
സ്വന്തം ലേഖകൻ: യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യമിടിവ് തുടരുന്നു. ചരിത്രത്തില്‍ ആദ്യമായി മൂല്യം 86.54 നിലവാരത്തിലേയ്ക്ക് പതിച്ചു. തിങ്കളാഴ്ച മാത്രം നേരിട്ടത് 0.7 ശതമാനം ഇടിവ്. രണ്ട് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഒരൊറ്റ ദിവസം ഇത്രയും തകര്‍ച്ച ഉണ്ടാകുന്നത്.
ഡോളര്‍ സൂചികയാകട്ടെ 110ലേയ്ക്ക് കുതിക്കുകയും ചെയ്തു. മറ്റ് ഏഷ്യന്‍ കറന്‍സികളുടെ മൂല്യത്തിലും കാര്യമായ ഇടിവുണ്ടായി. ഇന്തോനേഷ്യന്‍ കറന്‍സി 0.6 ശതമാനം ഇടിവ് നേരിട്ടു.
യു.എസിലെ തൊഴില്‍ മേഖലയിലുണ്ടായ അപ്രതീക്ഷിത കുതിപ്പാണ് പ്രധാന കാരണം. പ്രതീക്ഷിച്ച നിരക്കിളവ് ഈ വര്‍ഷം പ്രഖ്യാപിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് യു.എസിലെ കടപ്പത്ര ആദായത്തില്‍ കുതിപ്പുണ്ടായി. വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് പിന്‍വാങ്ങുന്നതും തിരിച്ചടിയായി. ജനവരിയില്‍ മാത്രം നാല് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റൊഴിഞ്ഞത്.
രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്. ജനുവരി മൂന്നിന് അവസാനിച്ച ആഴ്ചയില്‍ വിദേശ നാണ്യ കരുതല്‍ ശേഖരം 5.693 ബില്യണ്‍ കുറഞ്ഞ് 634.585 ബില്യണ്‍ ഡോളറായി. യുഎഇ ദിർഹം ഉള്‍പ്പടെയുളള ഗള്‍ഫ് കറന്‍സികളുമായും വിനിമയ മൂല്യത്തില്‍ ഇടിവ് രേഖപ്പെടുത്തുന്നുണ്ട്.
അധികം വൈകാതെ വിനിമയമൂല്യം ഒരു ദിർഹത്തിന് 26 രൂപയെന്ന നിലയിലേക്ക് എത്തുമെന്നാണ് വിനിമയരംഗത്ത് പ്രവർത്തിക്കുന്നവർ വിലയിരുത്തുന്നത്. റിസർവ്വ് ബാങ്ക് നടപടികളായിരിക്കും രൂപയുടെ മൂല്യത്തിലെ ഏറ്റകുറച്ചിലുകളെ സ്വാധീനിക്കുക. ഇന്ത്യന്‍ രൂപ ഈ വാരം ഡോളറിനെതിരെ 85.97 രൂപയെന്ന നിലയിലേക്ക് താഴ്ന്നിരുന്നു. യുഎഇ ദിർഹവുമായി 23.689 രൂപയെന്നതായിരുന്നു വിനിമയനിരക്ക്.
തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 86 ലേക്ക് താഴ്ന്നു. ഒരു യുഎസ് ഡോളറിന് 86 രൂപ 12 പൈസയിലേക്കാണ് മൂല്യം താഴ്ന്നത്. ഒരുവേള 86 രൂപ 31 പൈസയിലേക്ക് വരെ രൂപ മൂല്യത്തകർച്ച നേരിട്ടു. ബ്ലൂം ബെർഗ് നല്‍കുന്ന വിവരം അനുസരിച്ച് ജനുവരി 10 ന് ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം 86.04 ലെത്തിയിരുന്നു. ഡോളറിന് ആവശ്യക്കാർ ഏറിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്. ക്രൂഡ് വില ഉയർന്നതും രുപയ്ക്ക് തിരിച്ചടിയായി. നിലവിലെ സാഹചര്യം തുടരാനാണ് സാധ്യത.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല