സ്വന്തം ലേഖകൻ: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അത്യധികം നിര്‍ണ്ണായകമായേക്കാവുന്ന ഒരു തിരഞ്ഞെടുപ്പ് രാജ്യം അഭിമുഖീകരിക്കാനിരിക്കെ, പ്രവാസികളുടെ വോട്ടവകാശം വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. പ്രവാസികളുടെ വോട്ടവകാശത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ദീര്‍ഘകാലമായി സജീവമാണെങ്കിലും ഇതുവരേക്കും പ്രവാസികളുടെ ഈ ആവശ്യത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ല.
പ്രവാസികള്‍ക്ക് വിദേശത്ത് നിന്നും വോട്ട് ചെയ്യാനുള്ള അവകാശം ഇത്തവണയുമില്ല. പ്രവാസ ലോകത്ത് പ്രവര്‍ത്തിക്കുന്ന വിവിധ മലയാളി സംഘടനകള്‍ വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തും വലിയ തുക മുടക്കിയും നാട്ടിലെ ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവാന്‍ ഇത്തവണയും എത്തുന്നുണ്ട്. എന്നാല്‍ പ്രവാസികൾ കാണിക്കുന്ന ഉത്തരവാദിത്തബോധവും രാജ്യകൂറും തിരിച്ച് കാണിക്കാന്‍ സര്‍ക്കാരുകള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വേണ്ടത്ര സാധിക്കുന്നില്ലെന്നതാണ് യാഥാര്‍ത്ഥ്യം.
ഗള്‍ഫ് നാടുകളില്‍ നൂറിലധികം മലയാളി കൂട്ടായ്മകൾ പ്രവര്‍ത്തിക്കുന്നുണ്ട്. മുഖ്യധാര രാഷ്ട്രീപ്പാര്‍ട്ടികളുടെ ഉള്‍പ്പെടെയുള്ള കൂട്ടായ്മകളുടെ സംഘടനയിലെ അംഗങ്ങളെയും അനുഭാവികളെയും നേരില്‍ കണ്ട് പരമാവധിയാളുകളെ നാട്ടിലയക്കാൻ ശ്രമം നടത്തിക്കൊണ്ടിരിക്കുന്നു. വലിയ സാമ്പത്തിക ചിലവ് വരുന്ന കാര്യമാണിത്. ഗള്‍ഫ് മേഖലയില്‍നിന്ന് ഇരുപതിനായിരം പേരെങ്കിലും നാട്ടിലെത്തി വോട്ടുചെയ്യാന്‍ വിമാനടിക്കറ്റെടുത്ത് കഴിഞ്ഞെന്നാണ് അനൗദ്യോഗിക കണക്കുകള്‍.
പ്രവാസി വോട്ടവകാശം എന്ന ആവശ്യം ഏറ്റവും ശക്തമായി ഉയര്‍ന്നു വന്നത് 2003 മുതലാണ്. ‘പ്രവാസി ഭാരതീയ ദിവസ്’ ആരംഭിച്ചത് മുതല്‍ തപാല്‍ ബാലറ്റുകളിലൂടെയോ പ്രോക്സി വോട്ടിലൂടെയോ അല്ലെങ്കില്‍ ഓണ്‍ലൈന്‍ വോട്ടിങ്ങിലൂടെയോ ഇന്ത്യന്‍ തിരഞ്ഞെടുപ്പുകളില്‍ വോട്ടുചെയ്യാനുള്ള അവകാശം പ്രവാസികള്‍ക്ക് നല്‍കണം എന്ന ആവശ്യം ശക്തമായി ചര്‍ച്ചകളിലേക്ക് കടന്നു വന്നു
ഒണ്‍ലൈന്‍ വോട്ട് പ്രോക്‌സി വോട്ട് വഴി ഇന്ത്യന്‍ പൗരന്മാര്‍ക്ക് വിദേശത്ത് നിന്നും സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം സര്‍ക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാവണമെന്നതാണ് ദീര്‍ഘകാലമായുള്ള ആവശ്യം. ഇതില്‍ തിരഞ്ഞടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരുമാണ് മുന്‍കൈ എടുക്കേണ്ടത്. സുപ്രീം കോടതി പോലും ഇക്കാര്യത്തില്‍ അനുകൂല തീരുമാനമെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. എന്നിട്ടും അനുകൂല വിധിയുണ്ടായില്ല.
ഗള്‍ഫില്‍ ജോലി ചെയ്യുന്ന മറ്റു വിദേശരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ വോട്ടിങ് ചെയ്യാനുള്ള സംവിധാനമുണ്ട്. ഫിലിപ്പൈന്‍സുകാര്‍ അവരുടെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇ -വോട്ടിങ് നടത്തിയാണ് മുന്നോട്ടു പോകുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാനദണ്ഡങ്ങള്‍ക്ക് വിധേയമായി നിര്‍മ്മിക്കുന്ന ഒരു ഡിജിറ്റല്‍ ബാലറ്റ് ആണ് അവര്‍ക്കുള്ളത്.
ആറുമാസം എങ്കിലും വിദേശരാജ്യത്ത് ജോലി ചെയ്തിട്ടുള്ളവരാണെന്ന് തെളിയിക്കുന്ന രേഖകള്‍ കൊടുത്താല്‍ അവരെ ഡിജിറ്റല്‍ വോട്ടേഴ്സ് ലിസ്റ്റില്‍ ചേര്‍ക്കും. അവരുടെ ഇ-മെയില്‍ വിലാസങ്ങളില്‍ ഇ-ബാലറ്റ് ഇലക്ഷന്‍ ദിവസങ്ങളില്‍ അയച്ചുകൊടുത്ത് രഹസ്യ പിന്‍നമ്പറും നല്‍കി ബാലറ്റില്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് തന്നെ വോട്ട് രേഖപ്പെടുത്തി ഇ-മെയില്‍ വഴി തിരികെ അയക്കണം. ഈ രീതി ഇന്ത്യയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗീകരിച്ചതുമാണ്.
ഇന്ത്യയിലെ തിരഞ്ഞെടുപ്പ് നടത്തിപ്പിനെ നിയന്ത്രിക്കുന്നത്തിനുവേണ്ടി 1950-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ ജനപ്രാതിനിധ്യ നിയമം, വോട്ടര്‍മാര്‍ അവരുടെ മണ്ഡലങ്ങളില്‍ സാധാരണ താമസക്കാരായിരിക്കണമെന്ന് പ്രത്യേകം എടുത്തു പറഞ്ഞതിനാല്‍ പ്രവാസികള്‍ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ നിന്നും ഒഴിവാക്കപ്പെടുകയാണുണ്ടായത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല