ഞദിവസം ഇവിടെനിന്ന് 11,000 പേര്‍ പലായനം ചെയ്തിരുന്നു.
റഷ്യന്‍ ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ ഉദ്ദേശ്യമില്ലെന്നും കുര്‍ക്സില്‍നിന്ന് യുക്രൈനിലേക്ക് മിസൈലാക്രമണം നടത്തുന്നത് നിര്‍ത്താന്‍ റഷ്യയെ നിര്‍ബന്ധിതരാക്കുകയാണ് ആക്രമണത്തിലൂടെ ലക്ഷ്യമിടുന്നതെന്നും യുക്രൈന്‍ വിദേശകാര്യവക്താവ് പറഞ്ഞു.
2022-ല്‍ യുദ്ധം തുടങ്ങിയശേഷം ആദ്യമായാണ് റഷ്യന്‍ മണ്ണില്‍ യുക്രൈന്‍ സൈന്യം കടക്കുന്നത്. രണ്ടാംലോകയുദ്ധത്തിനുശേഷം റഷ്യയ്ക്കുനേരേയുണ്ടാകുന്ന ഏറ്റവും വലിയ കരഅധിനിവേശമാണിതെന്നും 10000-ലേറെ യുക്രൈന്‍ സൈനികര്‍ അതില്‍ പങ്കാളികളായിട്ടുണ്ടാകാമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ശനിയാഴ്ച കുര്‍ക്‌സില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. കുര്‍ക്സ് മേഖലയിലെ 74-ഓളം ജനവാസകേന്ദ്രങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തെന്നും റഷ്യയുടെ 1000 ചതുരശ്രകിലോമീറ്റര്‍ അതിര്‍ത്തിപ്രദേശം പിടിച്ചെടുത്തെന്നും യുക്രൈന്‍ അവകാശപ്പെടുന്നു.
യുക്രൈന്‍ ആക്രമണം നടത്തുന്ന പശ്ചാത്തലത്തില്‍ ബ്രയാന്‍സ്‌ക്, ബെല്‍ഗൊരോദ്, കുര്‍ക്സ് തുടങ്ങിയ അതിര്‍ത്തിപ്രദേശങ്ങളില്‍ക്കഴിയുന്ന വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യന്‍ പൗരര്‍ക്ക് മോസ്‌കോയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം ജാഗ്രതാനിര്‍ദേശം നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല