സ്വന്തം ലേഖകൻ: കഴിഞ്ഞ വര്‍ഷം മെയിൽ റഷ്യയിലുണ്ടായ വിമാനദുരന്തത്തിന്റെ കൂടുതൽ വിഡിയോകൾ പുറത്തുവന്നു. ലാൻഡിങ്ങിനിടെ വിമാനം കത്തുന്നതിന്റെ വിഡിയോ റഷ്യൻ അധികൃതർ തന്നെയാണ് പുറത്തുവിട്ടത്. ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. 2019 മെയ് 5 ന് മോസ്കോ വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നയുടനെ ഇടിമിന്നലേറ്റ വിമാനം അടിയന്തര ലാൻഡിങ്ങിന് ശ്രമിച്ചു. ഇതിനിടെയാണ് ദുരന്തം സംഭവിച്ചത്.
വിമാനദുരന്തിന്റെ കൂടുതൽ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. എയർട്രാഫിക് കൺട്രോളറും റഷ്യൻ എയർലെയ്ൻ പൈലറ്റും തമ്മിൽ സംസാരിക്കുന്നതിന്റെ ഓഡിയോ രാജ്യാന്തര മാധ്യമങ്ങൾ നേരത്തെ തന്നെ റിപ്പോർട്ട് ചെയ്തിരുന്നു. അപകടം സംഭവിക്കുന്നതിന്റെ തൊട്ടുമുൻപ് പൈലറ്റ് അടിയന്തര സഹായം തേടിയിരുന്നു.
വിമാനത്തിനു ഇടിമിന്നലിൽ കാര്യമായ പ്രശ്നങ്ങൾ നേരിട്ടെന്നും അടിയന്തരമായി നിലത്തിറക്കാൻ അനുവദിക്കണമെന്നുമാണ് പൈലറ്റ് ആവശ്യപ്പെട്ടത്. എന്നാൽ ഇത്രയും വലിയ ദുരന്തമാണ് സംഭവിക്കാൻ പോകുന്നതെന്ന് പൈലറ്റിന്റെ വാക്കുകളിൽ നിന്ന് വ്യക്തമല്ലായിരുന്നു. ഇടിമിന്നലിൽ ലാൻഡ് ചെയ്യും മുൻപെ തന്നെ വിമാനത്തിനു തീപിടിച്ചിരുന്നു.
പൈലറ്റിൽ നിന്ന് കാര്യമായ മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിൽ 41 പേരുടെ ജീവൻ നഷ്ടപ്പെടില്ലായിരുന്നു എന്നാണ് വ്യോമയാന വിദഗ്ധർ അന്ന് പറയുന്നത്. ലാൻഡിങ് സമയത്ത് തന്നെ തീയണക്കാൻ വേണ്ട കൂടുതൽ സജ്ജീകരണങ്ങൾ ഒരുക്കാമായിരുന്നു. 78 പേരുമായി എയ്റോഫ്ലോട്ട് സുഖോയ് സൂപ്പർജെറ്റ് 100 വിമാനം ടേക്ക് ഓഫ് ചെയ്ത് 30 മിനിറ്റിനു ശേഷമാണ് അപകടം സംഭവിക്കുന്നത്.
വിമാനത്തിനു ഇടിമിന്നലേറ്റപ്പോൾ റേഡിയോ കമ്മ്യൂണിക്കേഷൻ നഷ്ടപ്പെട്ടു. വിമാനം ഇടിമിന്നലേറ്റ് കത്തുന്നുവെന്നും തിരിച്ചിറക്കാൻ അനുമതിയും പൈലറ്റ് ചോദിക്കുന്നുണ്ട്. ഇടിമിന്നലേറ്റതോടെ എയർജൻസി സിഗ്നൽ ഉപയോഗിച്ചാണ് എയർട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടത്.
എന്നാൽ പൈലറ്റ് പറഞ്ഞ ‘തീ’ വിമാനം ലാൻഡ് ചെയ്യുന്ന നിമിഷം വരെ പുറത്തേക്ക് കണ്ടിരുന്നില്ല. എന്നാൽ വൻ ദുരന്തമാണ് സംഭവിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ചുള്ള കമ്മ്യൂണിക്കേഷൻ പൈലറ്റും കൺട്രോളറും തമ്മിൽ നടന്നിരുന്നില്ലെന്നും വ്യക്തമാണ്. സാധാരണ ലാൻഡിങ് ചെയ്യാനാണ് കൺട്രോളർ നിർദ്ദേശിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല