സ്വന്തം ലേഖകന്‍: ലണ്ടന്‍ ക്രൂവിലെ സെന്റ് മേരീസ് പള്ളി കണ്ണീര്ക്കടലാക്കിമ്മൊണ്ട് എവ്ലിന് യാത്രയായി. കഴിഞ്ഞ ശനിയാഴ്ച വാഹനാപകടത്തില്‍ ദാരുണമായി കൊല്ലപ്പെട്ട പിഞ്ച് എവ്ലിന്റെ അന്ത്യയാത്രക്ക് യുകെ മലയാളികളുടെ ചരിത്രത്തിലെ ഏറ്റവും വലിയ ആള്‍ക്കൂട്ടമാണ് കണ്ണീരുമായി അകമ്പടി സേവിച്ചത്.
ശനിയാഴ്ച നോട്ടിംഹാം അരീനക്കു മുന്നിലാണ് എവ്ലിന് അബദ്ധത്തില്‍ സ്വന്തം അച്ഛന് സെല്‍ജിയുടെ കാറിന്റെ ചക്രങ്ങള്‍ക്കിടയില്‍ പെട്ടുപോയത്. അരീനക്ക് എതിര്‍വശത്തുള്ള ധ്യാനകേന്ദ്രത്തില്‍ ധ്യാനം കൂടാനെത്തിയതായിരുന്നു എവ്ലിനും പിതാവ് സെല്‍ജിയും മാതാവ് ജോമിലിയും. ജോമിലിയേയും എവ്ലിനേയും ഇറക്കി സെല്‍ജി കാര്‍ പിന്നോട്ടെടുക്കുമ്പോള്‍ കുഞ്ഞ് അബദ്ധത്തില്‍ ചക്രങ്ങളില്‍ പെട്ടുപോകുകയായിരുന്നു.
ഉടനടി എവ്ലിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും യുകെ മലയാളികളുടെ മുഴുവന്‍ പ്രാര്‍ത്ഥനയും വൃഥാവിലാക്കി രാത്രിയോടെ സെല്ജിയുടേയും ജോമിലെയുടേയും കുഞ്ഞു മാലാഖ മാതാപിതാക്കളെ തനിച്ചാക്കി യാത്രയായി.
യുകെയിലെ മുഴുവന്‍ മലയാളികളും സെല്‍ജിയുടെയും ജോമിലിയുടേയും ദുരന്തം സ്വന്തം ദുരന്തമായി ഏറ്റെടുത്ത ദിവസങ്ങളായിരുന്നു പിന്നീട്. ഒടുവില്‍ സെന്റ് മേരീസ് പള്ളിയങ്കണത്തിലേക്ക് എവ്ലിന്റെ ജീവനറ്റ ശരീരമെത്തുമ്പോള്‍ ഒപ്പം ഒരു മനുഷ്യസാഗരവുമെത്തി.
നിയമത്തിന്റെ നൂലാമാലകള്‍ ഒരാഴ്ച കൊണ്ട് അതിവേഗത്തില്‍ പൂര്‍ത്തിയാക്കിയാണ് കുഞ്ഞിന്റെ സംസ്ക്കാരം ശനിയാഴ്ച നടത്താന്‍ തീരുമാനിച്ചത്. രാവിലെ 9.45 ടെ സെന്റ് മേരീസ് ദേവാലയത്തിലേക്ക് കൊണ്ടുപോയ എവ്ലിയുടെ ശരീരം വൈദികര്‍ പ്രാര്‍ത്ഥനകളോടെ സ്വീകരിച്ച് അള്‍ത്താരക്ക് മുന്നില്‍ പ്രതിഷ്ഠിച്ചു.
10 മുതല്‍ 11 വരെ ക്രൂവിലെ മലയാളി സമൂഹത്തിന് അന്ത്യയാത്രാമൊഴി നല്‍കാനുള്ള സമയമായിരുന്നു. റവ. ലോനപ്പന് അരങ്ങാശേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന ദിവ്യബലിക്കു ശേഷം സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ എവ്ലിന് അന്ത്യോപചാരം അര്‍പ്പിച്ചു.
സെന്റ് മേരീസ് പള്ളിയിലെ ചടങ്ങുകള്‍ക്ക് ശേഷം നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ എവ്ലിന്റെ ശരീരം സെന്റെ പീറ്റേഴ്സ് ദേവാലയത്തിലേക്ക് കൊണ്ടുപോയി. അവസാനഘട്ട ശുശ്രൂഷകള്‍ക്കു ശേഷം എവ്ലിന് സെന്റ് പീറ്റേഴ്സ് ദേവാലയത്തിന്റെ സെമിത്തേരിയിലെ വേദനിപ്പിക്കുന്ന ഒരു ഓര്‍മ്മയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല