സ്വന്തം ലേഖകൻ: കുവൈത്തിലെ സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്വദേശിവല്‍ക്കരണം ശക്തിപ്പെടുത്താനുള്ള നീക്കവുമായി വീണ്ടും അധികൃതര്‍. സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസി അധ്യാപകരില്‍ പിരിച്ചു വിടപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷം അത് മന്ത്രാലയം അധികൃതരുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മന്ത്രാലയം അധികൃതരെ ഉദ്ധരിച്ച് അല്‍ റായ് ദിനപ്പത്രമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഈ അധ്യയന വര്‍ഷത്തില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടേണ്ട അധ്യാപകരുടെ പേരുവിവരങ്ങളടങ്ങിയ പട്ടിക പൊതുവിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പാര്‍ട്ട്മെന്റിനാണ് കൈമാറിയിരിക്കുന്നത്. പട്ടികയ്ക്ക് മന്ത്രാലയത്തിന്റെ അംഗീകാരം ഉടന്‍ ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്.
പട്ടികയില്‍ പേരുള്ളവരെല്ലാം കുവൈത്തിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ സ്പെഷ്യാലിറ്റി അധ്യാപകരായി ജോലി ചെയ്യുന്നവരാണ്. എന്നാല്‍ ഇവര്‍ സ്‌കൂളില്‍ ആവശ്യമുള്ളതിനേക്കാള്‍ അധികമുള്ള അധ്യാപകരാണെന്നും അതുകൊണ്ടാണ് ഇവരെ സര്‍വീസില്‍ നിന്നും പിരിച്ചുവിടുന്നതെന്നുമാണ് വിദ്യാഭ്യാസ വൃത്തങ്ങളെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്തത്.
നേരത്തേ ഇതുമായി ബന്ധപ്പെട്ട് വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ പട്ടികയില്‍ ചില ഒഴിവാക്കലുകളും കൂട്ടിച്ചേര്‍ക്കലുകളും ഉള്‍പ്പെടെയുള്ള ഏതാനും മാറ്റങ്ങള്‍ മന്ത്രാലയം അധികൃതര്‍ വരുത്തിയിരുന്നു. ഈ പട്ടികയ്ക്ക് ഉടന്‍ മന്ത്രാലയം അംഗീകാരം നല്‍കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അതേസമയം, 2000 ഓളം പുതിയ അധ്യാപകര്‍ വിവിധ സ്‌പെഷ്യാലിറ്റികളില്‍ പ്രാദേശിക കരാര്‍ വഴി സ്‌കൂളുകളില്‍ ജോലി നേടുന്നതിന് അപേക്ഷിച്ചിട്ടുണ്ട്. എന്നാല്‍ അപേക്ഷകരില്‍ വലിയൊരു വിഭാഗം ജോലിക്കായുള്ള എഴുത്ത് പരീക്ഷകളിലും അഭിമുഖങ്ങളിലും പരാജയപ്പെട്ടതിനാല്‍ അവരില്‍ നാലിലൊന്ന് പേരെ പോലും ജോലിക്ക് നിയമിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല.
കഴിഞ്ഞ വര്‍ഷം, 1,900 വിദേശ അധ്യാപകരെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി കുവൈത്ത് ഭരണകൂടം സര്‍ക്കാര്‍ സ്‌കൂളുകളിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടിരുന്നു. ഇവര്‍ക്കു പകരം കുവൈത്തികളില്‍ നിന്നുള്ള അധ്യാപകരെ നിയമിക്കാനായിരുന്നു തീരുമാനം. ഇവര്‍ക്കു പുറമെ, 500 പ്രവാസി അധ്യാപകര്‍ ജോലിയില്‍ നിന്ന് രാജി വയ്ക്കുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല