സജീഷ് ടോം (യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ): കൊറോണാ വൈറസ് ബാധയെ തുടര്‍ന്ന് ഇന്ത്യയിലേയ്ക്ക് അടച്ചിരുന്ന ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വ്യോമപാത തുറന്ന് യു.കെയില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ച് നാട്ടിലെത്തിക്കുന്നതിന്റെ ശ്രമങ്ങളില്‍ മലയാളികളെ അവഗണിയ്ക്കരുതെന്ന് യുക്മ ദേശീയ കമ്മറ്റിയ്ക്ക് വേണ്ടി പ്രസിഡന്റ് മനോജ് പിള്ള, സെക്രട്ടറി അലക്സ് വര്‍ഗ്ഗീസ് എന്നിവര്‍ ആവശ്യപ്പെട്ടു. ബ്രിട്ടണില്‍ നിന്നും ഇന്ത്യയിലേയ്ക്കുള്ള വിമാനസര്‍വീസുകളില്‍ കേരളത്തിലെയ്ക്കും സര്‍വീസുകള്‍ ഉണ്ടാവണമെന്ന ആവശ്യം ഉന്നയിച്ച് കേന്ദ്രമന്ത്രി ശ്രീ. വി മുരളീധരന് നിവേദനം നല്‍കുകയും അദ്ദേഹവുമായി ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു. ബ്രിട്ടണിലെ ഇന്ത്യന്‍ ഹൈക്കമ്മീഷ്ണര്‍ ശ്രീമതി. രുചി ഘനശ്യാമിനും ഈ വിഷയത്തില്‍ യുക്മ നേതൃത്വം നിവേദനം നല്‍കി.
നിലവില്‍ ഇന്ത്യയിലേയ്ക്കുള്ള സര്‍വീസുകളില്‍ കേരളത്തിലെ ഒരു വിമാനത്താവളവും ഉള്‍പ്പെട്ടിട്ടില്ല. യു.കെയിലുള്ള മക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയിട്ടുള്ള മാതാപിതാക്കളും വിവിധ പരീക്ഷകള്‍ എഴുതാനെത്തിയവരും ഉള്‍പ്പെടെ നിരവധി ആളുകള്‍ നാട്ടിലേയ്ക്ക് മടങ്ങാനാവാതെ ഇവിടെ കുടുങ്ങിയിട്ടുണ്ട്. എന്നാല്‍ കേരളത്തിലേയ്ക്ക് നേരിട്ട് വിമാനസര്‍വീസുകള്‍ സാധ്യമായില്ലെങ്കില്‍ ഇവരില്‍ പലരുടേയും നാട്ടിലേയ്ക്കുള്ള മടക്കം അനിശ്ചിതത്വത്തിലാവും. ഹൈക്കമ്മീഷന്റെ വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തവരെ മാത്രമാണ് ഇപ്പോള്‍ പരിഗണിക്കുന്നത്. നോര്‍ക്കയിലും സംസ്ഥാനസര്‍ക്കാരുമായി ബന്ധപ്പെട്ടതെന്ന് പറഞ്ഞ് രജിസ്റ്റര്‍ മറ്റ് ലിങ്കുകളില്‍ രജിസ്റ്റര്‍ ചെയ്തതെല്ലാം വെറുതെയായിരിക്കുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇതിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട് സാധ്യമായത് ചെയ്യണമെന്നും യുക്മ നേതൃത്വം ആവശ്യപ്പെട്ടു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല