സ്വന്തം ലേഖകൻ: സൗദി അറേബ്യയിലെ പ്രവാസികള്‍ നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയച്ച പണത്തില്‍ വീണ്ടും ഇടിവ്. 2024 ഫെബ്രുവരിയിലെ കണക്കാണ് അധികൃതര്‍ പുറത്തുവിട്ടത്. തൊട്ടുമുമ്പുള്ള ജനുവരി മാസത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവ് (ഫെബ്രുവരി) വച്ച് നോക്കുമ്പോള്‍ നാലു ശതമാനം കുറവുണ്ടായെന്നും സൗദി സെന്‍ട്രല്‍ ബാങ്ക് (സാമ) കണക്കുകള്‍ വ്യക്തമാക്കുന്നു. 2019ന് ശേഷം ഇതാദ്യമായാണ് വിദേശികള്‍ അയച്ച പണത്തില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
ബാങ്കുകളും മണി എക്സ്ചേഞ്ചുകളും അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളിലൂടെ കഴിഞ്ഞ ഫെബ്രുവരിയില്‍ 930 കോടി റിയാലാണ് പ്രവാസികള്‍ അയച്ചത്. ജനുവരിയില്‍ 1,040 കോടി റിയാല്‍ അയച്ചിരുന്നു. ഒരു മാസത്തിനിടെ റെമിറ്റന്‍സില്‍ 110 കോടി റിയാലിന്റെ കുറവുണ്ടായി.
എന്നാല്‍, സൗദി പൗരന്മാര്‍ ഫെബ്രുവരിയില്‍ വിദേശങ്ങളിലേക്ക് അയച്ച പണം 2023 ഫെബ്രുവരിയെ അപേക്ഷിച്ച് നാലു ശതമാനം ഉയര്‍ന്നു. ഫെബ്രുവരിയില്‍ 470 കോടി റിയാലാണ് സ്വദേശികള്‍ വിദേശങ്ങളിലേക്ക് അയച്ചത്.
2023 അവസാനത്തില്‍ പ്രവാസി പണമയയ്ക്കല്‍ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നില രേഖപ്പെടുത്തിയിരുന്നു. 2022നെ അപേക്ഷിച്ച് പ്രതിദിന പണമയക്കലില്‍ 12.81% ഇടിവ് 2023ല്‍ സംഭവിച്ചിരുന്നു. 2022ല്‍ 143.24 ബില്യണ്‍ റിയാലാണ് അയച്ചിരുന്നതെങ്കില്‍ 2023ല്‍ 124.9 ബില്യണ്‍ റിയാലായി ചുരുങ്ങി.
ബിനാമി ബിസിനസ് തടയാന്‍ സമീപകാലത്തായി സൗദി അധികൃതര്‍ സ്വീകരിച്ച നടപടികളും നിയമാനുസൃത മാര്‍ഗങ്ങളിലൂടെ സ്വദേശങ്ങളിലേക്ക് അയക്കുന്ന പണത്തില്‍ കുറവുവരുത്തിയതായി വിലയിരുത്തപ്പെടുന്നു. 20ഓളം സര്‍ക്കാര്‍ സംവിധാനങ്ങള്‍ ബിനാമി ബിസിനസ് നിരീക്ഷിച്ചുവരുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റ വിശകലനം തുടങ്ങിയ സംവിധാനങ്ങളും ഇതിനായി ഉപയോഗപ്പെടുത്താന്‍ ആരംഭിച്ചിട്ടുണ്ട്. ബിനാമി വ്യാപാരം ഇല്ലാതാക്കുന്നതിന് അനുവദിച്ച തിരുത്തല്‍ കാലയളവ് 2022 ഫെബ്രുവരിയില്‍ അവസാനിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല