സ്വന്തം ലേഖകൻ: ഖത്തറിലെ സ്കൂളുകളുടെ രണ്ടാം സെമസ്റ്റർ അർധ വാർഷിക പരീക്ഷകളുടെ തീയതികളിൽ മാറ്റം. പുതുക്കിയ തീയതി പ്രകാരം 1 മുതൽ 11–ാം ഗ്രേഡ് വരെയുള്ളവർക്ക് ഫെബ്രുവരി 18 മുതൽ 27 വരെയാണ് പരീക്ഷ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റേതാണ് പ്രഖ്യാപനം.
സർക്കാർ സ്കൂളുകളിൽ രണ്ടാം സെമസ്റ്റർ അർധവാർഷിക പരീക്ഷകളും ഇന്ത്യൻ സ്കൂളുകളിൽ വാർഷിക പരീക്ഷകളുമാണ് ഫെബ്രുവരിയിൽ നടക്കുക. മാർച്ചിൽ വിശുദ്ധ റമസാന് തുടക്കമാകുമെന്നതിനാലാണ് പരീക്ഷ നേരത്തെയാക്കുന്നതെന്ന് മന്ത്രാലയം എക്സ് പ്ലാറ്റ്ഫോമിൽ വിശദമാക്കി.
വിദ്യാർഥികൾക്ക് പരീക്ഷയ്ക്കായി നന്നായി തയാറെടുക്കാൻ കഴിയുമെന്ന് മാത്രമല്ല വ്രതാരംഭത്തിന് മുൻപ് മുഴുവൻ പരീക്ഷകളും പൂർത്തിയാകുകയും ചെയ്യും. പരീക്ഷ നേരത്തെയാക്കിയത് വിദ്യാർഥികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും സ്കൂളുകൾക്കും വലിയ ആശ്വാസമായിട്ടുണ്ട്.
പരീക്ഷ നേരത്തെയാക്കുന്നത് സംബന്ധിച്ച് വിശദമായ ചോദ്യാവലി സ്കൂളുകൾക്കെല്ലാം അയച്ചു കൊടുത്ത് അഭിപ്രായം തേടിയ ശേഷമാണ് തീയതി മാറ്റിയതെന്ന് വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാദർ വ്യക്തമാക്കി. 92 ശതമാനം പേരും പരീക്ഷ നേരത്തെയാക്കുന്നതിന് അനുകൂലമായിട്ടാണ് പ്രതികരിച്ചതെന്നും മന്ത്രി വിശദമാക്കി.
വരും വർഷങ്ങളിലെ അധ്യയന കലണ്ടറുകളുടെ സമഗ്രമായ വിലയിരുത്തൽ നടപടികൾ പുരോഗതിയിലാണ്. വിദ്യാഭ്യാസ പ്രക്രിയകൾ, സ്കൂളുകൾ, വിദ്യാർഥികൾ, അവരുടെ കുടുംബങ്ങൾ എന്നിവരെ കണക്കിലെടുത്താണ് വിലയിരുത്തൽ പുരോഗമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല