സ്വന്തം ലേഖകൻ: രാജ്യത്തെ വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള സൗദി മന്ത്രിസഭയുടെ തീരുമാനം വ്യവസായ മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന പിന്തുണയുടെ തുടർച്ചയാണെന്നും അത് വലിയ ഉണർവ് നൽകുമെന്നും വ്യവസായ, ധാതുവിഭവ മന്ത്രി ബന്ദർ അൽ ഖുറൈഫ് പറഞ്ഞു.
‘വിഷൻ 2030’ ലക്ഷ്യങ്ങൾക്ക് അനുസൃതമായി രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തുന്നതിൽ വ്യവസായമേഖലക്ക് പ്രധാന പങ്കാണുള്ളത്. അതുകൊണ്ടു തന്നെ ഭരണകൂടത്തിന്റെ നിരന്തര ശ്രദ്ധ ഈ മേഖലയിലുണ്ട്.
ലെവി ഇളവ് നീട്ടാനുള്ള തീരുമാനം ആഗോള തലത്തിൽ സൗദി വ്യവസായത്തിന്റെ മത്സരശേഷി വർധിപ്പിക്കുന്നതിനും കൂടുതൽ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിനും വലിയ തോതിൽ സഹായിക്കും. സൗദിയുടെ എണ്ണയിതര കയറ്റുമതി കൂടുതൽ ആഗോള വിപണികളിലേക്ക് വർധിപ്പിക്കുന്നതിനും ഇത് ഉത്തേജനം നൽകുമെന്നും മന്ത്രി വിശദീകരിച്ചു.
2019ലാണ് ഇത്തരത്തിൽ ലെവി ഇളവ് നൽകാൻ തുടങ്ങിയത്. അന്ന് മുതൽ ഈ വർഷം ഏപ്രിൽ ഒടുവിൽ വരെ വ്യവസായ മേഖല ഗണ്യമായ വളർച്ച കൈവരിച്ചു. വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8,822 ഫാക്ടറികളിൽനിന്ന് 11,868 ആയി വർധിച്ചു. തൊഴിൽ വളർച്ച 57 ശതമാനമാണ് വർധിച്ചത്.
തൊഴിലുകളിലെ സ്വദേശിവത്കരണം 32 ശതമാനമായി ഉയർന്നു. വ്യവസായിക, ധാതുസമ്പത്ത് മേഖലക്ക് ഭരണകൂടത്തിൽനിന്ന് ലഭിക്കുന്ന വലിയ പിന്തുണ കൊണ്ടാണ് ഈ നേട്ടങ്ങൾ കൈവരിക്കാനായത്. ലെവി ഇളവ് രാജ്യം വഹിക്കാൻ തുടങ്ങിയതിനുശേഷം വ്യവസായ മേഖല നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
വ്യവസായ മേഖലയിലെ മൊത്തം നിക്ഷേപത്തിന്റെ മൂല്യം 2019ലെ 992 ശതകോടി റിയാലിൽനിന്ന് 55 ശതമാനം വർധിച്ച് 2023 അവസാനത്തോടെ 1.542 ലക്ഷം കോടി റിയാലായി വർധിച്ചു. എണ്ണയിതര കയറ്റുമതിയിൽ 12 ശതമാനം വർധന രേഖപ്പെടുത്തി.
2019 മുതൽ 2023 അവസാനം വരെയുള്ള കാലയളവിൽ ഇളവിന്റെ പ്രയോജനം നേടിയ വ്യവസായ സ്ഥാപനങ്ങളുടെ എണ്ണം 8000 ത്തിലധികമായെന്നും മന്ത്രി പറഞ്ഞു. ലെവി ഇളവ് നീട്ടാനുള്ള തീരുമാനം വ്യവസായിക മേഖലയുടെ തുടർച്ചയായ വളർച്ചയെ പ്രോത്സാഹിപ്പിക്കും.
കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പ്രാദേശിക കഴിവുകൾ വികസിപ്പിക്കും, കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കും. നാലാം വ്യവസായിക വിപ്ലവത്തിന്റെ ഓട്ടോമേഷൻ, സാങ്കേതിക വിദ്യകൾ തുടങ്ങിയ ആധുനിക ബിസിനസ് മോഡലുകൾ സ്വീകരിക്കാൻ വ്യവസായ സ്ഥാപനങ്ങളെ സഹായിക്കും.
വരും കാലയളവിൽ വ്യവസായ മേഖലയുടെ വളർച്ച ഉറപ്പാക്കാൻ മന്ത്രാലയം വലിയ താൽപര്യമാണ് കാണിക്കുന്നത്. ആഗോളതലത്തിൽ മത്സരിക്കാനുള്ള ദേശീയ വ്യവസായങ്ങളുടെ കഴിവ് വർധിപ്പിക്കുന്നതിനും നിക്ഷേപത്തിനും നവീകരണത്തിനും അനുയോജ്യമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ബന്ധപ്പെട്ട അധികാരികളുമായി മന്ത്രാലയം സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.
ദേശീയ സമ്പദ്വ്യവസ്ഥയുടെ അടിസ്ഥാന തൂണുകളിലൊന്നായി വ്യവസായിക മേഖലയുടെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇത് സംഭാവന ചെയ്യുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ സ്ഥാപനങ്ങളിലെ വിദേശ തൊഴിലാളികളുടെ ലെവി ഇളവ് 2025 ഡിസംബർ 31 വരെ നീട്ടാനുള്ള തീരുമാനത്തിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മന്ത്രി നന്ദി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല