1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2024

സ്വന്തം ലേഖകൻ: സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഖത്തറിലെ ചില സ്‌കൂളുകള്‍ ഇരട്ട ഷിഫ്റ്റ് സമ്പ്രദായം നടപ്പിലാക്കുന്നു. രാവിലെയും ഉച്ചയ്ക്കു ശേഷവുമായി രണ്ട് ബാച്ചുകള്‍ ആരംഭിക്കാനാണ് തീരുമാനം. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള ഉച്ചകഴിഞ്ഞുള്ള ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചിരിക്കുകയാണ് ഖത്തറിലെ ഈ ഇന്ത്യന്‍ സ്‌കൂളുകള്‍. മറ്റ് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്ന് കുട്ടികളെ ട്രാന്‍സ്ഫര്‍ പാടില്ലെന്ന വ്യവസ്ഥയിലാണ് പുതിയ ഷിഫ്റ്റ് സമ്പ്രദായം ആരംഭിക്കാന്‍ ഖത്തര്‍ അധികൃതര്‍ ഈ സ്‌കൂളുകള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്.

എംഇഎസ് ഇന്ത്യന്‍ സ്‌കൂളിലും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂളിലും കിന്റര്‍ഗാര്‍ട്ടന്‍ (കെജി-1) മുതല്‍ എട്ടാം ക്ലാസ്സ് വരെ ഉച്ചയ്ക്കു ശേഷമുള്ള ബാച്ചില്‍ ഉള്‍പ്പെടുത്തും. എംഇഎസ് ഇന്ത്യന്‍ സ്‌കൂളിന്റെ അബു ഹമൂര്‍ ബ്രാഞ്ച്, ശാന്തിനികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍, ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ ഒന്നു മുതല്‍ 8 വരെയുള്ള ക്ലാസുകളിലേക്ക് സെക്കന്റ് ഷിഫ്റ്റില്‍ പ്രവേശനം ലഭ്യമാണ്. ഈ അഞ്ച് സ്‌കൂളുകള്‍ക്ക് പ്രഭാത ബാച്ചിന്റെ അത്രയും കുട്ടികളെ ഉച്ചയ്ക്കു ശേഷമുള്ള ബാച്ചിലും പ്രവേശിപ്പിക്കാന്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അനുമതി നല്‍കിയിട്ടുണ്ട്.

ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റുകള്‍ ആരംഭിക്കാന്‍ ഖത്തറിലെ തങ്ങളുടെ രണ്ട് സ്‌കൂള്‍ കാമ്പസുകള്‍ക്കും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്ന് അനുമതി ലഭിച്ചതായി എംഇഎസ് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അറിയിച്ചു. ഖത്തറിലെ സ്‌കൂളുകളുടെ ലഭ്യതക്കുറവ് കാരണം സ്‌കൂളുകളില്‍ ചേരാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിബന്ധനയോടെയാണ് സെക്കന്റ് ഷിഫ്റ്റിന് അനുമതി നല്‍കിയിരിക്കുന്നതെന്നും അവര്‍ അറിയിച്ചു. അഡ്മിഷന്‍ ആരംഭിച്ച് മണിക്കൂറുകള്‍ക്കകം സമൂഹത്തില്‍ നിന്ന് മികച്ച പ്രതികരണമാണ് സ്‌കൂളിന് ലഭിച്ചത്. ക്ലാസ് സമയം ഉച്ചയ്ക്ക് 2 മണി മുതല്‍ 7 മണി വരെയായിരിക്കും. നവംബര്‍ 3ന് ഉച്ചയ്ക്കു ശേഷമുള്ള ബാച്ചില്‍ പഠനം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, ഉച്ച കഴിഞ്ഞുള്ള ഷിഫ്റ്റിലേക്ക് രക്ഷിതാക്കളില്‍ നിന്ന് 4,000 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും ശാന്തി നികേതന്‍ ഇന്ത്യന്‍ സ്‌കൂള്‍ സ്ഥിരീകരിച്ചു. ഈ ഷിഫ്റ്റ് സംവിധാനം നിലവിലുള്ള പ്രഭാത ബാച്ചിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രിന്‍സിപ്പല്‍ റഫീഖ് റഹീം പറഞ്ഞു. രാവിലത്തെ ഷിഫ്റ്റ് പതിവുപോലെ തുടരും. പഠന സമയത്തില്‍ മാറ്റമുണ്ടാവില്ല. അതേസമയം, 110 മിനുട്ട് വരുന്ന ഇടവേള സമയം 70 മിനിറ്റായി കുറച്ചിട്ടുണ്ട്. രാവിലെ ഷിഫ്റ്റ് രാവിലെ 7 മണിക്ക് ആരംഭിച്ച് 12:50 ന് അവസാനിക്കുമ്പോള്‍ ഉച്ചതിരിഞ്ഞ് ബാച്ചില്‍ ഉച്ചയ്ക്ക് 1 മുതല്‍ 6 വരെയാണ് ഇവിടെ ക്ലാസുകള്‍ നടക്കുക.

ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളിലെ ഉച്ചകഴിഞ്ഞുള്ള ഷിഫ്റ്റ് ക്ലാസുകള്‍ക്കും ഉച്ചയ്ക്ക് 1 മുതല്‍ 6 വരെയാണ് പ്രവൃത്തി സമയം. പ്രവേശനത്തിനായി കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികളുടെ ഒരു നീണ്ട പട്ടിക ഉള്ളതിനാല്‍ ഡബിള്‍ ഷിഫ്റ്റിന്റെ സാധ്യതയെക്കുറിച്ച് സ്‌കൂള്‍ വളരെക്കാലമായി ആലോചിച്ചുവരികയായിരുന്നു എന്ന് പ്രിന്‍സിപ്പല്‍ ഷെയ്ക് ഷമീം സാഹിബ് പറഞ്ഞു. ഇവിടെ പ്രവേശനം ആഗ്രഹിക്കുന്ന 4,800 വിദ്യാര്‍ത്ഥികളുടെ വെയ്റ്റിംഗ് ലിസ്റ്റ് ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഉച്ചയ്ക്കു ശേഷമുള്ള ഷിഫ്റ്റിലേക്ക്് പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന നടപടി പുരോഗമിക്കുകയാണ്.

തുടക്കനിലവിലെ ജീവനക്കാരെ ആഭ്യന്തരമായി കൈകാര്യം ചെയ്യുമെന്നും എന്നാല്‍ സമീപഭാവിയില്‍ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്ന കാര്യം പരിശോധിക്കുമെന്നും ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി ജോസഫ് പറഞ്ഞു. ഉച്ചയ്ക്ക് 1 മണി മുതല്‍ 6 മണി വരെയുള്ള ബാച്ചിലേക്ക് കെജി-1 മുതല്‍ 8 വരെ ക്ലാസുകളില്‍ പ്രവേശനം ആരംഭിച്ചു. അഡ്മിഷനുമായി ബന്ധപ്പെട്ട് ഒരു വെബ്സൈറ്റ് വികസിപ്പിക്കുന്ന പ്രക്രിയയിലാണെന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, അല്‍ വുകൈറിലെ ലയോള ഇന്റര്‍നാഷണല്‍ സ്‌കൂളിനും ഇരട്ട് ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാന്‍ അനുമതി ലഭിച്ചിട്ടുണ്ടെന്നും ഈ വര്‍ഷം പ്രവേശനം നല്‍കുന്നില്ലെന്നും അധികൃതര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.