1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2024

സ്വന്തം ലേഖകൻ: പഴയ കറന്‍സികള്‍ ഈ വര്‍ഷം തന്നെ മാറ്റിയെടുക്കണമെന്ന നിര്‍ദ്ദേശവുമായി സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ). 2020നു മുമ്പ് പുറത്തിറക്കിയ നോട്ടുകള്‍ മാറ്റിസ്ഥാപിക്കാന്‍ പൊതുജനങ്ങള്‍ക്ക് അഞ്ചു മാസത്തെ ഗ്രേസ് പിരീഡ് ബാക്കിയുണ്ടെന്ന് ബാങ്ക് അധികൃതര്‍ അറിയിച്ചു. 2024 ഡിസംബര്‍ 31-നകം ഈ പ്രക്രിയ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും അതിനു ശേഷം സമയം അനുവദിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

അടുത്ത വര്‍ഷം ജനുവരി ഒന്നു മുതല്‍ പഴയ നോട്ടുകള്‍ നിയമപരമായ കറന്‍സികളായി പരിഗണിക്കില്ല. പഴയ നോട്ടുകള്‍ സൗകര്യപൂര്‍വം മാറ്റിയെടുക്കാനും അവസാന നിമിഷത്തെ തിരക്കും അസൗകര്യവും ഒഴിവാക്കാനും പൊതുജന സഹകരണം ആവശ്യമാണ്. അതിനാല്‍ അവസാനത്തേക്ക് കാത്തു നില്‍ക്കാതെ പഴയ നോട്ടുകള്‍ കൈവശമുള്ള എല്ലാവരും നേരത്തേ തന്നെ അവ ബാങ്കിലെത്തിച്ച് പുതിയ കറന്‍സികള്‍ സ്വന്തമാക്കണമെന്നും ബാങ്ക് പ്രസ്താവനയില്‍ അറിയിച്ചു.

2024 ജനുവരി ഏഴിനാണ് ഏതാനും ചില കറന്‍സികളുടെ ഉപയോഗം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സെന്‍ട്രല്‍ ബാങ്ക് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതുപ്രകാരം സര്‍ക്കുലര്‍ തീയതി മുതല്‍ പരമാവധി 360 ദിവസങ്ങള്‍ക്കുള്ളില്‍ അഥവാ 2024 ഡിസംബറിന് ശേഷം അവ വിനിമയത്തില്‍ നിന്ന് പിന്‍വലിക്കുന്നതും അതോടെ അവ ടെന്‍ഡര്‍ മൂല്യം ഇല്ലാത്തവയായി മാറുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

ആറാം ലക്കം നോട്ടുകള്‍ക്ക് മുമ്പുള്ളവയാണ് പ്രചാരത്തില്‍ നിന്ന് പിന്‍വലിക്കുന്നത്. 1995ല്‍ പുറത്തിറക്കിയ അഞ്ചാം ലക്കം നോട്ടുകള്‍, 2000ല്‍ പുതുക്കിയ ലക്കം നോട്ടുകള്‍, 2005ലെ ഒരു റിയാല്‍ സ്മാരക ബാങ്ക് നോട്ട്, 2010ല്‍ ഇറക്കിയ 20 റിയാലിന്റെ സ്മരണാര്‍ത്ഥമുള്ള ബാങ്ക് നോട്ട്, ഇതിന്റെ 2011ലും 2012ലും നവീകരിച്ച ലക്കങ്ങളുടെ നോട്ടുകള്‍, 2019ല്‍ നവീകരിച്ച അമ്പത് റിയാല്‍ ബാങ്ക് നോട്ട് എന്നിവയാണ് പിന്‍വലിക്കുന്ന കറന്‍സികള്‍.

വ്യാപാര രംഗത്തെയും പണവിനിമയ രംഗത്തെയും അത് ദോഷമായി ബാധിക്കാതെ രാജ്യത്തെ കറന്‍സികളുടെ സുരക്ഷയും സമഗ്രതയും ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഒരു വര്‍ഷത്തെ കാലാവധി നല്‍കി നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. സലാല, സൊഹാര്‍, റൂവി എന്നിവിടങ്ങളിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്റെ ശാഖകളിള്‍ ഉള്‍പ്പെടെയുള്ള ബാങ്കുകളില്‍ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനാവും. ഒമാൻ സെട്രൽ ബാങ്ക് നൽകിയിരിക്കുന്ന നിർദേശങ്ങൾ പാലിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.