സ്വന്തം ലേഖകന്‍: ഡയാന രാജകുമാരിയെ കൊന്നത് താനാണെന്ന വെളിപ്പെടുത്തലുമായി മുന്‍ ബ്രിട്ടീഷ് ചാരന്‍ രംഗത്തെത്തിയതായി വ്യാജ വാര്‍ത്തയുമായി ന്യൂസ് പോര്‍ട്ടല്‍. ബ്രിട്ടീഷ് ചാര സംഘടനയായ എംഐ 5 ന്റെ മുന്‍ ഏജന്റ് ജോണ്‍ ഹോപ്കിന്‍സ് ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടി താന്‍ ഡയാന രാജകുമാരിയെ കൊന്നതായി വെളിപ്പെടുത്തി എന്നായിരുന്നു വാര്‍ത്ത. മരണക്കിടക്കയില്‍ കിടക്കുമ്പോഴാണ് ജോണിന്റെ വെളിപ്പെടുത്തലെന്നും വാര്‍ത്തയില്‍ പറയുന്നു.
ബ്രിട്ടീഷ് ചാരസംഘടനയായ എംഐ 5ല്‍ 35 വര്‍ഷം ജോലി ചെയ്ത വ്യക്തിയാണ് ജോണ്‍. 1973, 1999 കാലഘട്ടത്തിനിടെ രാജകുടുംബത്തിന്റെ നിര്‍ദ്ദേശ പ്രകാരം താന്‍ കൊന്ന 23 പേരില്‍ ഏക വനിതയും രാജ കുടുംബാഗവുമാണ് ഡയാന എന്ന് ജോണ്‍ പറയുന്നു. ഏഴംഗ സംഘമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന് വേണ്ടി രഹസ്യ കൊലപാതകങ്ങള്‍ നടത്തിയിരുന്നത്.
രാജകുടുംബം നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അവരെ കൊന്നത്. അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല, പക്ഷേ ഡയാന രാജകുടുംബത്തിന് ഭീഷണിയായിരുന്നു. ഡയാനയ്ക്ക് പല രാജകുടുംബ രഹസ്യങ്ങളും അറിയാമായിരുന്നു അവര്‍ അത് പരസ്യപ്പെടുത്തുമെന്ന് ഇവര്‍ ഭയന്നിരുന്നു. അതിനാല്‍ ഡയാനയെ കൊല്ലണമെന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്ന് നേരിട്ട് നിര്‍ദേശം ലഭിക്കുകയായിരുന്നു.
പിന്നീട് അതൊരു അപകട മരണമാക്കി മാറ്റുകയായിരുന്നു. ഞാന്‍ അത് ചെയ്തത് രാജ്യത്തിനും രാജ്ഞിക്കും വേണ്ടിയാണെന്ന് ജോണ്‍ പറഞ്ഞു. മരണക്കിടക്കയില്‍ കഴിയുന്ന മുന്‍ ഏജന്റിന് മൂന്നാഴ്ച മാത്രമാണ് ആയുസ് ബാക്കിയുള്ളു എന്നാണ് ഡോക്ടര്‍മാര്‍ പറയുന്നതെന്നും പറഞ്ഞാണ് വാര്‍ത്ത അവസാനിക്കുന്നത്. യുവര്‍ന്യൂസ്‌വയര്‍.കോം എന്ന ന്യൂസ് വെബ്‌സൈറ്റ് ആണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ജൂണ്‍ 20ന് പുറത്തുവന്ന വാര്‍ത്ത കഴിഞ്ഞദിവസം പലപത്രങ്ങളും ഏറ്റുപിടിച്ചിരുന്നു.
വ്യാജ ഗൂഡാലോചനകളും വാര്‍ത്തകളും നല്‍കുന്നതില്‍ കുപ്രസിദ്ധിയാര്‍ജിച്ച പോര്‍ട്ടലാണിത്. 1997 ആഗസ്റ്റ് 31ന് പാരിസിലുണ്ടായ വാഹനാപകടത്തിലാണ് ഡയാന കൊല്ലപ്പെട്ടത്. അപകടം ആസൂത്രിതമാണെന്നും രാജകുടുംബമാണ് കൊലപാതകത്തിനു പിന്നിലെന്നും അന്നു മുതല്‍ നിരവധി ഗൂഡാലോചനാ സിദ്ധാന്തങ്ങള്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഒന്നിനും ആധികാരിക തെളിവുകളില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല