സിറിയയിലെ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ പുറപ്പെട്ട മുന്‍ അമേരിക്കന്‍ വ്യോമസേനാ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തൈറോദ് നാഥാന്‍ പുഗ് എന്ന നാല്പത്തിയേഴുകാരനാണ് പിടിയിലായത്. 1986, 1990 കാലത്ത് അമേരിക്കന്‍ വ്യോമസേനയില്‍ ഏവിയോണിക്‌സ് ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍ വിദഗ്ദനായി സേവനമനുഷ്ഠിച്ചയാളാണ് പുഗ്.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുക, തെളിവുകള്‍ നശിപ്പിക്കുക എന്നീ കുറ്റങ്ങള്‍ക്കാണ് പുഗിനെ അറസ്റ്റ് ചെയ്തത്. അമേരിക്കയില്‍ ജനിച്ചു വളര്‍ന്ന പുഗ് സ്വന്തം രാജ്യത്തെ വഞ്ചിക്കുകയും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാനായി സിറിയയിലേക്ക് പോകുകയും ചെയ്‌തെന്ന് നിയുക്ത അറ്റോര്‍ണി ജനറല്‍ ലോറീറ്റാ ലിഞ്ച് വ്യക്തമാക്കി.
രാജ്യത്തിനകത്തും പുറത്തും അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും ഭീഷണിയുയര്‍ത്തുന്ന തീവ്രവാദ നിലപാടുകാരെ എന്തു വിലകൊടുത്തും തടയുമെന്നും ലിഞ്ച് വ്യക്തമാക്കി.
2014 മെയ്, 2015 ജനുവരി എന്നീ മാസങ്ങളിലാണ് പുഗ് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ ശ്രമം നടത്തിയത്. മിഡിന്‍ ഈസ്റ്റില്‍ എയര്‍ക്രാഫ്റ്റ് മെക്കാനിക്കായി ജോലി നോക്കിയിരുന്ന പുഗ്, ജോലി നഷ്ടപ്പെട്ടതിനു ശേഷം തീവ്രവാദികള്‍ക്കൊപ്പം ചേരാനായി ഈജിപ്ത് വഴി ടര്‍ക്കിയിലേക്ക് കടക്കുകയായിരുന്നു.
എന്നാല്‍ ടര്‍ക്കിയില്‍ വച്ച് അധികൃതരുടെ പിടിയിലായ പുഗിനെ ആദ്യം ഈജിപ്തിലേക്കും തുടര്‍ന്ന് അമേരിക്കയിലേക്കും നാടുകടത്തി. തുടര്‍ന്നാണ് അമേരിക്കയില്‍ വച്ച് പുഗ് അറസ്റ്റിലായത്.
പിടിയയിലാകും മുമ്പ് പുഗ് ടര്‍ക്കി, സിറിയ അതിര്‍ത്തിയിലുള്ള പ്രധാന ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങളെക്കുറിച്ചുള്ള തെളിവുകള്‍ നശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളെ ക്രൂരമായി വധിക്കുന്ന വീഡിയോകളും അക്കൂട്ടത്തിലുണ്ട്.
കുറ്റം തെളിയിക്കപ്പെട്ടാല്‍ 35 വര്‍ഷം വരെ തടവു ശിക്ഷയാണ് പുഗിനെ കാത്തിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല