സ്വന്തം ലേഖകൻ: ഖത്തറിലെ രണ്ട് ഇന്ത്യൻ വിദ്യാലയങ്ങൾക്ക് ഈവനിങ് ഷിഫ്റ്റിന് അനുമതി നൽകി ഖത്തർ വിദ്യാഭ്യാസ മന്ത്രാലയം. ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നീ സ്ഥാപനങ്ങൾക്കാണ് ഖത്തർ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള പ്രൈവറ്റ് സ്കൂൾ ലൈസൻസിങ് വിഭാഗം ഈവനിങ് ഷിഫ്റ്റിന് അനുമതി നൽകിയത്. ഉച്ചക്ക് ഒരു മണി മുതൽ വൈകുന്നേരം 6 മണി വരെയാണ് ഈവനിങ് ഷിഫ്റ്റ് പ്രവർത്തിക്കുക.
വർഷങ്ങളായി ഖത്തറിലെ പ്രവാസി ഇന്ത്യൻ സമൂഹം നേരിടുന്ന സ്കൂൾ പ്രവേശനത്തിനുള്ള സീറ്റ് ക്ഷാമത്തിന് ഈ തീരുമാനം ഒരു പരിധി വരെ സഹായകമാകും. നിലവിൽ 18 ഓളം ഇന്ത്യൻ വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന ഖത്തറിൽ എല്ലാ വിദ്യാലയങ്ങളും മോണിങ് ഷിഫ്റ്റിലാണ് പ്രവർത്തിക്കുന്നത്. ശാന്തി നികേതൻ ഇന്ത്യൻ സ്കൂൾ, ഐഡിയൽ ഇന്ത്യൻ സ്കൂൾ എന്നീ സ്ഥാപനങ്ങൾക്ക് വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന പുതിയ ബാച്ചിലേക്ക് പ്രവേശനം നൽകാൻ അനുമതി ലഭിച്ചതോടെ ഇന്ത്യൻ വിദ്യാലയങ്ങളിൽ പ്രവേശനം ലഭിക്കാത്ത നിരവധി വിദ്യാർഥികൾക്ക് ഈ തീരുമാനം ആശ്വാസമാകും.
ഖത്തറിൽ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശന ലഭിക്കാത്ത വിദ്യാർഥികൾ സ്വകാര്യ ട്യൂഷൻ സെന്ററുകളിലും ഓൺലൈൻ വിദ്യാഭ്യാസ സൗകര്യങ്ങളും ഉപയോഗപ്പെടുത്തി കൊണ്ടാണ് അവരുടെ പഠനം തുടർന്നിരുന്നത്. ഈവനിങ് ഷിഫ്റ്റിന് അനുമതി ലഭിച്ച സ്കൂളുകളിലെ മോണിങ് ഷിഫ്റ്റുകളിൽ പ്രവേശനം നേടിയ വിദ്യാർഥികൾക്കും മറ്റ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും പുതുതായി അനുവദിച്ച ഈവനിങ് ഷിഫ്റ്റിലേക്ക് മാറാൻ സാധ്യമല്ല. ഈവനിങ് ഷിഫ്റ്റിൽ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് ചുരുങ്ങിയത് ഒരു വർഷം കാലാവധിയുള്ള ഖത്തർ ഐഡി കാർഡ് ഉണ്ടായിരിക്കണം.
ഈവനിങ് ഷിഫ്റ്റിന് അനുമതി ലഭിച്ചതോടെ ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിൽ പ്രവേശന നടപടികൾ ആരംഭിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു. ഓൺലൈൻ വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഖത്തറിൽ വർധിച്ചുവരുന്ന ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ എണ്ണത്തിനനുസരിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്തത് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇന്ത്യൻ പ്രവാസി സമൂഹത്തിൽ വലിയ പ്രതിസന്ധിയായിരുന്നു സൃഷ്ടിച്ചിരുന്നത്.
പല പുതിയ സ്കൂളുകളും ആരംഭിച്ചില്ലെങ്കിലും ഉയർന്ന ഫീസ് നിരക്ക് ആയതിനാൽ ഇടത്തരം പ്രവാസി കുടുംബങ്ങൾക്ക് ഇത്തരം സ്ഥാപനങ്ങൾ പ്രവേശനം നേടുക എന്നതും പ്രതിസന്ധിയായിരുന്നു. ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലും ഐഡിയൽ ഇന്ത്യൻ സ്കൂളിലും ഈവനിങ് ബാച്ച് പുതുതായി ആരംഭിച്ചതോടെ സാധാരണക്കാരായ പ്രവാസി കുടുംബങ്ങൾക്കാണ് ഇത് ഏറെ ആശ്വാസമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല