നമ്മുടെ നാട്ടില്‍ കൊച്ചി മെട്രോ റെയില്‍ പദ്ധതി എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് നാള്‍ ഏറെയായി. ഇനി തല്‍ക്കാലം മറ്റൊരു റെയില്‍വേ വിശേഷത്തിലേക്ക് വരാം. ബ്രിട്ടനില്‍ വരാന്‍ പോകുന്ന അതിവേഗ റെയില്‍ ലിങ്കിനെ കുറിച്ചാണ് പറഞ്ഞു വരുന്നത് മുന്‍പ് പരിസ്ഥിതി പ്രവര്‍ത്തകര്‍ വന്‍തോതില്‍ എതിര്‍ത്ത് പ്രകടിപ്പിചിരുന്നുവെങ്കിലും ഈ എതിര്‍പ്പിനെ മറികടന്നു അതിവേഗറെയില്‍ ലിങ്ക് പണിയുമായി മുന്നോട്ടു പോകുവാന്‍ ഗതാഗത വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്.
അടുത്താഴ്‌ച ഇതിനുള്ള അനുമതി നല്‌കുമെന്ന് ഗതാഗത സെക്രട്ടറി ജസ്റ്റിന്‍ ഗ്രീനിങ് അറിയിക്കുകയുമുണ്ടായി. 34 ബില്യണ്‍ പൗണ്ട് ചിലവു പ്രതീക്ഷിക്കുന്ന ഈ പ്രോജക്ടിന്റെ ആദ്യഘട്ടത്തിനായി 18 ബില്യന്‍ പൗണ്ടാണ് ചിലവ് കണക്കാക്കിയിരിക്കുന്നത്. ഈ ഹൈസ്‌പീഡ് ലിങ്കിന്റെ ആദ്യ ഘട്ടം വെസ്റ്റ് ലണ്ടനെയും ബെര്‍മിഗ്‌ഹാമിനെയും തമ്മില്‍ ബന്ധിപ്പിക്കും. പിന്നീട് ഈ റൂട്ട് വൈ ഷേയ്‌പ്പില്‍ ലീഡ്‌സിനെയും മാഞ്ചസറ്ററിനെയും കൂട്ടി യോജിപ്പിക്കും.
നിര്‍മാണചിലവിന്റെ പകുതിയോളം തുക പിന്നീട് യാത്രക്കാരില്‍ നിന്നും അധിക ഫെയര്‍ സ്റ്റേജായി വാങ്ങുവാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഈ ഹൈ സ്‌പീഡ് റെയില്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാത്രക്കാര്‍ക്ക് സമയം പകുതിയിലധികം ലാഭമാണ്. നിലവില്‍ ബെര്‍മിഗ്‌ഹാമില്‍ നിന്നു ലണ്ടനില്‍ എത്തണമെങ്കില്‍ 1 മണിക്കൂര്‍ 24 മിനിട്ട് വേണം. ഇത് വെറും 35 മിനിട്ടായി കുറയ്‌ക്കാന്‍ ഹൈസ്‌പീഡ് ലിങ്കിനു സാധിക്കും. പക്ഷേ ഈ റെയില്‍ ലിങ്ക് യാഥാര്‍ത്ഥ്യമാകണമെങ്കില്‍ കുറഞ്ഞത് എട്ടു വര്‍ഷമെങ്കിലും എടുക്കും. 2026-ലേ ഈ റെയില്‍ ലിങ്ക് യാഥാര്‍ത്ഥ്യമാകുകയുള്ളൂ.
എന്നാല്‍ അതിവേഗപാത പരിസ്ഥിതിക്ക് ഏറെ നാശം വരുത്തുമെന്നാണ് ഇഇതിനെ എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നത്. ഈ റെയില്‍ യാഥാര്‍ത്ഥ്യമാക്കാനായി ആയിരക്കണക്കിനു വീടുകള്‍ പൊളിച്ചുമാറ്റേണ്ടി വരും. കൂടാതെ 125 ഏക്കര്‍ വനഭൂമിയെങ്കിലും നശിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയം ഈ നഷ്ടങ്ങളെക്കാള്‍ കൂടുതല്‍ നേട്ടം ഉണ്ടാകുമെന്നാണ് ഗവണ്‍മെന്റിന്റെ അവകാശ വാദം. 44 ബില്യണിന്റെ നേട്ടമാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
അതോടൊപ്പം ഒരു മില്യണ്‍ തൊഴിലവസരങ്ങളും ഇതുമൂലം സൃഷ്ടിക്കപ്പെടുമെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നത്.. നിലവില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കുറവ് ഹൈ സ്‌പീഡ് റെയില്‍ലൈന്‍സ് ഉള്ളത് യുകെയ്‌ക്കാണ്. വെറും 67 മൈലിന്റെ ഹൈസ്‌പീഡ് ലിങ്കാണ് യുകെയ്‌ക്കുള്ളത്. എന്നാല്‍ ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, ചൈന തുടങ്ങിയ രാജ്യങ്ങള്‍ക്ക് യഥാക്രമം 1,185, 800, 1285, 2,609 മൈല്‍ ഹൈസ്‌പീഡ് ലിങ്കുകളാണ് ഉള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല