സ്വന്തം ലേഖകൻ: രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിന് എടുക്കാന്‍ മുന്നോട്ടുവരണമെന്ന ആഹ്വാനവുമായി സൗദി ആരോഗ്യ മന്ത്രാലയം. ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക ആപ്പായ സിഹത്തീ ആപ്ലിക്കേഷനിലെ ‘സീസണല്‍ ഇന്‍ഫ്ളുവന്‍സ വാക്സിന്’ സേവനത്തിലൂടെ വാക്സിനേഷന് അപ്പോയിന്റ്മെന്റിനായി ബുക്ക് ചെയ്യാം.
വൈറസിന്റെ തുടര്‍ച്ചയായ മാറ്റം കാരണം വര്‍ഷം തോറും വാക്സിന് ഡോസ് എടുക്കുകയെന്നത് പ്രധാനമാണെന്ന് മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. രോഗങ്ങള്‍ക്കും ഗുരുതരമായ അണുബാധയുടെ സങ്കീര്‍ണതകള്‍ക്കും എതിരായ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് പ്രായമായ ആളുകള്‍ പ്രത്യേകിച്ചും സീസണല്‍ വാക്സിനുകള്‍ എടുക്കാന്‍ മുന്നോട്ടുവരണമെന്നും മന്ത്രാലയം അഭ്യര്‍ഥിച്ചു.
കാലാവസ്ഥയുമായി ബന്ധപ്പെട്ട പകര്‍ച്ചപ്പനി ഏറ്റവും കൂടുതല്‍ ആരോഗ്യ സങ്കീര്‍ണതകള്‍ സൃഷ്ടിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. പ്രതിരോധശേഷി ദുര്‍ബലപ്പെടുത്തുന്ന മരുന്നുകള്‍ കഴിക്കുന്നവര്‍, 50 വയസും അതിനുമുകളിലും പ്രായമുള്ളവര്‍, 6 മാസത്തിനും 5 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍, ഗര്‍ഭിണികളായ സ്ത്രീകള്‍, പൊണ്ണത്തടിയുള്ള ആളുകള്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നിവര്‍ എന്നിവര്‍ നിര്‍ബന്ധമായും വാക്സിന് എടുക്കണം. ഇവര്‍ക്ക് വാക്സിന് ലഭിക്കുന്നുവെന്ന കാര്യം വീട്ടിലെ മറ്റുള്ളവര്‍ ശ്രദ്ധിക്കണം.
ഇന്‍ഫ്ളുവന്‍സ വാക്സിന് സുരക്ഷിതവും അത് എടുക്കേണ്ടത് അനിവാര്യവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രത്യേകിച്ച് മേല്‍പ്പറഞ്ഞ ഗ്രൂപ്പുകള്‍ക്ക്, ഗുരുതരമായ രോഗ സങ്കീര്‍ണതകള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നതിനും അതുമൂലമുണ്ടാകുന്ന മരണ സാധ്യത ഇല്ലാതാക്കുന്നതിനും ഇത് വളരെ ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
വാക്സിന് എടുക്കുക, കൈകള്‍ നന്നായി കഴുകുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോള്‍ ടിഷ്യൂകള്‍ ഉപയോഗിക്കുക, പരിസര ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുകയും പ്രധാനമാണ്. ഗുരുതരമായ രോഗലക്ഷണങ്ങളില്‍ നിന്ന് സംരക്ഷണം നേടാന്‍ വാക്സിന് എടുക്കുന്നതിലൂടെ സാധിക്കും.
വാക്സിനേഷന് എടുത്ത ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും അതുവഴി അണുബാധയുടെ നിരക്കും സീസണല്‍ ഇന്‍ഫ്ളുവന്‍സ കാരണം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന ആളുകളുടെ എണ്ണം കുറയ്ക്കുകയും ചെയ്യുകയാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ലക്ഷ്യം. സൗദിയെ പോലെ മറ്റു ജീസിസി രാജ്യങ്ങളും ഫ്ലൂ വാക്സിൻ എടുക്കാൻ രാജ്യത്തെ ജനങ്ങളോടും , പ്രവാസികളോടും ആഹ്വാസം ചെയ്തിട്ടുണ്ട്. വാക്സിൻ എടുക്കുന്നത് എപ്പോഴും നല്ലതാണ്. പ്രതിരോധ ശേഷി കൂട്ടാൻ ഇതിലൂടെ സാധിക്കും. കുട്ടികൾക്ക് , പ്രായമായവർക്കും മുൻഗണന നൽകണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല