1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2024

സ്വന്തം ലേഖകൻ: പ്രവാസി സമൂഹത്തിന് ജീവിക്കാന്‍ ഏറ്റവും മോശമായ രാജ്യമായി തെരഞ്ഞെടുക്കപ്പെട്ട് വീണ്ടും കുവൈത്ത്. ഇന്‍റര്‍നാഷന്‍സ് ഡോട്ട് ഓര്‍ഗ് നടത്തിയ 2024 ലെ എക്സ്പാറ്റ് ഇന്‍സൈഡര്‍ സര്‍വേ പ്രകാരമാണിത്. തുടര്‍ച്ചയായ ഏഴാം തവണയായ ഏജന്‍സിയുടെ വാര്‍ഷിക സര്‍വേയില്‍ പ്രവാസികളുടെ കാര്യത്തില്‍ ഏറ്റവും മോശം രാജ്യമായി കുവൈത്ത് തെരഞ്ഞെടുക്കപ്പെടുന്നത്.

53 രാജ്യങ്ങളിലെ പ്രവാസി അനുഭവങ്ങള്‍ താരതമ്യം ചെയ്യുന്ന സര്‍വേ, സാമൂഹിക ഏകീകരണം, തൊഴില്‍-ജീവിത സന്തുലിതാവസ്ഥ, ജീവിതനിലവാരം തുടങ്ങിയ മേഖലകളില്‍ കുവൈത്ത് ഏറെ പിറകിലാണെന്ന് വ്യക്തമാക്കുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ കറന്‍സിയുള്ള സാമ്പത്തിക ശക്തിയാണെങ്കിലും, പ്രവാസികളെ ആകര്‍ഷിക്കുന്നതിലും നിലനിര്‍ത്തുന്നതിലും കുവൈത്ത് ഗുരുതരമായ വെല്ലുവിളികള്‍ നേരിടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യുഎഇയാണ് മേഖലയില്‍ പ്രവാസികള്‍ക്ക് ഏറ്റവും മികച്ച ജീവിത സാഹചര്യമൊരുക്കുന്ന രാജ്യം. ആഗോള പട്ടികയില്‍ പത്താം സ്ഥാനത്തുള്ള യുഎഇയുടെ പ്രവാസി അനുകൂല സമീപനങ്ങളും മികച്ച അടിസ്ഥാന സൗകര്യങ്ങളും ഉയര്‍ന്ന ജീവിത നിലവാരവുമാണ് ഈ നേട്ടത്തിന് അര്‍ഹമാക്കിയത്. സ്ഥിരതാമസമാക്കാനുള്ള എളുപ്പവും കരിയര്‍ സാധ്യതകളും ഇക്കാര്യത്തില്‍ യുഎഇക്ക് സഹായകമായി.

പ്രവാസികളുടെ പ്രാദേശിക സാമൂഹികവുമായുള്ള സംയോജനത്തില്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും പ്രവാസികള്‍ക്ക് ശക്തമായ തൊഴില്‍ അവസരങ്ങളും ഉയര്‍ന്ന ജീവിത നിലവാരവും വാഗ്ദാനം ചെയ്യുന്ന രാജ്യമെന്ന നിലയില്‍ ഖത്തറാണ് ജിസിസി രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത്. മികച്ച റാങ്കിങ്ങില്‍ ഇല്ലെങ്കിലും, സാമൂഹിക പരിഷ്‌കരണങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സൗദി അറേബ്യ കൂടുതല്‍ പ്രവാസി സൗഹൃദമായെന്നും സര്‍വേ ഫലം വ്യക്തമാക്കുന്നു. എന്നിരുന്നാലും, സാംസ്‌കാരിക പ്രതിബന്ധങ്ങളും ബ്യൂറോക്രസിയും തടസ്സങ്ങളായി തുടരുന്നു.

ഗള്‍ഫ് മേഖലയിലെ പ്രവാസി സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന ബഹ്‌റൈനിലെ ശാന്തമായ അന്തരീക്ഷവും പ്രാദേശിക സമൂഹവുമായി ഇടപഴകുന്നതിലുള്ള എളുപ്പവുമാണ് പ്രധാന പ്ലസ് പോയിന്‍റുകള്‍. ഗള്‍ഫ് അയല്‍ക്കാരുമായി താരതമ്യം ചെയ്യുമ്പോള്‍ ഒമാനിലെ സമാധാനപരമായ ജീവിതമാണ് നേട്ടമായി എടുത്തുകാണിക്കപ്പെടുന്നത്. എന്നാല്‍ യുഎഇയെയോ ഖത്തറിനെയോ അപേക്ഷിച്ച് തൊഴിലവസരങ്ങള്‍ പരിമിതമാണെന്നത് വെല്ലുവിളിയാണ്.

കുവൈത്തിലെ ദൈര്‍ഘ്യമേറിയ ജോലി സമയവും ഉയര്‍ന്ന തൊഴില്‍ സമ്മര്‍ദ്ദവുമാണ് പ്രവാസികള്‍ക്ക് ഏറ്റവും വലിയ വെല്ലുവിളിയായി നിലനില്‍ക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, പ്രാദേശിക സമൂഹവുമായി ഇഴുകിച്ചേരാനും അവരില്‍ നിന്ന് സുഹൃത്തുക്കളെ ഉണ്ടാക്കുന്നതിലും പ്രവാസികള്‍ക്ക് ഏറെ ബുദ്ധിമുട്ടാണെന്നും സര്‍വേ കണ്ടെത്തി.

പ്രവാസികളെ മനസ്സ് തുറന്ന് സ്വാഗതം ചെയ്യുന്ന കാര്യത്തില്‍ ഏറെ പിറകിലാണ് കുവൈത്ത്. കര്‍ക്കശമായ വീസയും റെസിഡന്‍സി പോളിസികളും പ്രവാസി ജീവിതത്തിന്‍റെ സമ്മര്‍ദ്ദം വർധിപ്പിക്കുന്ന മറ്റും ഘടകങ്ങളാണ്.

2024ല്‍ പ്രവാസികള്‍ക്കായുള്ള മികച്ച 10 രാജ്യങ്ങള്‍ പനാമ, മെക്‌സിക്കോ, ഇന്തോനേഷ്യ, സ്‌പെയിന്‍, കൊളംബിയ, തായ്‌ലന്‍ഡ്, ബ്രസീല്‍, വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, യുഎഇ എന്നിവയാണ്. അതേസമയം പട്ടികയില്‍ ഏറ്റവും താഴെയുള്ള 10 രാജ്യങ്ങള്‍ കുവൈത്ത്, തുര്‍ക്കി, ഫിന്‍ലാന്‍ഡ്, ജർമനി, കാനഡ, നോര്‍വേ, ഇറ്റലി, മാള്‍ട്ട, അയര്‍ലന്‍ഡ്, ബ്രിട്ടന്‍ എന്നിവയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.