1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 6, 2024

സ്വന്തം ലേഖകൻ: ഖത്തറിലെ പ്രവാസി സര്‍വകലാശാലാ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്തെ സ്വകാര്യ കമ്പനികളില്‍ മികച്ചതും അനുയോജ്യമായതുമായ തൊഴിലവസരങ്ങള്‍ കണ്ടെത്തി നല്‍കുന്നതിന് പുതിയ റിക്രൂട്ട്‌മെന്റ് പ്ലാറ്റ്‌ഫോം വരുന്നു. തൊഴില്‍ മന്ത്രാലയം, ഗൂഗിള്‍ ക്ലൗഡ്, മന്നാഈ ഇന്‍ഫോടെക് എന്നിവയുമായി സഹകരിച്ചാണ് ഉഖൂല്‍ എന്ന പേരില്‍ പുതിയ പ്ലാറ്റ്‌ഫോം വരുന്നത്.

വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കാനും അവരുടെ കഴിവിനും അഭിരുചിക്കും അനുസൃതമായ ജോലി തെരഞ്ഞെടുക്കാനും ഉള്‍പ്പെടെ സഹായിക്കുന്ന രീതിയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നതാണ് പുതിയ പ്ലാറ്റ്ഫോമെന്ന് മന്ത്രാലയം പ്രഖ്യാപിച്ചു. ഖത്തറിലെ സര്‍വ്വകലാശാലകളില്‍ നിന്നുമുള്ള വിദ്യാര്‍ഥികള്‍ക്ക് സ്വകാര്യ മേഖലയിലെ കമ്പനികളില്‍ മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

റിക്രൂട്ട്മെന്റ് പ്രക്രിയ കാര്യക്ഷമമാക്കുന്നതിന് ഗൂഗ്ള്‍ ക്ലൗഡ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യകളുടെ സഹായം തേടും. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവുകള്‍ക്കും തൊഴില്‍ അഭിലാഷങ്ങള്‍ക്കും അനുയോജ്യമായ ജോലികള്‍ കണ്ടെത്തുന്നത് എളുപ്പമാക്കുമെന്നും പുതിയ സംരംഭത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ട് തൊഴില്‍ മന്ത്രാലയത്തിലെ മൈഗ്രന്റ് ലേബര്‍ അഫയേഴ്സ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ നജ്വ ബിന്‍ത് അബ്ദുല്‍റഹ്മാന്‍ അല്‍താനി പറഞ്ഞു.

ഖത്തറിലെ ലോകോത്തര സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി പുറത്തിറങ്ങുന്ന വിദ്യാര്‍ഥികളുടെ കഴിവുകള്‍ പ്രയോജനപ്പെടുത്താന്‍ പ്രാദേശിക തൊഴില്‍ വിപണിയെ സഹായിക്കാന്‍ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

തൊഴില്‍ വിപണിയിലെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ നൈപുണ്യ വികസനം സാധ്യമാക്കാനും ഇത് വഴിയൊരുക്കും. ഖത്തറിലെ സര്‍വകലാശാലകളില്‍ നിന്നുള്ള പ്രവാസി ബിരുദധാരികള്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക, അവരുടെ മൊത്തത്തിലുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുക എന്നിവയാണ് ഉഖൂല്‍ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനം, തൊഴിലുകള്‍ പോസ്റ്റ് ചെയ്യാനുള്ള സൗകര്യം, സെര്‍ച്ച് ഫംഗ്ഷനുകള്‍, അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്കുള്ള വിപുലമായ ഡാഷ്ബോര്‍ഡ് തുടങ്ങിയവ സൗകര്യങ്ങള്‍ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ഉദ്യോഗാര്‍ത്ഥികളുടെ എഐയുടെ സഹായത്തോടെ മികച്ച റെസ്യൂമെകള്‍ തയ്യാറാക്കാന്‍ ഇതിലൂടെ കഴിയും. അന്വേഷണങ്ങള്‍ക്കും പിന്തുണയ്ക്കും ചാറ്റ്‌ബോട്ടുകളുടെ സേവനവും ലഭിക്കും.

ഖത്തറിലെ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടുന്ന പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ യൂണിവേഴ്സിറ്റി ഐഡികള്‍ ഉപയോഗിച്ച് ഉഖൂല്‍ പ്ലാറ്റ്‌ഫോമില്‍ വ്യക്തിഗത പ്രൊഫൈലുകള്‍ സൃഷ്ടിക്കാന്‍ കഴിയും. പ്ലാറ്റ്ഫോമിലെ വ്യക്തിത്വ പരിശോധന അവര്‍ക്ക് ഏറ്റവും അനുയോജ്യമായ തൊഴില്‍ പാതകള്‍ തിരിച്ചറിയാന്‍ സഹായിക്കും.

കമ്പനികളുമായി ബന്ധപ്പെടാനും പ്ലാറ്റ്ഫോമിലെ പഠന കേന്ദ്രത്തില്‍ പുതിയ കഴിവുകള്‍ പഠിക്കാനും ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്താനും ചര്‍ച്ചകള്‍ നടത്താനും സംയോജിത തൊഴില്‍ മന്ത്രാലയത്തിന്റെ ഏകീകൃത പോര്‍ട്ടലിലൂടെ കരാറുകളില്‍ ഒപ്പിടാനും ഉദ്യോഗാര്‍ത്ഥികളെ ഇത് അനുവദിക്കുന്നു.

തൊഴിലവസരങ്ങള്‍ പ്രസിദ്ധീകരിക്കാനും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളെ തിരയാനും ദ്രുതഗതിയിലുള്ള റിക്രൂട്ട്മെന്റ് പ്രക്രിയകള്‍ നിയന്ത്രിക്കാനും പ്ലാറ്റ്‌ഫോമിലൂടെ സ്വകാര്യമേഖലാ കമ്പനികള്‍ക്കും സാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.