സ്വന്തം ലേഖകന്‍: ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതിയ്‌ക്കെതിരെ മുന്‍ യുഎസ് പ്രസിഡന്റുമാര്‍ കൈകോര്‍ത്തപ്പോള്‍. യുഎസിനെ തകര്‍ത്തെറിഞ്ഞ ഹാര്‍വി, ഇര്‍മ ചുഴലിക്കാറ്റുകളുടെ കെടുതി അനുഭവിക്കുന്ന മേഖലകളുടെ പുനരധിവാസത്തിന് ഫണ്ടു ശേഖരിക്കാനാണ് അഞ്ച് മുന്‍ പ്രസിഡന്റുമാര്‍ കൈകോര്‍ത്തത്. മുന്‍ പ്രസിഡന്റുമാരായ ബറാക് ഒബാമ, ജോര്‍ജ് ഡബ്ല്യൂ ബുഷ്, ബില്‍ ക്ലിന്റണ്‍, ജോര്‍ജ് എച്ച്. ഡബ്ല്യൂ ബുഷ്, ജിമ്മി കാര്‍ട്ടര്‍ എന്നിവരാണ് ടെക്‌സസില്‍ നടന്ന സംഗീത പരിപാടിയില്‍ ഒന്നിച്ചത്.
ദുരിതാശ്വാസ ഫണ്ട് സമാഹരിക്കാന്‍ വേണ്ടിയായിരുന്നു പരിപാടി. അമേരിക്കയുടെ ഐക്യം മുറുകെ പിടിക്കുക എന്ന ലക്ഷ്യവുമായാണ് കക്ഷിഭേദമന്യേ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് പാര്‍ട്ടികളിലെ മുന്‍ പ്രസിഡന്റുമാര്‍ ഒത്തു ചേര്‍ന്നത്. ഒന്നിനു പിറകെ ഒന്നായി ആഞ്ഞടിച്ച ചുഴലിക്കാറ്റുകളെ തുടര്‍ന്ന് കോടിക്കണക്കിന് ഡോളറിന്റെ നഷ്ടമാണ് ടെക്‌സസില്‍ ഉണ്ടായത് എന്നാണ് കണക്ക്.
ഫ്‌ലോറിഡ, പോര്‍ടോറികോ, യു.എസ് വിര്‍ജിന്‍ ഐലന്‍ഡ് എന്നിവിടങ്ങളിലാണ് കാറ്റുകള്‍ കൂടുതല്‍ നാശം വിതച്ചത്. ”അമേരിക്കക്കാരുടെ കണ്ണീരൊപ്പാന്‍ ഞങ്ങള്‍ ഒന്നിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.,” എന്നായിരുന്നു പരിപാടിക്കു മുമ്പ് ഒബാമയുടെ സന്ദേശം. ദേശീയഗാനം ആലപിച്ച വേളയില്‍ അഞ്ചുപേരും ഒന്നിച്ച് സ്‌റ്റേജില്‍ അണിനിരന്നതും കാണികള്‍ക്ക് കൗതുക കാഴ്ചയായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല