സ്വന്തം ലേഖകന്‍: ‘യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ സംശയമില്ല,’ ട്രംപ് ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ എഫ്ബിഐ മേധാവി ജയിംസ് കോമി. എഫ്ബിഐയെയും തന്നെയും അപകീര്‍ത്തിപ്പെടുത്താന്‍ ട്രംപ് ഭരണകൂടം ശ്രമിച്ചെന്നും ട്രംപ് പുറത്താക്കിയ മുന്‍ എഫ്ബിഐ ഡയറക്ടര്‍ ജെയിംസ് കോമി കഴിഞ്ഞ ദിവസം സെനറ്റ് ഇന്റലിജന്‍സ് കമ്മിറ്റി മുന്പാകെ നല്‍കിയെ മൊഴിയില്‍ പറഞ്ഞു.
എഫ്ബിഐയുടെ പ്രവര്‍ത്തനം കുഴഞ്ഞുമറിഞ്ഞെന്നും അതിന്റെ ഡയറക്ടറില്‍ ജീവനക്കാര്‍ക്കു വിശ്വാസം നഷ്ടപ്പെട്ടെന്നും കോമിയെ ഡിസ്മിസ് ചെയ്തതിനുശേഷം ട്രംപ് പറഞ്ഞിരുന്നു. ഇതു പച്ചക്കള്ളമാണെന്ന് കോമി സെനറ്റ് കമ്മിറ്റിയോടു പറഞ്ഞു.മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്കല്‍ ഫ്‌ലിന്നിന്റെ റഷ്യന്‍ ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം നിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെ അഭ്യര്‍ഥന തന്നെ വളരെ ഉലച്ചെന്ന് കോമി പറഞ്ഞു. ട്രംപ് അഭ്യര്‍ഥനയാണു നടത്തിയതെങ്കിലും ഇത് ഉത്തരവായാണു താന്‍ കണക്കാക്കിയത്.
യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന കാര്യത്തില്‍ തനിക്കു സംശയമില്ലെന്ന് സെനറ്റര്‍ ബറിന്റെ ചോദ്യത്തിനു കോമി മറുപടി നല്‍കി. പരിപൂര്‍ണ വിധേയത്വമാണു താന്‍ പ്രതീക്ഷിക്കുന്നതെന്നു ട്രംപ് പറഞ്ഞതായി നേരത്തെ പുറത്തുവിട്ട പ്രസ്താവനയില്‍ കോമി വെളിപ്പെടുത്തിയിരുന്നു. ട്രംപുമായുള്ള കൂടിക്കാഴ്ചകള്‍ക്കുശേഷം അതേപ്പറ്റി വിശദമായ കുറിപ്പു തയാറാക്കിയത് ട്രംപ് പിന്നീടു നുണ പറഞ്ഞേക്കാമെന്നു ഭീതിയുള്ളതിനാലായിരുന്നുവെന്നും കോമി വ്യക്തമാക്കി.
കഴിഞ്ഞ മേയ് ഒന്പതിനാണ് കാലാവധി പൂര്‍ത്തിയാക്കുംമുന്‌പേ കോമിയെ ട്രംപ് ഡിസ്മിസ് ചെയ്തത്. ടിവിയില്‍നിന്നാണ് കോമി പുറത്താക്കല്‍ തീരുമാനം വിവരം അറിഞ്ഞത്. തെരഞ്ഞെടുപ്പു പ്രചരണ സമയത്ത്, ഹില്ലരി ക്ലിന്റണെതിരെ ക്രിമിനല്‍ കുറ്റം ചുമത്താതിരുന്നതിനെ തുടര്‍ന്ന് എഫ്ബിഐയും ട്രംപും തമ്മില്‍ തുടങ്ങിയ ശീതസമരമാണ് കോമിയുടെ പുറത്താക്കലലില്‍ കലാശിച്ചത്. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടലിനെക്കുറിച്ചുള്ള കോമിയുടെ പരാമര്‍ശങ്ങള്‍ ട്രംപിനെ വെട്ടിലാക്കിയിരിക്കുകയാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല