സ്വന്തം ലേഖകൻ: ഒമാനിലെ സ്വകാര്യ മേഖല സ്ഥാപനങ്ങള്‍ക്കിടയില്‍ പ്രവാസി തൊഴിലാളികളെ വ്യവസ്ഥകളോടെ കൈമാമെന്ന് അധികൃതർ. രാജകീയ ഉത്തരവ് (53/2023) അടിസ്ഥാനത്തിൽ തൊഴില്‍ മന്ത്രിയാണ് ഇത് സംബന്ധിച്ച് തീരുമാനം (73/2024) പുറപ്പെടുവിച്ചത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതോടെ തീരുമാനം പ്രാബല്യത്തില്‍ വരും. ഉപാധികൾ പാലിക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് തൊഴിലാളികളെ പരസ്പരം താൽക്കാലികമായി കൈമാറാന്‍ കഴിയുക.
ഒമാനി വത്കരിച്ച തൊഴിലുകളിലേക്ക് തൊഴിലാളികളെ കൈമാറാന്‍ കഴിയില്ല. ഏത് തൊഴിലാണോ ചെയ്യുന്നത് അതേ പ്രഫഷനിലേക്കുതന്നെ മാറാൻ പറ്റുകയുള്ളൂ. ഇങ്ങനെയുള്ള മാറ്റത്തിന് തൊഴിലാളിയുടെ സമ്മതം ഉണ്ടായിരിക്കണം.
തൊഴില്‍ മാറ്റം ലഭിച്ച സ്ഥലത്ത് കുറഞ്ഞത് ആറ് മാസമെങ്കിലും ജോലി ചെയ്തിരിക്കണം. വര്‍ക്ക് പെര്‍മിറ്റ് സ്റ്റാറ്റസ് (വിസാ കാലാവധി) നിലവിലുള്ള തൊഴിലാളിയെ മാത്രമേ കൈമാറാന്‍ സാധിക്കുകയുള്ളൂ. ആറ് മാസത്തെ വിസാ കാലാവധി ഉണ്ടായിരിക്കണം. രണ്ട് സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ മന്ത്രാലയം നിര്‍ത്തിവെച്ചതാകരുത്. വര്‍ഷത്തിൽ ആറ് മാസക്കാലം മാത്രമേ ഇത്തരത്തില്‍ താൽക്കാലിക കൈമാറ്റം പാടുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു.
ഒരു കമ്പനിയുടെ ആകെ തൊഴിലാളികളില്‍ 50 ശതമാനത്തില്‍ അധികം ജീവനക്കാരെ ഒരേ സമയം കൈമാറരുത്. മാറ്റപ്പെടുന്ന കമ്പനികളിലും രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളെക്കാള്‍ 50 ശതമാനത്തില്‍ കൂടുതല്‍ ജീവനക്കാരെ മറ്റൊരു സ്ഥാപനത്തില്‍ നിന്നും സ്വീകരിക്കാന്‍ പാടില്ല.
തൊഴില്‍ മാറ്റ കാലയളവില്‍ തൊഴിലാളിക്ക് നിശ്ചയിച്ചിട്ടുള്ള മുഴുവന്‍ അവകാശങ്ങളും കടമകളും പുതിയ സ്ഥാപനവും ഉറപ്പാക്കണം. നിലവിലെ വേതന സംരക്ഷണ സംവിധാനത്തിലൂടെ, തൊഴിലാളിക്ക് സ്ഥാപനത്തില്‍നിന്ന് ലഭിക്കുന്ന വേതനത്തില്‍ കുറയാത്ത വേതനവും ആനുകൂല്യങ്ങളും വ്യവസ്ഥകളും സ്ഥലം മാറ്റപ്പെട്ട സ്ഥാപനവും നൽകണം. രണ്ട് സ്ഥാപനങ്ങള്‍ക്ക് മന്ത്രാലയത്തില്‍ ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക ബാധ്യതകള്‍ ഉണ്ടാകാന്‍ പാടില്ല. സ്വദേശി വത്കരണ തോതുകൾ പാലിക്കുകയും വേണം.
താൽക്കാലികമായി തൊഴിലാളിയെ സ്ഥലം മാറ്റുന്ന ഘട്ടത്തില്‍ ട്രാന്‍സ്ഫര്‍ കാലയളവ് അവസാനിച്ചതിനുശേഷവും ഇവിടെ ജോലി ചെയ്യിപ്പിക്കരുത്. തൊഴിലാളിയുടെ ട്രാൻസ്ഫർ കാലയളവ് അവന്റെ യഥാർഥ സേവന കാലയളവിനുള്ളിൽ കണക്കാക്കുകയും ചെയ്യും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല