1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2025

സ്വന്തം ലേഖകൻ: യുഎസ് പ്രസിഡന്റായി അധികാരമേൽക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ, ‘സാമ്രാജ്യം’ വീസ്തൃതമാക്കുന്നതു സംബന്ധിച്ച് ഡോണൾഡ് ട്രംപിന്റെ പ്രസ്താവനകൾ പുതിയ വിവാദങ്ങൾക്കു തിരികൊളുത്തി. ഗ്രീൻലാൻഡും പാനമ കനാലും യുഎസിന്റെ ഉടമസ്ഥതയിൽ കൊണ്ടുവരുന്നത് പലപ്പോഴും ട്രംപ് പരാമർശിച്ചിട്ടുള്ളതാണെങ്കിലും 20ന് രണ്ടാം ഭരണം തുടങ്ങുംമുൻപ് ആവർത്തിച്ചതാണ് ലോകം ഗൗരവത്തോടെ കാണുന്നത്.

ഫ്ലോറിഡയിലെ വസതിയി‍ൽ ഇന്നലെ ഒരു മണിക്കൂർ നീണ്ട മാധ്യമസമ്മേളനത്തിൽ ഗ്രീൻലാൻഡ് സ്വന്തമാക്കാൻ സൈനികനീക്ക സാധ്യതയും ട്രംപ് തള്ളിയില്ല. കാനഡയെ യുഎസ് സംസ്ഥാനമാക്കാൻ സൈനികനടപടിക്കു മുതിരുമോയെന്ന ചോദ്യത്തിന്, അതിനായി സാമ്പത്തികനടപടി മതിയല്ലോ എന്നായിരുന്നു മറുപടി. വിവാദം ചൂടുപിടിച്ചിരിക്കെ, ട്രംപിന്റെ മൂത്തമകൻ ഡോണൾഡ് ട്രംപ് ജൂനിയർ ഗ്രീൻലാൻഡ് സന്ദർശിച്ചു.

ട്രംപിന്റെ സ്വകാര്യ വിമാനത്തിൽ ഗ്രീൻലാൻഡിന്റെ തലസ്ഥാനമായ നുക്കിൽ വന്നിറിങ്ങിയ ട്രംപ് ജൂനിയർ പിന്നീടു പോഡ്കാസ്റ്റിൽ ഊഹാപോഹങ്ങൾക്കു മറുപടി നൽകി: ‘ഇല്ല, ഞാൻ ഗ്രീൻലാൻഡ് വാങ്ങാൻ പോകുന്നില്ല’.ഗ്രീൻലാൻഡ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ആദ്യത്തെ യുഎസ് പ്രസിഡന്റല്ല ട്രംപ്. യുഎസിന്റെ 17–ാം പ്രസിഡന്റായിരുന്ന ആൻഡ്രൂ ജോൺസൺ 1860 കളിൽ ഈ നിർദേശം കൊണ്ടുവന്നിരുന്നു. ധാതുസമ്പത്തിൽ സവിശേഷവും യുഎസ് സൈനികതാവളം സ്ഥിതിചെയ്യുന്നതുകൊണ്ട് തന്ത്രപ്രധാനവുമായ ഗ്രീൻലാൻഡ് വഴി പോയാൽ യുഎസിൽനിന്ന് യൂറോപ്പിലെത്താനുള്ള ദൂരവും കുറയും.

ഗ്രീൻലാൻഡിനെ സ്വന്തമാക്കേണ്ടത് യുഎസിന്റെ സാമ്പത്തിക സുരക്ഷയ്ക്ക് അത്യാവശ്യമാണെന്ന് കഴിഞ്ഞ മാസം ട്രംപ് പറഞ്ഞപ്പോൾ, വില്പനയ്ക്കു വച്ചിരിക്കുകയല്ലെന്ന് ഗ്രീൻലാൻഡ് പ്രതികരിച്ചിരുന്നു. ഗ്രീൻലാൻഡുകാർ സ്വന്തം ഭാവി തീരുമാനിക്കട്ടെയെന്ന നിലപാ‌ടാണ് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡെറിക്സനും ഗ്രീൻലാൻഡ് പ്രധാനമന്ത്രി മുറ്റ്സി ഏയെദെയ്ക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.